Sorry, you need to enable JavaScript to visit this website.

കിഫ്ബി മുതൽ കെ.എസ്.എഫ്.ഇ വരെ 

തീർത്തും അസാധാരണമായ കാര്യങ്ങളാണ് കേരള ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം എന്ന പാർട്ടിയിലും സർക്കാരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. ധനമന്ത്രി തോമസ് ഐസക് അതിനെതിരെ പരസ്യമായി രംഗത്തു വരുന്നു, പരിശോധനക്ക് പിന്നിൽ ആരുടെ വട്ടാണ് എന്ന തരത്തിൽ രൂക്ഷമായ വിമർശനമുയർത്തുന്നു. 
വിജിലൻസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിനാണെന്നറിഞ്ഞുകൊണ്ടുള്ള ഒളിയമ്പായിരുന്നു ഐസക്കിന്റേത്. അതിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വതഃസിദ്ധമായ ശൈലിയിൽ കാർക്കശ്യത്തോടെയും പരസ്യമായും തന്നെ മറുപടി നൽകുന്നു. വിജിലൻസ് റെയ്ഡ് സ്വാഭാവിക നടപടിക്രമം എന്നായിരുന്നു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. അതോടെ തോമസ് ഐസക്കും അദ്ദേഹത്തെ പിന്തുണച്ച ആനത്തലവട്ടം ആനന്ദനെ പോലുള്ള നേതാക്കളും മാളത്തിലൊളിക്കുന്നു. 
പാർട്ടിയിൽ തനിക്കെതിരെ പടയൊരുക്കം നടത്തിയ ഐസക്കിനെ പിണറായി വിജയൻ മലർത്തിയടിച്ചു എന്ന തരത്തിലാണ് മാധ്യമങ്ങളുടെ പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഐസക്കിനെ മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി മുതൽ അങ്ങ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വരെയുള്ള എതിർ ശബ്ദങ്ങളെയെല്ലാം ഒറ്റയടിക്ക് നിശ്ശബ്ദമാക്കാൻ പിണറായി നടത്തിയ ആസൂത്രിത നീക്കമായിരുന്നോ കെ.എസ്.എഫ്.ഇ റെയ്ഡ് നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 


സി.പി.എമ്മിൽ അടുത്ത കാലത്തായി പിണറായി വിജയന്റെ പിടി അയയുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയും മുതൽ ഏറ്റവുമൊടുവിൽ സർക്കാരിനും സി.പി.എമ്മിനും ദേശീയ തലത്തിൽ തന്നെ ഏറെ നാണക്കേടുണ്ടാക്കിയ പത്രമാരണ ഓർഡിനൻസ് വരെ ആകെ ചെളിയിൽ മുങ്ങിയ അവസ്ഥയിലായിരുന്നു മുഖ്യമന്ത്രി. 
പോളിറ്റ് ബ്യൂറോ മുതൽ താഴെ തട്ടിലുള്ള പല കമ്മിറ്റികളിലും പിണറായിക്കെതിരെ നേതാക്കൾ വിമർശനമുയർത്തുന്നതായും വാർത്തകളുണ്ടായി. ഒരു വേള പിണറായിയെ മുഖ്യമന്ത്രി പദത്തിൽനിന്ന് പാർട്ടി ഒഴിവാക്കുമെന്നു വരെ അമിതാവേശക്കാരായ ചില മാധ്യമങ്ങൾ ഭാവന പുറത്തു വിട്ടു. ഈയൊരു ഘട്ടത്തിൽ സി.പി.എമ്മിൽ താൻ പറയുന്നതാണ് അവസാന വാക്ക് എന്ന് പാർട്ടി പ്രവർത്തകരെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയുമെല്ലാം ബോധ്യപ്പെടുത്താൻ പിണറായിക്ക് ഒരവസരം അത്യാവാശ്യമായിരുന്നു. 


സി.പി.എം പോലുള്ള ഒരു കേഡർ പാർട്ടിയിൽ പരസ്യ കലഹം പതിവുള്ളതല്ല. എന്നാൽ തീർത്തും പുതുമയുള്ള കാര്യവുമല്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിലുള്ള പരസ്യ പോര് പാർട്ടി അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരുന്നു. 
ഒടുവിൽ രണ്ടുപേരെയും പോളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കേണ്ട അവസ്ഥവരെ അഖിലേന്ത്യാ നേതൃത്വത്തിനുണ്ടായി. പിണറായി പിന്നീട് പി.ബിയിൽ തിരിച്ചെത്തിയെങ്കിലും വി.എസിന് പിന്നീട് ആ പടി കടക്കാനായില്ല. ഇന്ന് പിണറായിയുടെ ദയാദാക്ഷിണ്യത്തിൽ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന അലങ്കാര പദവിയും വഹിച്ചു കഴിയുകയാണ് വി.എസ്. അതും അധികാരക്കൊതിയൻ എന്ന പരിഹാസവും പേറി. വി.എസിനെ പോലൊരു മഹാമേരുവിനെ ഒതുക്കിയ പിണറായിക്ക് ഈ ഐസക്കൊക്കെ എന്ത്.


പാർട്ടിയിൽ പിണറായിക്കെതിരെ അപശബ്ദം പോയിട്ട് ചെറിയൊരു മൂളൽ പോലുമില്ലാതിരുന്ന സമയത്താണ് മുഖ്യമന്ത്രിക്കും സർക്കാരിനും ഒരേസമയം ഇരുട്ടടിയായി സ്വർണക്കടത്ത് സംഭവം പുറത്തു വരുന്നത്. പിന്നാലെ ലൈഫ് മിഷൻ അഴിമതി, ഈത്തപ്പഴം ഇറക്കുമതി, ഖുർആൻ ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട സംശയകരമായ ഇടപാടുകൾ, ഡോളർ കടത്ത് തുടങ്ങിയ വിവരങ്ങളും പുറത്തു വന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ-ഫോൺ, ഇ മൊബിലിറ്റി, സ്മാർട്ട് സിറ്റി തുടങ്ങിയവയിലേക്കും നീണ്ടു. എല്ലാത്തിലും മുഖ്യ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആഴ്ചകളായി ജയിലിലാണ്. അടുത്തത് മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ്. അതു കഴിഞ്ഞാൽ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ അന്വേഷണം എത്തുമെന്ന് വാർത്തകൾ പുറത്തു വരുന്നു. വിശ്വസിക്കാനാവാതെ സി.പി.എം അണികൾ ഞെട്ടിത്തരിച്ചിരിക്കുന്നു. 


ഇതിനിടയിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് മയക്കുമരുന്ന്, കള്ളപ്പണ കേസിൽ അറസ്റ്റിലാവുന്നത്. അതിന്റെ അന്വേഷണത്തിൽ വ്യക്തമാവുന്നതാവട്ടെ, ബിനീഷ് കേരളം കണ്ട ഏറ്റവും വലിയ അധോലോക നായകനാണെന്ന തരത്തിലുള്ള വിവരങ്ങളാണ്. പിടിച്ചുനിൽക്കാനാവാവതെ കോടിയേരിക്ക് സ്ഥാനമൊഴിയേണ്ടിവന്നു. അനാരോഗ്യമാണ് കാരണം പറഞ്ഞതെങ്കിലും.
കോടിയേരി പോയതുപോലെ പിണറായിയും പുറത്തു പോകേണ്ടിവരുമെന്ന തരത്തിലുള്ള അഭ്യൂഹം വൈകാതെ പുറത്തു വന്നു.  ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനെന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും, എന്തിന് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾക്കുപോലും കൂച്ചുവിലങ്ങിടുന്ന കരിനിയമവുമായി സർക്കാർ രംഗത്തു വന്നത്. ഇതിനെതിരെ അതിരൂക്ഷമായ എതിർപ്പാണ് ദേശവ്യാപകമായി തന്നെ ഉയർന്നത്. 


പാർട്ടിക്കുള്ളിലും ശക്തമായ എതിർപ്പുയർന്നു. യെച്ചൂരിയും എം.എ. ബേബിയും പരസ്യമായി രംഗത്തു വന്നു. അതോടെ 48 മണിക്കൂറിനുള്ളിൽ ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. പിണറായയിയെ സംബന്ധിച്ചിടത്തോളം കേട്ടുകേൾവി ഇല്ലാത്തതായിരുന്നു ആ തോൽവി. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന് പിണറായിക്ക് ബോധ്യമായി. ഇതിനൊരു അവസാനം കുറിക്കണമെന്ന് കണക്കകൂട്ടി തന്നെയാവണം പിണറായി ഇപ്പോൾ ഐസക്കിനെ ലക്ഷ്യം വെച്ചത്.
കിഫ്ബി വിഷയത്തിൽ സി.എ.ജിക്കെതിരെ എടുത്തുചാടി പ്രതികരിച്ച് സെൽഫ് ഗോളടിച്ചുനിൽക്കുകയായിരുന്നല്ലോ ഐസക്. നിയമസഭയിൽ വെക്കേണ്ട സി.എ.ജി റിപ്പോർട്ട് നേരത്തെ പുറത്തുവിട്ട് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് മാത്രമല്ല, റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തി താനൊരു അഴിമതിക്കാരനാണെന്ന ധാരണ പൊതുജനങ്ങളിൽ അദ്ദേഹം തന്നെ ഉണ്ടാക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിൽ ഇതുപോലുള്ള മണ്ടത്തരങ്ങൾ സമീപകാലത്തെങ്ങും ആരെങ്കിലും ചെയ്തതായി അറിവില്ല. സി.എ.ജിയെ ചൊറിയുന്നതിനിടെ ലാവ്‌ലിൻ അഴിമതിക്കേസ് എടുത്തിട്ട് ഡബിൾ ബ്ലണ്ടറും കാട്ടി അദ്ദേഹം.


കെ.എസ്.എഫ്.ഇയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് 36 കെ.എസ്.എഫ്.ഇ ശാഖകളിൽ ഒരേ സമയം മിന്നൽ റെയ്ഡ് നടത്തിയത്. ക്രമക്കേട് സംബന്ധിച്ച തെളിവകുൾ വിജിലൻസിന് ലഭിക്കുകയും ചെയ്തു. റെയ്ഡിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് വിജിലൻസ് തന്നെയാണ്. അതിൽനിന്നു തന്നെ അതൊരു രാഷ്ട്രീയ നീക്കമെന്ന് വ്യക്തം. അത് മനസ്സിലാക്കാനാവാതെ ഐസക് വീണ്ടും മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും തോമസ് ഐസക്കിനെതിരെ തിരിഞ്ഞു. 
പാർട്ടിയിലെ നിയന്ത്രണം ഒന്നുകൂടി ഉറപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ നീക്കമാണെങ്കിലും അതിത്രത്തോളം അനായാസം വിജയം നേടുമെന്ന് പിണറായി പോലും കരുതിയിട്ടുണ്ടാവില്ല. മുഖ്യമന്ത്രിയുടെ ഒരൊറ്റ പത്രസമ്മേളനം കൊണ്ടു തന്നെ ഐസക് സീറോ ആയി. ഇ.പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും പിണറായിയുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചു. കിട്ടിയ ചാൻസിൽ ജി. സുധാകരൻ തോമസ് ഐസക്കിന് പണി കൊടുത്തു. ചുരുക്കത്തിൽ പിണറായിക്ക് പകക്കരാരനായി ആരൊക്കെയോ ഉയർത്തിക്കൊണ്ടുവന്ന ഐസക് തേഞ്ഞരഞ്ഞു. ഐസക്കിനെ മുൻനിർത്തി പിണറായിക്കെതിരെ കലാപത്തിന് ശ്രമിച്ചവരും. 


കൂടെയുള്ളവരെ ഒതുക്കുന്നതിന് പോലീസിനെയും വിജിലൻസിനെയുമെല്ലാം സമർഥമായി ഉപയോഗിച്ച കോൺഗ്രസുകാരായ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ശൈലിയാണ് പിണറായി വിജയൻ കടം കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ കാര്യത്തിൽ എതിർപ്പുകളെ കൂസാത്ത കരുണാകരന്റെ ശൈലിയായിരുന്നല്ലോ പിണറായി ഇത്ര കാലവും പിന്തുടർന്നിരുന്നത്.
ഇനിയിപ്പോൾ അറിയേണ്ടത് യുദ്ധത്തിൽ തോറ്റ ഐസക് കളം വിടുമോയെന്നാണ്. അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ പാർട്ടിയിൽ ഒറ്റപ്പെട്ട, സ്പീക്കർക്ക് വിശ്വാസമില്ലാത്ത ഐസക് മന്ത്രിസ്ഥാനം  രാജിവെക്കുകയാണ് ചെയ്യേണ്ടത്. രാജിവെച്ചാലും ഇല്ലെങ്കിലും പിണറായിക്കു മുന്നിൽ അദ്ദേഹത്തിന് ഇനി തല പൊക്കാനൊക്കില്ല.

Latest News