Sorry, you need to enable JavaScript to visit this website.

തൊഴിലാളികളുടെ  അവകാശങ്ങൾക്ക് പൂർണ സംരക്ഷണം  

ദേശീയ പരിവർത്തന പദ്ധതിയുടെയും വിഷൻ 2030 ന്റെയും ഫലമായി സൗദി അറേബ്യയിൽ സർവ മേഖലകളിലും പരിഷ്‌കരണവും ലോക നിലവാരത്തിനനുസൃതായ മാറ്റങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ആകർഷകമായത് തൊഴിൽ രംഗമാണ്. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നതോടൊപ്പം സ്വദേശി, വിദേശി വ്യത്യാസമില്ലാതെ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികൾ ഇതിൽ ശ്രദ്ധേയമാണ്. 


കോവിഡ് പ്രതിസന്ധികളൊന്നും സൗദിയിലെ തൊഴിൽ പരിഷ്‌കരണ നടപടികൾക്ക് വിഘാതമായില്ല. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ചും മുൻനിശ്ചയ പ്രകാരവും തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം വിജയിച്ചു. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ തൊഴിൽ രംഗത്തെ തുല്യത, വേതനം, സ്‌പോൺസർഷിപ് രംഗത്തെ പരിഷ്‌കരണം തുടങ്ങി ഒട്ടേറെ പരിഷ്‌കരണങ്ങൾ മന്ത്രാലയത്തിന് കോവിഡ് കാലത്തും കൊണ്ടുവരാൻ കഴിഞ്ഞു. അതിൽ അവസാനത്തേത് വേതന സുരക്ഷാ പദ്ധതിയുടെ സമ്പൂർണവൽക്കരണമാണ്. ഏഴു വർഷം കൊണ്ട് പതിനേഴ് ഘട്ടങ്ങളായി നടപ്പാക്കിയ പദ്ധതി തൊഴിൽ അവകാശ സംരക്ഷണം കൂടിയാണ്. 


ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ തരംതിരിച്ച് വേതന സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി 2013 സെപ്റ്റംബർ ഒന്നു മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ പരിധിയിൽ വന്നത്. പിന്നീട് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചായിരുന്നു പദ്ധതി നടപ്പാക്കിയിരുന്നത്. അവസാന ഘട്ടമായ പതിനേഴാം ഘട്ടം നവംബർ 30 മതുൽ പ്രാബല്യത്തിൽ വന്നതോടെ ഇതു പൂർത്തിയാവുകയായിരുന്നു. ഇതോടെ സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പേരും വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വന്നു. 


ഒന്നു മുതൽ നാലു വരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളെയാണ് അവസാന ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതിക്കു കീഴിൽ കൊണ്ടുവന്നത്. ഈ വിഭാഗത്തിൽപെട്ട 3.75 ലക്ഷത്തോളം സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇവിടങ്ങളിൽ ലക്ഷക്കണക്കിനു പേരാണ് ജോലി ചെയ്യുന്നത്. കൃത്യമായ വേതനമില്ലായ്മ, വേതനം നൽകുന്നതിലെ താളപ്പിഴകൾ,  തൊഴിൽ സമയക്രമം, ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ നിയമ ലംഘനങ്ങൾ കൂടുതലും നടന്നിരുന്ന മേഖലയാണ് പരമാവധി നാലു തൊഴിലാളികൾ വരെ പണിയെടുക്കുന്ന തൊഴിലിടങ്ങൾ. ആ മേഖല കൂടി വേതന സുരക്ഷാ പദ്ധതിക്കു കീഴിൽ വന്നതോടെ സൗദിയുടെ തൊഴിൽ രംഗം ഏതാണ്ട് പൂർണ തോതിൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടികൾ സാധ്യമാക്കുന്നതാണ് ദീർഘകാലമെടുത്തു നടപ്പാക്കിയ വേതന സുരക്ഷാ പദ്ധതി. 


ഇതു വഴി തൊഴിലാളികൾക്കുണ്ടാകുന്ന നേട്ടങ്ങളിൽ പ്രധാനം വേതന വിതരണത്തിലെ സുതാര്യതയും കാര്യക്ഷമതയുമാണ്. ചെറുകിട സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വളരെ പിന്നിലായിരുന്നു. വേതനം കൃത്യമായി നൽകില്ലെന്നു മാത്രമല്ല, അതു തന്നെ പല തവണകളായി നൽകുന്ന സ്ഥാപനങ്ങളും നിരവധിയാണ്. ഇനി മുതൽ അതു സാധ്യമാവില്ല. നിയമാനുസൃതം കൃത്യസമയത്ത് ഒറ്റത്തവണയായി തന്നെ വേതനം നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. അതു ലംഘിക്കപ്പെടുന്ന തൊഴിലുടമകൾക്കെതിരെ തൊഴിലാളികൾക്ക് വേതന സുരക്ഷാ നിയമ പരിധിയിൽ നിന്നുകൊണ്ട് നിയമാനുസൃത നടപടി സ്വീകരിക്കാം. മറ്റൊന്ന് തൊഴിലാളികളുടെ വേതനം പല കാരണങ്ങൾ പറഞ്ഞ് വെട്ടിക്കുറക്കുന്ന പ്രവണതയാണ്. പല സ്ഥാപനങ്ങളും ഇതിലൂടെ തൊഴിലാളികളെ ചൂഷണം ചെയ്യാറുണ്ട്. തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയാലും മറ്റു പലവിധ സമ്മർദങ്ങളാലും ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും തൊഴിലാളികൾ ഇക്കാര്യം പുറത്തു പറയുകയോ നിയമ നടപടികളിലേക്കു നീങ്ങുകയോ ചെയ്യാറില്ല. വേതന സുരക്ഷാ നിയം പ്രാബല്യത്തിലായതോടെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്ത അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ പിടിക്കാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അടിസ്ഥാന വേതനത്തിന്റെ 20 ശതമാനവും അതിലധികവും വർധിപ്പിക്കലും ഗോസിയിൽ രജിസ്റ്റർ ചെയ്ത വേതനവും അടിസ്ഥാന വേതനവും സമമല്ലാതിരിക്കലും വേതന സുരക്ഷാ പദ്ധതി പ്രകാരം നിയമ ലംഘനങ്ങളാണ്.  


സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ സുരക്ഷിതത്വവും അവകാശ സംരക്ഷണവും ഉറപ്പാക്കുകയാണ് വേതന സംരക്ഷണ പദ്ധതി വഴി മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിൽ രംഗത്തെ സുതാര്യതയും  ഇത് ഉറപ്പു വരുത്തുന്നു. പദ്ധതിക്കു കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും വേതന സുരക്ഷാ പദ്ധതി പാലിക്കാൻ ബാധ്യസ്ഥരാണ്. 
അതല്ലെങ്കിൽ നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾക്കു വിധേയരാവും. ഇത് ഒഴിവാക്കുന്നതിന് ജീവനക്കാരുടെ വേതനം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന ഫയൽ ഓരോ മാസവും സമർപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 


തൊഴിൽ കരാർ പ്രകാരമുള്ള വേതനം തൊഴിലാളികൾക്ക് യഥാസമയം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താനും വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളും തൊഴിലാളികളും തമ്മിൽ ഉടലെടുക്കുന്ന തർക്കങ്ങൾ കുറക്കാനും ഇതുപകരിക്കും. കൂടാതെ സ്വകാര്യ മേഖലയിൽ വ്യത്യസ്ത തൊഴിൽ മേഖലകളിലെ വേതന നിലവാരം കൃത്യമായി മനസ്സിലാക്കാനും മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സഹായിക്കും. 


കൃത്യമായി വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്ക് തൊഴിലാളി ഒന്നിന് മൂവായിരം റിയാൽ വീതം പിഴ ചുമത്താൻ തൊഴിൽ നിയമം അനുശാസിക്കുന്നു. തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്തുവെന്ന് തെളിയിക്കുന്ന വിവരങ്ങൾ എല്ലാ മാസവും സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്താമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതിനു പുറമെ വിവരങ്ങൾ സമർപ്പിക്കുന്നതിൽ മൂന്നു മാസത്തിലേറെ വൈകിയാൽ മന്ത്രാലയത്തിൽനിന്നുള്ള മുഴുവൻ സേവനങ്ങളും നിർത്തിവെക്കും. കൂടാതെ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളികൾക്ക് മറ്റു സ്ഥാപങ്ങളിലേക്ക് മാറുന്നതിനുള്ള അവകാശവും ലഭിക്കും. 


വേതന സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ അവകാശങ്ങൾക്ക് പൂർണ സംരക്ഷണം കൈവന്നിരിക്കുകയാണ്. എല്ലാ അർഥത്തിലും നിയമപരമായ സുരക്ഷിതത്വം. അവസാന ഘട്ടം കൂടി പൂർത്തിയായതോടെ ഏതു രംഗത്തു പണിയെടുക്കുന്നവരായാലും അവരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. 

 

 

Latest News