കല്‍പറ്റ-ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു നാണമില്ലെയെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴക്കേസ് യു.ഡി.എഫ് സര്‍ക്കാര്‍ വിശദമായി അന്വേഷിച്ചതാണ്.അന്നത്തെ ധനമന്ത്രി കെ.എം. മാണി ഒരു തെറ്റും ചെയ്തില്ലെന്നു ബോധ്യപ്പെട്ടു. രമേശ് ചെന്നിത്തലയ്‌ക്കെതിരായ പരാമര്‍ശവും അന്വേഷിച്ചു കഴമ്പില്ലെന്നു കണ്ടതാണ്. ഈ സര്‍ക്കാര്‍ വന്നു അഞ്ചു കൊല്ലത്തോടു അടുക്കുകയാണ്.കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കു മുകളില്‍ ഇത്രയുംകാലം അടയിരുന്ന സര്‍ക്കാരാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണവുമായി വന്നത്.ഇതു നാണക്കേടാണ്.ബാര്‍ കോഴക്കേസില്‍ മാണിസാറും അക്കാലത്തു കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയും നിരപരാധികളാണ്. ബാര്‍ കോഴ വിവാദത്തില്‍ മാണിസാര്‍ നൂറുശതമാനം നിരപരാധിയാണ്. രമേശ് ആ വഴിക്കുപോലും പോയ ആളല്ല.മാണിസാറിന്റെ പാര്‍ട്ടി യു.ഡി.എഫില്‍ ഇല്ലാത്തതുകൊണ്ടു തന്റെ നിലപാടില്‍ മാറ്റമില്ല.ബിജു രമേശിന്റെ ആരോപണം പുതിയ കാര്യമല്ല.ഇതുകൊണ്ടൊന്നും യു.ഡി.എഫിനെ തളര്‍ത്താന്‍ കഴിയില്ല.
സോളാര്‍ കേസുമായി ബന്ധപ്പെട്ടു സത്യം എല്ലാം പുറത്തുവരും. അത് എല്ലാവര്‍ക്കും അറിയാന്‍ സാധിക്കും ഇനിയും കാര്യങ്ങള്‍ വെളിച്ചത്തുവരും എന്നാണ് താന്‍ പറഞ്ഞത്.പുതിയ കാര്യങ്ങള്‍ പുറത്തുവരുമ്പോഴേ അതേക്കുറിച്ചു പറയാനാകൂ.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിനും യു.ഡി.എഫിനും തെരഞ്ഞെടുപ്പു ധാരണയില്ല.കോണ്‍ഗ്രസ് രാഷ്ടീയകാര്യ സമിതിയിലും പിന്നീട് യു.ഡി.എഫിലും എടുത്ത തീരുമാനമാണിത്.യു.ഡി.എഫില്‍ ഘടകകക്ഷികളുമായി മാത്രമാണ് ധാരണ.ഇക്കാര്യത്തില്‍ മാറ്റമില്ല.കിഫ്ബിയുമായി ബന്ധപ്പെട്ട സി ആന്‍ഡ് എജി റിപ്പോര്‍ട്ട് വിവാദം മുഖ്യമന്ത്രിയും ധനമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തീര്‍ക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.