ന്യൂദല്‍ഹി- കൃഷ്ണ ഭഗവാനു വേണ്ടി മൂവ്വായിരത്തോളം മരങ്ങള്‍ വെട്ടിനശിപ്പിക്കരുതെന്ന് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി. മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റര്‍ റോഡ് വീതി കൂട്ടുന്നതിനു വേണ്ടി 2,940 മരങ്ങള്‍ വെട്ടിക്കളയാനുള്ള അനുമതിയാണ് യുപി സര്‍ക്കാര്‍ കോടതിയോട് ചോദിച്ചത്. എന്നാല്‍ ഭഗവാന്റെ പേരില്‍ മരങ്ങള്‍ മുറിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ യുപി പൊതുമരാമത്ത് വകുപ്പിനു വേണ്ടി ഹാജരായ അഭിഭാഷകനോട് വ്യക്തമാക്കി. 138.41 കോടി പിഴയടക്കാമെന്നും വെട്ടിക്കളയുന്നതിന്റെ ഇരട്ടി മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും കോടതി അനുമതി നല്‍കിയില്ല. നൂറു വര്‍ഷം പ്രായമുള്ള ഒരു മരം വെട്ടുന്നതു പോലെയല്ല ഒരു മരത്തൈ നടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവനുള്ള മരങ്ങള്‍ ഓക്‌സിജന്‍ നല്‍കുന്നു. അതിന് വിലയിട്ട് മൂല്യം കണക്കാക്കാന്‍ കഴിയില്ല. മരങ്ങളുടെ ഈ ശേഷി അവയുടെ ആയുസിന്റെ അടിസ്ഥാനത്തിലാണ് മൂല്യം കണക്കാക്കേണ്ടത്- ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗം ബെഞ്ച് വ്യക്തമാക്കി.
ട്രാഫിക് വേഗത വര്‍ധിപ്പിക്കുന്നതിന് മരങ്ങള്‍ മുറിച്ച് റോഡ് വീതി കൂട്ടേണ്ടത് അനിവാര്യമാണെന്ന് യുപി സര്‍ക്കാര്‍ വാദിച്ചെങ്കിലും ഇതും കോടതി അംഗീകരിച്ചില്ല. വേഗത കുറയുകയാണെങ്കില്‍ അത് അപകടങ്ങള്‍ കുറക്കും കൂടുതല്‍ സുരക്ഷിതത്വവും ഉണ്ടാകുമെന്നാണ് കോടതി മറുപടി നല്‍കിയത്.






