Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് സാന്നിധ്യം: ഡി.ഐ.ജി ബൂത്തുകൾ സന്ദർശിച്ചു 

മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ പ്രശ്നബാധിത ബൂത്തുകൾ സന്ദർശിക്കാനെത്തിയ തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രനും സംഘവും

എടക്കര- മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മലയോര മേഖലയിലെ ബൂത്തുകളിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. കേരള-തമിഴ്‌നാട് വനാതിർത്തിയോടു ചേർന്നുള്ള മലപ്പുറം ജില്ലയിലെ വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ബൂത്തുകളിലാണ് ബുധനാഴ്ച വൈകിട്ട് തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം, പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലത, വഴിക്കടവ് പോലീസ് ഇൻസ്‌പെക്ടർ പി. അബ്ദുൽ ബഷീർ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്.


ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള 87 ബൂത്തുകൾ പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എടക്കര, പോത്തുകൽ, വഴിക്കടവ്, കരുവാരകുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, അരീക്കോട്, നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ വനാതിർത്തി മേഖലയിലെ ബൂത്തുകളാണിവ. കരുളായി റേഞ്ചിലെ പടുക്ക വനമേഖലയിൽ രണ്ടു മാവോയിസ്റ്റുകൾ നാലു വർഷം മുമ്പു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അമരമ്പലം വന്യജീവി സങ്കേതവുമയി ചേർന്നുകിടക്കുന്ന പാലക്കാട് സൈലന്റ്‌വാലി, മഞ്ചക്കണ്ടി, വയനാട് ജില്ലയുടെ വനാതിർത്തി പ്രദേശങ്ങളിലും പോലീസുമായുണ്ടായ ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു പതിനാലിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ അക്രമ സാധ്യതയുണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവികൾ പരിശോധന നടത്തിയത്. 


സംസ്ഥാനത്തൊട്ടാകെയുള്ള മലയോര മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ നേരിട്ടു കണ്ടു വിലയിരുത്താനും വീഴ്ചയില്ലാത്തവിധം സുരക്ഷയൊരുക്കുന്നതിനുമാണ് സന്ദർശനമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞു. വോട്ടെടുപ്പിനു മുന്നോടിയായി സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥർക്കു അദ്ദേഹം നിർദേശം നൽകി. വൈകിട്ട് തണ്ണിക്കടവ് എ.യു.പി സ്‌കൂൾ, നാരോക്കാവ് ഹയർ സെക്കന്ററി സ്‌കൂൾ, മരുത ഗവൺമെന്റ് ഹൈസ്‌കൂൾ, കാഞ്ഞിരത്തിങ്ങൽ മദ്രസ, വഴിക്കടവ്, ആനമറി, പൂവത്തിപ്പൊയിൽ എന്നിവിടങ്ങളിലെ ബൂത്തുകളിലും സംഘം സന്ദർശനം നടത്തി.
 

Latest News