Sorry, you need to enable JavaScript to visit this website.

ചുഴലിക്കാറ്റ് ആഘാതം തടയുന്നതിന്  തദ്ദേശസ്ഥാപനങ്ങൾക്ക് മാർഗനിർദേശം

ജാഗ്രതാ നിർദേശത്തെ തുടർന്ന് വിഴിഞ്ഞം തീരത്ത് അടുപ്പിച്ച വള്ളങ്ങൾ.

തിരുവനന്തപുരം - ചുഴലിക്കാറ്റ് ആഘാതം തടയുന്നതിന് എല്ലാ തദ്ദേശസ്ഥാപന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളും ദുരന്ത നിവാരണ ഓറഞ്ച് പുസ്തകം വിശദമായി ഹൃദിസ്ഥമാക്കണമെന്ന് തദ്ദേശവകുപ്പ് മാർഗനിർദേശം നൽകി. ചുഴലിക്കാറ്റ് ഉണ്ടായാൽ ഉറപ്പില്ലാത്ത കെട്ടിടങ്ങളുടെ മേൽക്കൂരകൾ ഊർന്ന് പോകുന്നതിനും പരസ്യബോർഡുകളും ഹോർഡിംഗുകളും നിലംപതിക്കാനും, വൈദ്യുതി തൂണുകൾ വീഴാനും സാധ്യതയുള്ളതിനാലും മനുഷ്യരിലേക്കും മറ്റു ആസ്തികളിലേക്കും വൃക്ഷങ്ങളും ശിഖരങ്ങളും കടപുഴകാനും സാധ്യതയുള്ളതിനാലും മുന്നറിയിപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങൾ എത്തിക്കണം.


ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് ലഭിക്കുന്ന ജാഗ്രത മുന്നറിയിപ്പുകളും, അടിയന്തര സന്ദേശങ്ങളും തദ്ദേശഭരണ വകുപ്പ് സംസ്ഥാനതല, ജില്ലാതല നോഡൽ ഓഫീസർമാർ തത്സമയം വീഴ്ച കൂടാതെ ജില്ലാതല, പ്രാദേശികതല ഓഫീസുകളിലേക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിയമാനുസൃതം കൈമാറണം.
മത്സ്യബന്ധന നിരോധം നിലവിലുണ്ടെങ്കിലും മത്സ്യബന്ധനം നടത്തുന്നവർ കടലിൽ ഉണ്ടാകാം എന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഫിഷറീസ് വകുപ്പുമായി ചേർന്ന് പ്രാദേശിക ജനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മീൻപ്പിടിത്തക്കാരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് കൈമാറണം. ഇതിനായി താഴെപ്പറയുന്ന അടിയന്തരനടപടികൾ കൈക്കൊള്ളണം.


ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ദുർബല മേൽക്കൂരയോട് കൂടിയതും അപകടകരമായ അവസ്ഥയിലുള്ളതും വെള്ളപ്പൊക്കത്തിന്റെ ആഘാതം ഉണ്ടാകാൻ സാധ്യതയുള്ളതുമായ വീടുകളെ അടിയന്തരമായി പട്ടികയിൽപ്പെടുത്തി മുൻകരുതൽ നടപടിയായി താമസക്കാരെ സുരക്ഷിതമായി മാറ്റി സ്ഥാപിക്കണം.
അനധികൃത പരസ്യബോർഡുകളും ഹോർഡിംഗുകളും എടുത്തുമാറ്റണം. നിയമാനുസൃതമുള്ള പരസ്യബോർഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. അപകടകരമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ, ലൈനുകൾ എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തി അവ ബലപ്പെടുത്താൻ വൈദ്യുതി ബോർഡിന്റെയും ദ്രുതകർമസേനയുടേയും ശ്രദ്ധയിൽപ്പെടുത്തണം.
ശക്തമായ കാറ്റുണ്ടായാൽ നിലംപതിക്കാൻ സാധ്യതയുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ച് ഒതുക്കണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരമുള്ള കമ്മിറ്റി യുദ്ധകാലാടിസ്ഥാനത്തിൽ യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കണം.


തദ്ദേശസ്ഥാപന പരിധിയിൽവരുന്ന അപകട സാധ്യതയുള്ള വാസസ്ഥലങ്ങളും, വൃക്ഷങ്ങളും, പരസ്യബോർഡുകളും, വൈദ്യുത തൂണുകളും പ്രാദേശികമായി കണ്ടെത്തി ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹായം തേടാവുന്നതാണ്.
അടിയന്തര സാഹചര്യ പ്രതികരണ ടീമുകളെയും, സന്നദ്ധപ്രവർത്തകരെയും (സന്നദ്ധസേന) ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സജ്ജമാക്കണം.
സന്നദ്ധസേവകരെ സജ്ജമാക്കുന്നതിനൊപ്പം ഇലക്ട്രിക് കട്ടറുകൾ, മരംവെട്ടി, കയർ മുതലായവ, ഇലക്ട്രിക് ജനറേറ്ററുകൾ, റാന്തലുകൾ, ഇടത്തരം ജെ.സി.ബികൾ തുടങ്ങിയ സാധന സാമഗ്രികളും മുൻകൂട്ടി ഒരുക്കിവെക്കണം.


കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ മാർഗനിർദേശ പ്രകാരം സ്ഥാപിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാ ക്രമീകരണങ്ങളോടും സജ്ജീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ ആസ്തിയിൽ കണ്ടെത്തി സ്ഥാപിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ വെള്ളം, വൈദ്യുതി, ടോയ്ലറ്റ് സംവിധാനങ്ങൾ മുതലായവ തദ്ദേശഭരണ എൻജിനീയറിംഗ് വിഭാഗം സജ്ജീകരിക്കണം.


ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണ വിതരണ സംവിധാനങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരവും മാർഗനിർദേശങ്ങൾ പ്രകാരവും തദ്ദേശസ്ഥാപനങ്ങളും ഏർപ്പാട് ചെയ്യണം. ചുഴലിക്കാറ്റിന്റെ ആഘാതം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ച് ജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി പദ്ധപ്പെടാൻ ടെലഫോൺ, മൊബൈൽ, ഇ-മെയിൽ വിലാസം മുതലായവ പരസ്യപ്പെടുത്തണം. തദ്ദേശ സ്ഥാപനതലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്ന ടീമുകളുടെയും പ്രവർത്തനങ്ങളുടെയും വിശദാംശം റവന്യൂ, കെ.എസ്.ഇ.ബി, പി.ഡബ്ളിയു.ഡി, ഫയർ ആന്റ് റസ്‌ക്യൂ എന്നിവർക്കും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും ഏകോപനങ്ങൾക്ക് കൈമാറണം.


പ്രകൃതിക്ഷോഭങ്ങളുടെ ഭാഗമായി ആസ്തികൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ അത് റവന്യൂ പോർട്ടലിലേക്ക് രേഖപ്പെടുത്താൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനതല ഓവർസിയർ, എൻജിനീയർ നിലവിലുള്ള സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് സാക്ഷ്യപ്പെടുത്തണം.
ദുരന്തനിവാരണ ഏകോപന പ്രവർത്തനങ്ങൾക്ക് അനിവാര്യമായി വരുന്നതും സർക്കാരിന്റെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ പ്രത്യേക അനുമതി ആവശ്യമുള്ളതുമായ സംഗതികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ എത്രയും വേഗം ശ്രദ്ധയിൽക്കൊണ്ടുവരണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.


 

Latest News