ദമാം- ഒന്നര പതിറ്റാണ്ട് പ്രവാസത്തിനൊടുവിൽ കഴിഞ്ഞ അഞ്ചു മാസത്തിനു മുൻപ് നാട്ടിലെത്തിയ നിയാസ് മലബാരി മഞ്ചേശ്വരം ബ്ലോക്കിലേക്ക് മത്സരിക്കുന്നു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്കിക്കേുള്ള എൻമകജെ ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥിയാണ് നിയാസ് മലബാരി. സൗദി അറേബ്യയിലെ ദഹ്‌റാൻ റബുവയിൽ സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്നു ഒ.ഐ. സി.സി പ്രവർത്തകനായ നിയാസ്.
ദഹ്‌റാനിലെ തന്റെ സൂപ്പർ മാർക്കറ്റിലെ ബിസിനസിനൊപ്പം ഏറെ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം നൽകുന്നതിൽ നിയാസ് സമയം കണ്ടെത്തിയിരുന്നു. നിതാഖാത്ത് തുടങ്ങിയ സമയം മുതൽ തന്നെ നിയമ ലംഘനങ്ങളിൽ അകപ്പെട്ട നിരവധി പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങുന്നതിനും ജോലി നഷ്ടപ്പെട്ടു ശമ്പളമില്ലാതെ നിത്യജീവിതത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടിലായ നൂറു കണക്കിന് പ്രവാസികൾക്ക് സഹായം നൽകാനും നിയാസ് മലബാരി പരിമിതികളിൽ നിന്നുകൊണ്ട് ശ്രമം നടത്തിയിരുന്നു. കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ സാധാരണ പ്രവർത്തകരിൽ ഒരാളാവാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. സമയക്കുറവു കൊണ്ട് നേതൃനിരയിൽ നിന്നും മാറിനിന്ന് സമയവും കഴിവുമുള്ള പുതിയ പ്രവർത്തകർക്ക് വഴി തുറന്നു നൽകാനാണ് നിയാസ് ശ്രമിച്ചിരുന്നത്.
കാസർകോട് പെർള നളന്ദ കോളേജിലെ മുൻ കോളേജ് യൂനിയൻ മാഗസിൻ എഡിറ്ററായിരുന്ന നിയാസ്, കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. ചെറുപ്പം മുതലേ കോൺഗ്രസ് രാഷ്ട്രീയം നെഞ്ചിലേറ്റിയ നിയാസ് സൈബർ ഇടത്തിൽ ശക്തമായ ഇടപെടലും നടത്തി വരുന്നു. നാട്ടിലെത്തി ചുരുങ്ങിയ മാസങ്ങൾ മാത്രമാണ് പൊതു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ സാധിച്ചെങ്കിലും വിദ്യാർഥി രാഷ്ട്രീയത്തിലും പ്രവാസത്തിലും നടത്തിയ സാമൂഹിക ഇടപെടൽ കൊണ്ട് സ്ഥാനാർഥിയാവാൻ പാർട്ടി നേതൃത്വം അവസരം നൽകുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രവാസ ജീവിതം അവസാനിപിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഇങ്ങനെ ഒരവസരം വന്നു ചേരുമെന്ന് കരുതിയിരുന്നില്ലെന്നും അപ്രതീക്ഷിതമായാണ് സ്ഥാനാർഥിത്വം തന്നെ തേടി വന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ തന്റെ ബ്ലോക്ക് ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനായിരിക്കും തന്റെ ശ്രമമെന്നും നിയാസ് മലബാരി ലക്ഷ്യങ്ങൾ മലയാളം ന്യൂസുമായി പങ്കു വെച്ചു.
കോൺഗ്രസ് പുത്തിഗെ മണ്ഡലം ട്രഷറർ ആയി പ്രവർത്തിക്കുന്ന നിയാസ് മലബാരി മത്സരിക്കുന്ന ഈ ഡിവിഷനിൽ നിലവിൽ ബി.ജെ.പിക്കെതിരെ 78 വോട്ടിന് യു.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ചിരുന്നു. ഭാര്യ: ഷഹനാസ്. മകൻ: മുഹമ്മദലി ജൗഹർ.