Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പാക്കിസ്ഥാന്‍ സ്വീകരിച്ചു; സുരേഷ് കുമാര്‍ ഉടന്‍ ചുമതലയേല്‍ക്കും

ന്യൂദല്‍ഹി- ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പുതിയ ചാര്‍ജ് ഡി അഫയേഴ്‌സിന്റെ (സി.ഡി.എ) നിയമനത്തിന് പാക്കിസ്ഥാന്‍ അനുമതി നല്‍കി. സി.ഡി.എ ആയോ  ഡെപ്യൂട്ടി ഹൈക്കമ്മീഷണറായോ നിയമിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സുരേഷ് കുമാറിന്റെ പേരാണ് പാക്കിസ്ഥാന്‍ അംഗീകരിച്ചത്. ഇദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നേരത്തെ പാക്കിസ്ഥാന്‍ ഡെസ്‌കിന്റെ ചുമതല വഹിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് സുരേഷ്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നിലവില്‍ ഇന്ത്യന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ചുമതല വഹിക്കുന്നത് ഗൗരവ് അഹ്‌ലുവാലിയയാണ്.
പ്രോട്ടോക്കോള്‍ എന്ന നിലയില്‍ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകള്‍ മുന്‍കൂട്ടി നല്‍കി അംഗീകാരം തേടാറുണ്ട്. സാധാരണയായി, ഇത്തരത്തിലുള്ള നിയമനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെങ്കിലും  ഇന്ത്യ-പാക് ബന്ധം വഷളായി തുടരുന്ന പശ്ചാത്തലത്തില്‍ ആശങ്ക ഉണ്ടായിരുന്നു.
കഴിഞ്ഞ ജൂണില്‍ ഇന്ത്യ ജയന്ത് ഖോബ്രഗഡെയുടെ പേര് വിദേശകാര്യ മന്ത്രാലയം  നിര്‍ദേശിച്ചിരുന്നുവൈങ്കിലും പാക്കിസ്ഥാന്‍ നിരാകരിച്ചിരുന്നു. സീനിയര്‍ ഉദ്യോഗസ്ഥനാണെന്ന ന്യായമാണ് പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്നത്. റഷ്യ, കസാക്കിസ്ഥാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്ന ഖോബ്രഗഡെ 2013 മുതല്‍ 2017 വരെ കിര്‍ഗിസ് റിപ്പബ്ലിക്കില്‍ ഇന്ത്യയുടെ ദൂതനായിരുന്നു.
ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍മാരാണ് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനും നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിനുള്ള  പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ തുടര്‍ന്നാണ്  ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കിയ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് പുതിയ സ്ഥാനപതിയെ അയക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

 

Latest News