Sorry, you need to enable JavaScript to visit this website.
Monday , January   18, 2021
Monday , January   18, 2021

മുഖ്യമന്ത്രിയാണ്, ധനമന്ത്രിയല്ല ശരി 

കേരള സർക്കാരുമായി ബന്ധപ്പെട്ട് സ്പ്രിംഗഌ വിവാദത്തോടെ ആരംഭിച്ച വിവാദങ്ങളും അഴിമതി ആരോപണങ്ങളും തുടരുകയാണ്. അവസാനമത് എത്തിനിൽക്കുന്നത് കെ.എസ്.എഫ്.ഇയിലാണ്. അതേസമയം കെ.എസ്.എഫ്.ഇയിലെത്തിയപ്പോൾ കാര്യങ്ങളിൽ പ്രകടമായൊരു മാറ്റവും കാണാം. ഇതുവരേയും കേന്ദ്ര സർക്കാരിനേയും പ്രതിപക്ഷത്തേയും നേരിടുന്നതിൽ സർക്കാരും സി.പി.എമ്മും ഒറ്റക്കെട്ടായിരുന്നുവെങ്കിൽ പുതിയ വിവാദത്തിൽ അതിനു മാറ്റം വന്നിരിക്കുന്നു. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നത വന്നു എന്നു മാത്രമല്ല, അത് പരസ്യമായി തന്നെ പുറത്തു വരികയും ചെയ്തിരിക്കുന്നു. 


പരാതികൾ ലഭിക്കുമ്പോൾ വിജിലൻസ് റെയ്ഡ് നടത്തുന്നത് നിലവിലെ സംവിധാനത്തിൽ ഒരു സാധാരണ പ്രക്രിയ മാത്രമാണ്. അത് വകുപ്പു മന്ത്രി അറിയണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ നിരവധി ഉദാഹരണങ്ങളിലൂടെ അത് വ്യക്തമാക്കിക്കഴിഞ്ഞു. തന്റെ വകുപ്പിൽ നടക്കുന്ന റെയ്ഡുകളെ കുറിച്ച് താനറിയാറില്ല എന്ന് മന്ത്രി സുധാകരനും വ്യക്തമാക്കി. കിട്ടിയ അവസരം ഉപയോഗിച്ച് ആലപ്പുഴയിൽ പാർട്ടിക്കുള്ളിലെ തന്റെ എതിരാളിയായ ഐസക്കിനെ രൂക്ഷമായി ആക്രമിക്കാനും സുധാകരൻ മടിച്ചില്ല. അഴിമതിക്കെതിരെ നിലപാടുള്ള ഒരാളാണ് താൻ എന്നതിനാൽ വിജിലൻസ് റെയ്ഡുകളിൽ തനിക്ക് സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വിജിലൻസ് റെയ്ഡ് വിഷയത്തിൽ തികച്ചു വൈകാരികമായിരുന്നു ഐസക്കിന്റെ പ്രതികരണം. തീർച്ചയായും സി.പി.എമ്മിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിനു അതിൽ പങ്കുണ്ടായിരിക്കാം. കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതും എം.വി. ഗോവിന്ദനു പകരം ആരും പ്രതീക്ഷിക്കാതിരുന്ന വിജയരാഘവന് ചാർജ് കൊടുത്തതുമെല്ലാം ഗ്രൂപ്പിസത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പൊതുവായി പറഞ്ഞാൽ തെക്കരും വടക്കരുമായുള്ള പോരാട്ടമാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ബേബിയും ഐസക്കും ആനത്തലവട്ടവുമൊക്കെ മുഖ്യമന്ത്രിയടക്കമുള്ള വടക്കൻ നേതാക്കൾക്കെതിരെ നിലപാടെടുത്തിട്ടുണ്ടത്രേ. ആർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവരുടെ പ്രസ്താവനകൾ. കഴിയുമെങ്കിൽ മുഖ്യമന്ത്രിയേയും മാറ്റുക എന്ന അജണ്ടയും ഇവർക്കുണ്ടായിരിക്കാം. അതെല്ലാം തിരിച്ചറിഞ്ഞുള്ള തിരിച്ചടിയാണ് കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ റെയ്ഡ് എന്നു വിശ്വസിക്കുന്നവർ പാർട്ടിയിൽ നിരവധിയാണ്. 


അതേസമയം ഇതൊന്നും റെയ്ഡിനോടുള്ള ഐസക്കിന്റെ വൈകാരിക നിലപാടിനു ന്യായീകരണമല്ല. കെ.എസ്.എഫ്.ഇയുടെ മഹത്വങ്ങളുടെ വർണനകളൊന്നും പരിശോധനകളും നിയമങ്ങളും ഒഴിവാക്കാൻ കാരണമല്ല. ഇത്രയധികം ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ അഴിമതി നടക്കില്ല എന്നു കരുതുന്നതു തന്നെ മൗഢ്യമാണ്. വിജിലൻസ് കണ്ടെത്തിയതായി പറയുന്ന പല വിഷയങ്ങളും അവിടെ നടക്കുന്നതാണെന്നു സ്ഥിരം ഇടപാടുകാർക്കും ജീവനക്കാർക്കും അറിയാവുന്നതുമാണ്. പരിശോധനകൾ വിശ്വാസ്യതയെ തകർക്കുമെന്നു കരുതുന്നതും തെറ്റാണ്. കുറ്റവാളികളുണ്ടെങ്കിൽ കണ്ടെത്തി നടപടിയെടുക്കുന്നതാണ് സ്ഥാപനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുക. അല്ലാതെ അഴിമതി മൂടിവെക്കുന്നതല്ല. മുഖ്യമന്ത്രി പറയുന്ന പോലെ മടിയിൽ കനമില്ലെങ്കിൽ പേടിക്കണോ?
ഏതു വിഷയം വന്നാലും അതിനു പിറകിൽ ഏതെങ്കിലും സ്വകാര്യ സ്ഥാപനമാണെന്നു വരുത്തിത്തീർക്കുന്ന നമ്മുടെ സ്ഥിരം തന്ത്രം ഇവിടേയും പ്രയോഗിക്കുന്നതു കേട്ടു. മറ്റു ധനകാര്യ സ്ഥാപനങ്ങളാണ് ഈ പരിശോധനക്കു പിറകിലെന്ന വാദം അത്തരത്തിലൊന്നു മാത്രമാണ്. ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തിനു തകർക്കാവുന്ന വിശ്വാസ്യതയേ കെ.എസ്.എഫ്.ഇക്കുള്ളൂ എന്നാണോ ഐസക്കും കൂട്ടരും കരുതുന്നത്? മാത്രമല്ല, കുറിക്കമ്പനികളെ കുറിച്ച് പലരും ധരിച്ചു വെച്ചിരിക്കുന്നതു തന്നെ തെറ്റായ ധാരണകളാണ്. വൻ പലിശ വാങ്ങി ജനങ്ങളെ ദ്രോഹിക്കുന്ന സ്ഥാപനങ്ങളാണ് സ്വകാര്യ കുറിക്കമ്പനികൾ എന്ന ധാരണ തന്നെ തെറ്റാണ്. മറിച്ച് സാധാരണക്കാരന് ഏറ്റവും സഹായകമായ ഒന്നാണ് കുറിക്കമ്പനികൾ എന്നതാണ് വസ്തുത. ആ വിശ്വാസ്യത കണ്ടാണല്ലോ സർക്കാർ തന്നെ ഈ കുറിക്കമ്പനി തുടങ്ങിയത്. 


ശ്രദ്ധേയമായ ചരിത്രമാണ് കുറിക്കമ്പനികളുടേത്. സംസ്ഥാനത്ത് കുറിക്കമ്പനികളുടെ ആസ്ഥാനം തൃശൂരാണ്. നഗര ശിൽപിയായ ശക്തൻ തമ്പുരാൻ വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചവടക്കാരെ തൃശൂർക്ക് ക്ഷണിക്കുകയും അവരുടെ സാമ്പത്തികാവശ്യങ്ങൾക്കായി കുറിയുടെ ആദ്യ രൂപം തയാറാക്കി എന്നുമാണ് പറയപ്പെടുന്നത്. എല്ലാവരും ഒരു നിശ്ചിത തുക എടുക്കുകയും അത് അത്യാവശ്യമുള്ള ഒരാൾക്ക് കൊടുക്കുകയും ചെയ്യുക, അടുത്ത തവണ അടുത്തയാൾക്ക്... ലോകത്ത് കാര്യമായി ഒരിടത്തും കാണാനിടയില്ലാത്ത സാമ്പത്തിക സംവിധാനം. പിന്നീട് കുറെയേറെ കുറിക്കമ്പനികൾ രൂപം കൊണ്ടു. കെ.എസ്.എഫ്.ഇക്ക്  50 വർഷത്തെ പാരമ്പര്യമെന്നു ധനമന്ത്രി പറയുമ്പോൾ നൂറ്റാണ്ടിനേക്കാൾ പാരമ്പര്യമുള്ള പല കുറിക്കമ്പനികളും ഇവിടെയുണ്ട്. ഈ സാമ്പത്തിക സംവിധാനത്തിന്റെ തുടർച്ചയെന്ന നിലയിലാണ് കേരളത്തിന്റെ പ്രമുഖ നാലു ബാങ്കുകളിൽ മൂന്നിന്റേയും ആസ്ഥാനം തൃശൂരായതും കുറികക്കമ്പനികളുടെ മാതൃകയിൽ തൃശൂർ തന്നെ ആസ്ഥാനമായി കെ.എസ്.എഫ്.ഇക്ക് രൂപം കൊടുത്തതും. 


സത്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും ആവശ്യക്കാർക്കും ഏതൊരു ലോണിനേക്കാളും മെച്ചമാണ് കുറികളിൽ ചേരുന്നത്. ഇതിന്റെ  പ്രവർത്തന ശൈലി കണ്ട് ആകൃഷ്ടനായാണ് ബിൽ ഗേറ്റ്സ് പോലും ഈ മേഖലയിൽ പണം നിക്ഷേപിക്കാൻ തയാറായതും. എന്നാൽ  ആഗോള കുത്തകകൾ ഇങ്ങോട്ടു വരേണ്ട എന്ന് കുറിയുടമകളുടെ സംഘടന തീരുമാനിച്ചതും സമീപകാല ചരിത്രമാണ്. തീർച്ചയായും എല്ലാ മേഖലയേയും പോലെ തെറ്റായ പ്രവണതകൾ ഇവിടേയും കാണുമായിരിക്കാം. പക്ഷേ അതെല്ലാം തുലോം തുഛം. മാത്രമല്ല, സാമ്പത്തിക ആവശ്യമുള്ളവർക്ക് ബാങ്കുകളേക്കാളും  കെ.എസ്.എഫ്.ഇയേക്കാളും എളുപ്പത്തിൽ ആശ്രയിക്കാവുന്നത് സ്വകാര്യ കുറിക്കമ്പനികളെയായിരുന്നു. പണം ലഭിക്കാൻ മിനിമം സർക്കാർ ജീവനക്കാരായ രണ്ടു ജാമ്യക്കാർ വേണം തുടങ്ങി കർശനമായ വ്യവസ്ഥകളായിരുന്നു കെ.എസ്.ഇഫ്.ഇയുടേത്. പക്ഷേ സ്വകാര്യ കമ്പനികളുടേത് വളരെ ഉദാരമായിരുന്നു. ജനങ്ങളുടെ സ്ഥാപനമെന്നു പറയുന്ന സഹകരണ ബാങ്കുകൾ മറ്റു ബാങ്കുകളേക്കാൾ കൊള്ളപ്പലിശ വാങ്ങുന്ന പോലെ, കെ.എസ്.എഫ്.ഇ സ്വകാര്യ കുറിക്കമ്പനികളേക്കാൾ മോശം സേവനമാണ് നടത്തിയിരുന്നത്. പിന്നീട് വൻകിട കുറിക്കമ്പനികൾ വളർന്നു വരികയും ജനങ്ങൾ അവയെ കൂടുതൽ ആശ്രയിക്കുകയും ചെയ്യാനാരംഭിച്ചപ്പോഴാണ് കെ.എസ്.എഫ്. ഇ നിബന്ധനകൾ ഉദാരമാക്കി മത്സരിക്കാൻ തയാറായതും തുടർന്ന് വളർന്നതും. സ്വാകാര്യ ബാങ്കുകളോട് മത്സരിക്കേണ്ടി വന്നപ്പോൾ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ഇൻഷുറൻസ് കമ്പനികളോട് മത്സരിക്കേണ്ടിവന്നേപ്പാൾ എൽ.ഐ.സിയും സ്വകാര്യ സ്‌കൂളുകളോട് മത്സരിക്കേണ്ടി വന്നപ്പോൾ സർക്കാർ സ്‌കൂളുകളും വളർന്ന പോലെ തന്നെ. 


അതേസമയം കുറി മേഖലയിൽ നിയമങ്ങൾ കർക്കശമാക്കിയപ്പോൾ പല ചെറുകിട കുറിക്കമ്പനികൾക്കും പിടിച്ചുനിൽക്കാനായില്ല. അത് കെ.എസ്.എഫ്.ഇയെ സഹായിക്കാനാണെന്ന ആരോപണം നിലവിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ വിജിലൻസ് റെയ്ഡ്. അഴിമതി ഇല്ലാത്ത ഏതെങ്കിലും മേഖല നിലവിലുണ്ടോ? അക്കാര്യത്തിൽ സ്വകാര്യ മേഖലയും പൊതുമേഖലയും തമ്മിലെന്തു വ്യത്യാസം? അതെല്ലാം അന്വേഷിക്കാനല്ലേ അന്വേഷണ ഏജൻസികൾ? അല്ലെങ്കിൽ വിജിലൻസ് പിരിച്ചുവിടുന്നതല്ലേ നല്ലത്. കോടികൾ ചെലവഴിച്ച് എന്തിനത് നിലനിർത്തുന്നു? സംഭവത്തിന്റെ പിറകിൽ എന്തൊക്കെ രാഷ്ട്രീയക്കളികൾ ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ്, ധനമന്ത്രിയുടേതല്ല ശരി എന്നു പറയേണ്ടിവരും.