കൊച്ചി- സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്നു കണ്ടെത്തിയ ഒരു കോടി രൂപ എം ശിവശങ്കറിന്റെ കമ്മീഷൻ തന്നെയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നിലപാട് ഇ.ഡി ആവർത്തിച്ചത്. ലൈഫ് മിഷൻ കരാർ നൽകിയതിന് യൂണിടാക് നൽകിയ കമ്മീഷനാണ് ലോക്കറിൽനിന്ന് കണ്ടെത്തിയതെന്നും സ്വപ്‌നയുടെ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും 102 പേജുള്ള സത്യവാങ്മൂലത്തിൽ ഇ.ഡി ആരോപിച്ചു.
സ്വർണക്കടത്തിനെ സഹായിക്കുന്നതിന് ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി ദുരുപയോഗം ചെയ്തു. സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണെന്നും ഇ.ഡി പറഞ്ഞു.