ന്യൂദല്‍ഹി- സി.ബി.എസ്.ഇ 10,12 ക്ലാസുകളില്‍ ഇത്തവണ സാധരണ പോലെ പേപ്പര്‍ ബേസ്ഡ് എഴുത്തു പരീക്ഷ തന്നെ നടത്തുമെന്ന് സൂചന നല്‍കി അക്കാദമിക്‌സ് ഡയരക്ടര്‍ ഡോ.ജോസഫ് ഇമ്മാനുവല്‍.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടും വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെയും സാധാരണ പോലെ എഴുത്തു പരീക്ഷ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ സൗകര്യങ്ങള്‍ ലഭിക്കില്ലെന്ന വസ്തുത കണക്കിലെടുത്താണ് സി.ബി.എസ്.ഇയുടെ നീക്കം.
90 ശതമാനം സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നടക്കുന്നുണ്ട്. എന്നാല്‍ സി.ബി.എസ്.ഇയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍ സ്‌കൂളുകളിലെ 30 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സെഷനുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് ലളിതമായ നോട്ടുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കയാണ്. സംശയങ്ങള്‍ ടെലിഫോണ്‍ വഴി ദൂരീകരിക്കുകയും ചെയ്യും. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സംവിധനാവും ആരംഭിച്ചിട്ടുണ്ട്.
പരീക്ഷ എപ്പോള്‍ നടത്തണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതോടെ വൈകാതെ തന്നെ ഷെഡ്യൂളും നടപടിക്രമങ്ങളും പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന ചില സ്‌കൂളുകളുടെ ആവശ്യം പരിഗണിക്കുമെന്നും ഡോ. ജോസഫ് ഇമ്മാനുവല്‍ കൂട്ടിച്ചേര്‍ത്തു.