പാലക്കാട്- ദേശീയപാതയില്‍ പോലീസ് വേഷത്തിലെത്തി വാഹനം തടഞ്ഞ് കവര്‍ച്ച. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരെ റോഡില്‍ തള്ളിയിട്ട് കവർച്ചക്കാർ കാറുമായി രക്ഷപ്പെട്ടു.
പാലക്കാട്- കോയമ്പത്തൂര്‍ ദേശീയപാതയിലെ മരുതറോഡില്‍ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. അരുതറോഡിലെ ഏഷ്യന്‍ പോളിമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഒലവക്കോട് കാവില്‍പ്പാട് മുനീ ര്‍(46), പാര്‍ട്‌നര്‍ കുന്നത്തൂ ര്‍മേട് ഇന്ദിരനഗറില്‍ നവനീത്(28) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ബിസിനസ് ആവശ്യത്തിന് തിരുപ്പൂരില്‍ പോയി തിരിച്ചു വരികയായിരുന്നു ഇവര്‍. പോലീസ് വേഷത്തിലെത്തിയവര്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന നവനീത് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ അടുത്തെത്തിയ രണ്ടു പേര്‍ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മുനീറിനേയും സംഘം ആക്രമിച്ചു. ഇരുവരേയും വലിച്ച് താഴെയിട്ട് അക്രമികള്‍ കാറുമായി രക്ഷപ്പെട്ടു.
ആറു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ട്. വാളയാര്‍ പോലീസ് അന്വേഷണമാരംഭിച്ചു. കാറില്‍ ഉണ്ടായിരുന്നത് കുഴല്‍പ്പണക്കാരാണെന്ന് സംശയിച്ചാകാം അക്രമം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. പോലീസ് വേഷത്തിലെത്തി കുഴല്‍പ്പണ സംഘങ്ങളെ ആക്രമിച്ച ഇരുപതോളം കേസുകള്‍ വാളയാറിലേയും തമിഴ്‌നാട്ടിലെ ചാവടിയിലേയും പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്.