Sorry, you need to enable JavaScript to visit this website.

'ഞങ്ങളും കര്‍ഷകരുടെ മക്കളാണ്', പൗരത്വ പോരാട്ട നായിക ബില്‍ക്കിസ് ബാനു കര്‍ഷക സമരത്തിനെത്തി; പോലീസ് തടഞ്ഞു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ പൗരത്വ സമര കാലത്ത് മാസങ്ങളോളം നീണ്ടം പോരാട്ടം നയിച്ച് ആഗോള പ്രശസ്തി നേടിയ ശഹീന്‍ബാഗിലെ ദീദി എന്നറിയപ്പെടുന്ന ബില്‍ക്കിസ് ബാനു പ്രായം പോലും അവഗണിച്ച് കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാനെത്തി. ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ക്യാംപ് ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട വയോധികയായ ബില്‍ക്കിസിനെ ദല്‍ഹി പോലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തു. 'ഞങ്ങളും കര്‍ഷകരുടെ മക്കളാണ്. കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കും. ഞങ്ങളും ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ കേള്‍ക്കുക തന്നെ വേണം,' സമരത്തിന് പോകവെ അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

സിംഘു അതിര്‍ത്തിയിലാണ് പോലീസ് ഇവരെ തടഞ്ഞത്. പിന്നീട് പോലീസ് അകമ്പടിയോടെ ഇവരെ തെക്കുകിഴക്കന്‍ ദല്‍ഹിയിലെ വീട്ടിലെത്തിച്ചതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. 

ശഹീന്‍ബാഗിലെ സമരത്തോടെ ഇവരെ ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 


 

Latest News