Sorry, you need to enable JavaScript to visit this website.
Monday , March   01, 2021
Monday , March   01, 2021

ജനങ്ങളെ വീർപ്പു മുട്ടിക്കുന്ന വിലക്കയറ്റം

ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലക്കയറ്റം കോവിഡ് മഹാമാരി ദുരിതത്തിലാക്കിയ ജനകോടികളുടെ ജീവിതത്തെ വീർപ്പുമുട്ടിക്കുന്നു. റീട്ടെയിൽ വില നിലവാരം കഴിഞ്ഞ ഒക്ടോബറിൽ കഴിഞ്ഞ ആറര വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ എത്തിയതായി ഔദ്യോഗിക പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. മൊത്തവില നിലവാരം കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും ഉയർന്ന തോതിലായതായും പഠനം പറയുന്നു. ഏറ്റവും സാധാരണ കുടുംബങ്ങൾക്ക് ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത ഉരുളക്കിഴങ്ങ്, പച്ചക്കറി ഇനങ്ങൾ, ഭക്ഷ്യ എണ്ണകൾ, പയറുവർഗങ്ങൾ എന്നിവയുടെ വില 16 മുതൽ 26 ശതമാനം കണ്ട് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉരുളക്കിഴങ്ങിന്റെ മാത്രം വിലയിൽ 107.7 ശതമാനം കണ്ടാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.


ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ യാതൊരു നടപടിക്കും സന്നദ്ധമായിട്ടില്ലെന്നു മാത്രമല്ല, ഉൽപാദനത്തെയോ ഉൽപാദന ക്ഷമതയെയോ ഉപഭോക്താക്കളെയോ കണക്കിലെടുക്കാതെയുള്ള മോഡി സർക്കാരിന്റെ ഉത്തേജക പാക്കേജുകൾ ഫലത്തിൽ വില വർധനക്കു കാരണമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഉത്തേജക പാക്കേജുകൾ മഹാഭൂരിപക്ഷം വരുന്ന താഴ്ന്ന വരുമാനക്കാരെയും താഴേത്തട്ടിലുള്ള ഇടത്തരക്കാരെയും അവഗണിക്കുന്നതും ഏതാണ്ട് 25 കോടിയോളം വരുന്ന സമ്പന്ന വിഭാഗങ്ങൾക്ക് ഏറെ പ്രയോജനപ്രദവുമാകുന്നതായാണ് കാണാനായത്. ഉയർന്ന വരുമാനക്കാർക്ക് ലഭ്യമായ പണലഭ്യതയും ഉയർന്ന ക്രയശേഷിയും വിലവർധന ക്ഷണിച്ചുവരുത്തിയതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോവിഡ് മഹാമാരിയും കേന്ദ്ര സർക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും മൂലം തൊഴിലും വരുമാനവും ചുരുങ്ങുകയും ഇല്ലാതാകുകയും ചെയ്ത 80 കോടിയിൽപരം ജനങ്ങളുടെ ജീവിത ദുരിതങ്ങൾ ദുർവഹമാക്കി മാറ്റിയിരിക്കുന്നു.


കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കൊപ്പം ദീർഘവീക്ഷണം കൂടാതെ റിസർവ് ബാങ്ക് നടപ്പാക്കിവരുന്ന ധനനയങ്ങളും നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ റേറ്റിൽ തുടർച്ചയായി വരുത്തിയ കുറവ് ജനസംഖ്യയിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ കൈകളിൽ ധനലഭ്യത എളുപ്പമാക്കി. റിപ്പോ നിരക്ക് നിയന്ത്രിക്കുക വഴി നാണ്യപ്പെരുപ്പം തടയാൻ ചുമതലപ്പെട്ട റിസർവ് ബാങ്ക് അതിൽ പരാജയപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും ശക്തമായി. ഇവയെല്ലാം നാണ്യപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ച ഘടകങ്ങളാണ്. അതിന്റെ കടുത്ത ആഘാതം താങ്ങേണ്ടിവരുന്നത് മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമാണ്.


മോഡി സർക്കാർ ജനാധിപത്യ മര്യാദകളെല്ലാം കാറ്റിൽ പറത്തി പാസാക്കിയെടുത്ത അവശ്യവസ്തു ഭേദഗതി നിയമം അടക്കമുള്ള കർഷക വിരുദ്ധ നിയമങ്ങളും വരും ദിവസങ്ങളിൽ വിലക്കയറ്റം അനിയന്ത്രിതമാക്കും. 1955 ലെ അവശ്യവസ്തു നിയമം പല കാർഷിക ഉൽപന്നങ്ങളുടെയും ഉൽപാദനം, സംഭരണം, വിതരണം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതിയ ഭേദഗതിയോടെ ആ നിയന്ത്രണങ്ങൾ ഇല്ലാതെയായി. എന്ത് ഉൽപാദിപ്പിക്കണമെന്നും എങ്ങനെ സംഭരിക്കണമെന്നും എന്തു വിലയ്ക്ക് വിറ്റഴിക്കണമെന്നും ഇനിമേൽ തീരുമാനിക്കുക കൃഷിയെയും വിപണിയെയും നിയന്ത്രിക്കുന്ന കുത്തക കോർപറേറ്റുകളായിരിക്കും. അത് ഉൽപന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉൽപാദന പ്രക്രിയയും ഏറെ തടസ്സങ്ങളെയും പ്രതിസന്ധികളെയുമാണ് നേരിടുന്നത്. അകാലത്തിലുള്ള മഴയും വരൾച്ചയുമെല്ലാം ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനും അവയുടെ ലഭ്യത ഉറപ്പു വരുത്താനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ കൂടിയേ തീരൂ.


കോവിഡ് മഹാമാരിയുടെ ദിനങ്ങളിൽ പിടിച്ചുനിൽക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകിപ്പോന്നിരുന്ന സൗജന്യ റേഷൻ, അവ എത്ര തന്നെ പരിമിതമാണെങ്കിലും വലിയൊരളവ് വരെ സഹായകമായിരുന്നു. വിപണിയിൽ വില നിയന്ത്രിക്കുന്നതിലും അത് ഗണ്യമായ പങ്ക് വഹിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ ഈ മാസത്തോടെ അവസാനിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ സൗജന്യ റേഷൻ പൊടുന്നനെ നിർത്തുന്നത് വില വീണ്ടും ഉയരാൻ കാരണമാകും. അതുകൊണ്ടു തന്നെ മഹാമാരി നിയന്ത്രണ വിധേയവും സമ്പദ്ഘടന സാധാരണ നില കൈവരിക്കും വരെ സൗജന്യ റേഷൻ തുടരാൻ കേന്ദ്ര സർക്കാർ സന്നദ്ധമാവണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കണക്കിലെടുത്ത് വില നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടലുകൾക്ക് സംസ്ഥാന സർക്കാരും സന്നദ്ധമാവണം. 

Latest News