Sorry, you need to enable JavaScript to visit this website.

നമുക്ക് പരസ്പരം പൂരിപ്പിക്കാം..


ജീവിതം ഏറെ സാധ്യതകളുള്ള ഒന്നാണ്. ഭൗതികതയുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതകൾ പലപ്പോഴും പലരെയും കീഴ്‌പ്പെടുത്തിയെന്നിരിക്കും. അതോടെ അവരുടെ ജീവിതത്തിന്റെ ശാന്തി മന്ത്രങ്ങൾ തകരാറിലാകും. അസ്വസ്ഥ ഭരിതവും സമാധാന രഹിതവുമായ മുഹൂർത്തങ്ങൾ ജീവിതം ദുസ്സഹമാക്കും. ഇവിടെയാണ് ഉള്ളതുകൊണ്ട് സംതൃപ്തിയടയുക എന്ന മഹത്തായ ആശയം പ്രസക്തമാകുന്നത്. ആഗ്രഹങ്ങളുടെ സാക്ഷാൽക്കാരത്തിനായി പരിശ്രമിക്കുമ്പോഴും ഉള്ളതിൽ സന്തോഷിക്കുന്ന മനസ്സിന്റെ ഉടമകളാവുക എന്നതാണ് പ്രധാനം. 
അര ഗഌസ് പാൽ ലഭിച്ച വ്യക്തി എനിക്ക് അര ഗഌസ് പാലേ ലഭിച്ചുള്ളൂ എന്ന് പറയുന്നതും എനിക്ക് അര ഗഌസ് ലഭിച്ചല്ലോ എന്ന് പറയുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് വികാരങ്ങളാണ് പ്രകടിപ്പിക്കുന്നത്. വ്യാമോഹങ്ങൾ തീർക്കുന്ന പരാതിയും പരിഭവങ്ങളും ജീവിതത്തിന്റെ താളലയങ്ങളെ തകർക്കുമ്പോൾ സംതൃപ്തിയും കൃതജ്ഞതാ ബോധവുമാണ് ജീവിത വിജയമുറപ്പിക്കുക.  
ഒരു മനുഷ്യന് ഈ ലോകത്ത്  സന്തോഷത്തോടെ ജീവിക്കാൻ അധികം സമ്പാദ്യം ഒന്നും വേണമെന്നില്ല.  എന്നാൽ ചിലർക്ക് സമ്പാദ്യം തന്നെ ആണ്  സന്തോഷം.... അവർ മരണം വരെയും സമ്പാദിച്ചുകൊണ്ടേയിരിക്കും. 
പലപ്പോഴും സമ്പാദിച്ചത് ആസ്വദിക്കുവാനാവാതെയാണ് അവർ ഈ ലോകത്തോട് വിട പറയുക. മാത്രവുമല്ല,  സമ്പാദിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ കുടുംബം, സുഹൃത്തുക്കൾ, സമൂഹം പലതും അവർക്ക് നഷ്ടപ്പെട്ടിരിക്കും. തിരക്കൊഴിയുമ്പോൾ തിരിഞ്ഞു നോക്കിയാൽ തിരിച്ചെടുക്കാൻ ആഗ്രഹിച്ച പലതും നഷ്ടപ്പെട്ടു കാണും...
തിരിച്ചറിയുക...ജീവിതം വളരെ കുറഞ്ഞ സമയം മാത്രമാണ്  ഈയടുത്തു വായിച്ച ഒരു കഥ പങ്കുവെക്കാം. 
അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ്  അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചെലവഴിക്കാൻ തെരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്‌കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറിനിൽക്കാൻ  തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.
ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടിത്ത വഞ്ചി കണ്ട് അതിനടുത്ത് ചെന്നു.
'ഇന്നത്തെ ജോലി കഴിഞ്ഞോ?' അടുത്തുനിന്നിരുന്ന മുക്കുവനോട് അയാൾ കുശലം ചോദിച്ചു.

'കഴിഞ്ഞു...'
'ഇത് കുറച്ചു മീനേ ഉള്ളുവല്ലോ'
'എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി'
'ഇത് പിടിക്കാൻ എത്ര സമയം വേണ്ടിവന്നു?'
'വളരെ കുറച്ചു സമയം മാത്രം'
'കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?'
' ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി..'
'ബാക്കി സമയം എന്ത് ചെയ്യും'
'ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചെലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകിട്ട് കൂട്ടുകാരോടൊത്ത് ഫുട്‌ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യും...'
 ഇത് കേട്ടപ്പോൾ അമേരിക്കക്കാരന്റെ ഉള്ളിലെ കൺസൾട്ടന്റുണർന്നു. അയാൾ പറഞ്ഞു.
'നിങ്ങൾ ഇങ്ങനെ ജീവിച്ചാൽ പോരല... ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൾട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും.'
'എങ്ങനെ'
'നിങ്ങൾ കൂടുതൽ സമയം മീൻ പിടിക്കാൻ ചെലവഴിക്കണം, അപ്പോൾ നിങ്ങൾക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങാം. അതുപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മീൻ പിടിക്കാം. അപ്പോൾ മീൻ ഇടനിലക്കാർക്ക് വിൽക്കാതെ നേരിട്ട് സംസ്‌കരണ ശാലകൾക്ക് കൂടുതൽ വിലക്ക് വിൽക്കാം. അങ്ങനെ കൂടുതൽ ലാഭം കിട്ടുമ്പോൾ നിങ്ങൾക്ക് സ്വന്തമായി സംസ്‌കരണ ശാല തന്നെ തുടങ്ങാം. ഇവിടെ നിന്നും നിങ്ങൾക്ക് നഗരത്തിലേക്ക് താമസം മാറാം. അങ്ങനെ നിങ്ങൾക്ക് മീൻ സംസ്‌കരണ ശാലകളുടെ ഒരു ശൃംഖല തന്നെ പടുത്തുയർത്താം.'

'ഇതിനൊക്കെ എത്ര സമയം പിടിക്കും?'
'പത്തോ ഇരുപതോ വർഷം'
'അതിനു ശേഷം?'
'അതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കമ്പനിയുടെ ഷെയറുകൾ വിറ്റ് കോടികൾ സമ്പാദിക്കാം'

'എന്നിട്ട്?'

'എന്നിട്ട് നിങ്ങൾക്ക് വിശ്രമ ജീവിതത്തിനായി ഏതെങ്കിലും തീരദേശ ഗ്രാമത്തിൽ ചെറിയ വീട് വാങ്ങാം, കൂടുതൽ സമയം ഉറങ്ങാം, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചെലവഴിക്കാം, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്ന് മയങ്ങാം, വൈകിട്ട് കൂട്ടുകാരോടൊത്ത് ഫുട്‌ബോൾ കളിക്കാം, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യാം. അങ്ങനെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിക്കാം'....

മുക്കുവൻ:- 'ഈ കഷ്ടപ്പാട് ഒന്നും ഇല്ലാതെ   അതു തന്നെയല്ലേ ഞാൻ ഇപ്പോഴും ചെയ്യുന്നത്.

നമ്മുടെയൊക്കെ ചുറ്റുപാടുകളിൽ  നാം സ്ഥിരമായി കണ്ടുവരുന്ന ചില കാര്യങ്ങളല്ലേ ഇവ. നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്,  ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്. നാം പരാമർശിച്ച കഥയിൽ ഈ പാവപ്പെട്ട മുക്കുവൻ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്.... 'ജീവിക്കാൻ വേണ്ടിയാണോ സമ്പാദിക്കുന്നത്? അതോ സമ്പാദിക്കാൻ വേണ്ടിയാണോ ജീവിക്കുന്നത്???' എന്നുള്ള ഒരു വലിയ പാഠം.
ജീവിതം അനിശ്ചിതത്വങ്ങളുടെ നടുവിലാണ്. അതിനാൽ ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിയാനാകുമ്പോഴാണ് സമാധാനത്തോടെ ജീവിക്കാനാവുക. നിരന്തരമായ പരിശ്രമങ്ങളൊക്കെ നല്ലത് തന്നെ. പക്ഷേ അവയൊന്നും ജീവിക്കാൻ മറന്നുകൊണ്ടാവരുതെന്ന് മാത്രം. 
നാം എല്ലാം നേടിയ ശേഷം ജീവിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. അതിനാൽ ഇന്നിൽ ജീവിക്കുക, എന്നും ജീവിക്കുക എന്നതാവട്ടെ നമ്മുടെ ജീവിത മന്ത്രം. അത്യാഗ്രഹങ്ങളില്ലാതെ ആഗ്രഹങ്ങളേയും സ്വപ്‌നങ്ങളേയും താലോലിച്ചുകൊണ്ട് തന്നെ സംതൃപ്തമായ ജീവിതം നയിക്കുവാൻ കഴിയുന്നവരാണ് യഥാർഥ വിജയികൾ. 
മരണത്തെപ്പറ്റി എഴുതണമെന്ന് എം.ടി ഒരിക്കൽ അക്കിത്തത്തോട് ആവശ്യപ്പെട്ടു. *

മറുപടിയായി  അക്കിത്തം എം.ടിക്ക് ഒരു കത്തെഴുതി. *

പ്രിയപ്പെട്ട  വാസു എന്നു തുടങ്ങുന്ന ആ കത്തിൽ *
പൊതുവിൽ പറഞ്ഞത്  *ജീവിതത്തെപ്പറ്റിയായിരുന്നെങ്കിലും കുറച്ചു വാചകങ്ങൾ മരണത്തെപ്പറ്റിയും ഉണ്ടായിരുന്നു.

'മരണത്തെ എനിക്കു ഭയമില്ല. ഭയമുള്ളത് മരണത്തിലേക്കുള്ള മാർഗത്തെപ്പറ്റിയാണ്. ജീവിതത്തിൽ മാർഗ ശുദ്ധി പാലിക്കാനാഗ്രഹിച്ചവന് മരണത്തിലേക്കുള്ള മാർഗം അശുദ്ധമായിരിക്കുകയില്ല എന്നൊരു വ്യാമോഹവും എന്റെ മനസ്സിലുണ്ട്. എന്തായാലും അതിനെപ്പറ്റി ചിന്തിച്ചു ഭയപ്പെട്ടു വിറയ്ക്കാൻ സമയമില്ല എന്ന സത്യത്തോട് എനിക്കു നന്ദിയാണുള്ളത്. ... ഞാനില്ലാത്ത ഒരു കാലം ഭൂമിയിലുണ്ടായിരുന്നു. ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാവുകയും ചെയ്യും. '
ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും അവയാണ് ആയുസ്സിന്റെ ഭംഗിയും ഗുണമേന്മയും തീരുമാനിക്കുന്നത്...
എല്ലാറ്റിനെയും ജീവിതത്തിൽ ഒഴിവാക്കാനായെന്ന് വരില്ല. ചിലതിനോട് സമരം ചെയ്യണം, മറ്റു ചിലതിനോട് നാം  സമരസപ്പെടുകയും വേണം...
ജീവിതത്തിൽ എന്തിനും ക്രമമാണ് ആനന്ദം. ക്രമരാഹിത്യം അപകടവും എപ്പോഴും ഇരുളും എപ്പോഴും പ്രകാശവുമാകരുത്...
ജീവിതത്തിൽ ആകസ്മികതയെ കൂടി ഉൾക്കൊള്ളാൻ പഠിക്കുമ്പോഴാണ്  അതിനൊരു നിയമവും നിയന്ത്രണവും ഉണ്ടാകുക. ആഗ്രഹിച്ചതു പോലെ തന്നെ കാര്യങ്ങൾ നടക്കുന്നത് ആസൂത്രണ മികവും അപ്രതീക്ഷിതമായതിനെ അംഗീകരിക്കുന്നത് അതിജീവന മികവുമാണ്...
പരാധീനതകളും പരിമിതികളും എല്ലാ ജീവിതത്തിലും  ഉണ്ട്. ചിലർക്ക്  ശാരീരികമായിട്ടുള്ളതാകാം. മറ്റു ചിലർക്ക് സാമ്പത്തികമായും സാമൂഹികമായും മറ്റും നേരിടുന്നതാകാം. അവയിൽ മനം മടുത്തും നിരാശ ബാധിച്ചും നിഷ്‌ക്രിയത്വത്തിലേക്ക് പോകാതെ നിറഞ്ഞ പ്രത്യാശയോടെയും തികഞ്ഞ ഇഛാശക്തിയോടെയും അവയെ അതിജീവിക്കാൻ നാം ഉത്സാഹിക്കണം.
 ദൈവം നമുക്ക് ഒന്ന് നഷ്ടമാകുമ്പോൾ മറ്റൊന്ന് നൽകുന്നുണ്ടാവും. കാഴ്ചശക്തി നഷ്ടമായവർക്ക് കേൾവിയും ഓർമശക്തിയും അധികമായിട്ട് ഉണ്ടാകും. കാലുകൾക്ക് ബലഹീനതയെങ്കിൽ കരങ്ങൾ ദൈവം നമുക്ക് ശക്തമാക്കി തരും.. അത് പോലെ മറിച്ചും.
നമുക്ക് ലഭിച്ച കഴിവുകളും അനുഗ്രഹങ്ങളും നാം തിരിച്ചറിയാതെ മറ്റുള്ളവരെപ്പറ്റി അസൂയപ്പെടുന്നവരും നീരസപ്പെടുന്നവരും ആവരുത് . മറ്റുള്ളവർക്കില്ലാത്ത നിരവധി കഴിവുകൾ ദൈവം നമുക്ക് നൽകിയിട്ടുണ്ടാവും. അവ തിരിച്ചറിയുകയാണ് വേണ്ടത്.
കൂടാതെ സമൂഹത്തിൽ പല തരത്തിലുള്ള പരിമിതികളും പരാധീനതകളും അനുഭവിക്കുന്ന എത്രയോ വ്യക്തികൾ ഉണ്ട്. അവരെ സഹായിക്കാനും പ്രോൽസാഹിപ്പിക്കാനും നമുക്ക് സാമൂഹികമായ ഉത്തരവാദിത്തവുമുണ്ട്. എന്നാൽ നാം പലപ്പോഴും സ്വാർത്ഥമതികൾ ആയി മാറുന്ന കാഴ്ചകൾ ആണ് കണ്ടുകൊണ്ടിരിക്കുന്നത്. അപൂർണമായ, അരക്ഷിതമായ ഈ ജീവിതത്തിൽ  നമുക്ക് പരസ്പരം പൂരിപ്പിക്കാം.. ലോകം കൂടുതൽ കൂടുതൽ പ്രകാശമാനമാവട്ടെ.

Latest News