പത്തനാപുരം- നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റേയും ഇദ്ദേഹത്തിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപിന്റേയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് പരിശോധന നടത്തിയത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കോട്ടാത്തായിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് പരിശോധന നടത്തിയത്.
ഗണേഷിന്റെ പത്തനാപുരത്തെ വീട്ടില്‍നിന്നാണ് ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിനു പിന്നാലെ പ്രദീപിനെ ഗണേഷ് കുമാര്‍ പിരിച്ചുവിട്ടിരുന്നു.
പ്രദീപ് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കണ്ടെടുക്കുന്നതിനാണ് പരിശോധന നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രദീപിന്റെ കൊട്ടാരക്കരയിലെ വീട്ടിലും ഇതേസമയം കൊട്ടാരക്കര പോലീസ് റെയ്ഡ് നടത്തി.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബേക്കല്‍ സ്വദേശിയായ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ കേസ്.






