തണുപ്പു തുടങ്ങിയതോടെ മുൻപെങ്ങുമില്ലാത്ത വിധത്തിൽ കശ്മീർ മനോഹരമായിരിക്കുകയാണ്. കശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്നു വിളിക്കുന്നതിന്റെ കാരണം ഇപ്പോൾ ബോധ്യമാവും. മഞ്ഞ് പുതപ്പിൽ മൂടിക്കിടക്കുന്ന കശ്മീരിനെ കണ്ണു നിറയെ കാണാൻ പറ്റിയ സമയമാണിത്. പൈൻ മരങ്ങളും വീടിന്റെ മേൽക്കൂരകളും പർവ്വതങ്ങളുടെ തലപ്പുകളുമെല്ലാം മഞ്ഞിൽ പൊതിഞ്ഞുകിടക്കുന്ന സമയമാണ് കശ്മീർ കാണുവാൻ ഉചിതം. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സ്‌കീയിങ് ഡെസ്റ്റിനേഷനാണ് ഗുൽമാർഗ്. സമുദ്രനിരപ്പിൽ നിന്നും 2730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാർഗ് ഗൗരിമാർഗ്ഗ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് ഈ പ്രദേശത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായ കശ്മീരിലെ രാജാവായിരുന്ന യൂസഫ് ഷാ ചാക്ക് ആണ് ഗുൽമാർഗ് എന്ന പേരു നിർദ്ദേശിച്ചത്. മഞ്ഞുകാലത്ത് നഗരം മുഴുവനും ഇവിടെ മഞ്ഞിന്റെ പുതപ്പ് അണിയാറുണ്ട്.
കുത്തനെയുള്ള ചെരിവുകളും ഇറക്കങ്ങളും മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്നതിനാൽ സ്‌കീയിങ്ങിന് ഏറ്റവും യോജിച്ച ഇടമായി ഗുൽമാർഗിനെ സഞ്ചാരികൾ തെരഞ്ഞെടുക്കുന്നു. അല്ലാത്തപ്പോൾ പച്ചപ്പു തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. കശ്മീരിന്റെ മുത്ത് എന്നറിയപ്പെടുന്ന പഹൽഗാം ഇവിടുത്തെ മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ട സ്ഥലമാണ്. അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഹൽഗാം സുന്ദരമാണ്. പുരാതനമായ കുറേയേറെ ചരിത്രങ്ങൾ കൊണ്ട് വളരെ പ്രസിദ്ധമാണ് പഹൽഗാം. അരു, ശേഷാംഗ് എന്നീ നദികളുടെ സംഗമസ്ഥലമാണ് പഹൽഗാമിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. ഏറ്റവും മനോഹരമായ റൊമാന്റിക് ഡെസ്റ്റിനേഷൻ കൂടിയാണ് പഹൽഗാം. ലിഡ്ഡാർ നദിയുടെയും ശേഷനാഗ് ലേക്കിന്റെയും സംഗമസ്ഥാനത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. കശ്മീരിൽ സഞ്ചാരികൾക്കിടയിൽ അധികം പ്രചാരത്തിലില്ലാത്ത സ്ഥലമാണ് യൂസ്മാർഗ്.
ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ബാഡ്ഗം ജില്ലയിലാണുള്ളത്. പുൽമേടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി കശ്മീരിലെ മഞ്ഞുവീഴ്ച സമാധാനത്തോടെയും മനസ്സിന് ആഗ്രഹിച്ച രീതിയിലും ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. കശ്മീരിലെ മഞ്ഞുവീഴ്ച ഏറ്റവും മനോഹരമായി ആസ്വദിക്കണമെങ്കിൽ അതിനു പറ്റിയ സ്ഥലമാണ് ശ്രീനഗർ. കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ സഞ്ചാരികൾക്ക് നിരവധി സാധ്യതകൾ തുറക്കുന്ന പ്രദേശമാണ്. മഞ്ഞുപുതഞ്ഞു കിടക്കുന്ന ഹിമവൽ കാഴ്ചകളുടെ സൗന്ദര്യമാണ് ഇവിടെ പ്രധാനമായും ആസ്വദിക്കാനുള്ളത്. ശ്രീനഗറിൽ നിന്നും 87 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് സോൻമാർഗ്. കശ്മീരിലെ മഞ്ഞ് കാഴ്ചകൾ കാണുവാനുള്ള മികച്ച പ്രദേശമാണിത്. സമുദ്ര നിരപ്പിൽ നിന്നും 2730 മീറ്റർ ഉയരത്തിലാണ് സോൻമാർഗ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുപെയ്യുന്നതിന്റെ അതിമനോഹരമായ കാഴ്ചകൾ ഇവിടെനിന്നും ആസ്വദിക്കാം.