കേരളത്തിലെ മാവോയിസ്റ്റുകള്‍ പാവങ്ങള്‍-മുല്ലപ്പള്ളി

കല്‍പറ്റ- കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതു ഏറ്റവും ദുര്‍ബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലില്‍ മുറിവും വ്രണവുമായി നടക്കുന്ന, ഒരു നേരത്തേ ഭക്ഷണത്തിനു ഗതിയില്ലാത്ത പാവങ്ങളാണ് സംസ്ഥാനത്തെ മാവോയിസ്റ്റു സംഘത്തിലുള്ളത്. പരിവര്‍ത്തനം ആഗ്രഹിച്ചുനടക്കുന്ന കുറെ വൈരുധ്യ കമ്മ്യൂണിസ്റ്റുകളാണവര്‍. മനുഷ്യത്വപരമായ നിലപാട് അവരോടുണ്ടാകണം. മാവോയിസ്റ്റുകള്‍ എന്നുപറഞ്ഞു എട്ടുപേരെ വ്യാജ എറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയെന്ന നയം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനു ചേര്‍ന്നതല്ല.

കോഴിക്കോട്ടെ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനു ന്യായീകരകണമില്ല.സര്‍ക്കാര്‍ നയത്തിന്റെ തിക്തഫലം അനുഭവിക്കുകയാണ് ഈ ചെറുപ്പക്കാര്‍.


മാവോയിസ്റ്റ് പ്രശ്‌നം പരിഹരിക്കേണ്ടതു അവരെ വെടിവച്ചുകൊന്നല്ല.കുഗ്രാമങ്ങളില്‍  സാമൂഹിക,സാമ്പത്തിക ഉന്നമനം സാധ്യമാക്കിയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. മാവോവദിയെ കണ്ടാലുടന്‍ പിന്നില്‍നിന്നു വെടിവയ്ക്കുന്നതു പ്രാകൃതവും ക്രൂരവുമാണ്-മുല്ലപ്പള്ളി പറഞ്ഞു.

Latest News