Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉപാധികളില്ലാതെ ചർച്ച, പങ്കെടുക്കുമെന്ന് കർഷക പ്രക്ഷോഭകർ

ന്യൂദൽഹി- കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷക പ്രക്ഷോഭകർ. അതേസമയം ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന മുന്നറിയിപ്പ് നൽകി. ഉപാധികളൊന്നുമില്ലാതെയാണ് സർക്കാർ ചർച്ചക്ക് ക്ഷണിച്ചതെന്നും അതിനാൽ പങ്കെടുക്കുമെന്നും കർഷക സംഘടന പ്രതിനിധികൾ വ്യക്തമാക്കി. 
മുപ്പത്തിയഞ്ചോളം സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. കർഷക നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലയിൽ നിയമം കൊണ്ടുവരിക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ദൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച നടക്കുന്നത്.  കാർഷിക നിയമത്തിനെതിരെ പാളയത്തിൽ തന്നെ പട തുടങ്ങിയതോടെയാണ് പ്രശ്‌നപരിഹാരത്തിനായി ബി.ജെ.പിയും കേന്ദ്ര സർക്കാറും രംഗത്തെത്തിയത്. ഏതുവിധേനയും പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. 
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ സഖ്യം വിടുമെന്ന താക്കീതുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി രംഗത്തെത്തി. ലോക്‌സഭ എം.പിയും പാർട്ടി നേതാവുമായ ഹനുമൻ ബേനിവാലാണ് മുന്നറിയിപ്പ് നൽകിയത്. അതിനിടെ, ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകൾ ഒന്നടങ്കം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഖാപ്പ് പ്രതിനിധികൾ എല്ലാവരും കാർഷിക നിയമങ്ങൾ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു ഇന്ന് ദൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് ഹരിയാന ഖാപ്പ് അധ്യക്ഷനും ദാദ്രിയിൽ (ഭിവാനി) നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ സോംബീർ സാംഗ്‌വാൻ പറഞ്ഞു. കർഷകർക്ക് വേണ്ടി അകത്തു നിന്നും പുറത്തു നിന്നും ശബ്ദം ഉയർന്നതോടെയാണ് ബി.ജെ.പി അപകടം മണത്തത്. 
കർഷകസമരം തലസ്ഥാനത്ത് രൂക്ഷമാകുമ്പോഴും കർഷകരുടെ ആവശ്യങ്ങൾക്ക് മുഖം കൊടുക്കാതെ കാർഷിക ബില്ലുകളെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദശാബ്ദങ്ങളായി കർഷകരെ ചിലർ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ, തന്റെ സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യം ഗംഗ നദിയിലെ ജലം പോലെ പവിത്രമാണ്. മുമ്പുണ്ടായിരുന്ന സംവിധാനങ്ങളാണ് മെച്ചപ്പെട്ടത് എന്നാർക്കെങ്കിലും തോന്നിയാൽ എങ്ങനെയാണ് പുതിയ കാർഷിക നിയമങ്ങൾ അവർക്കു തടസമാകുന്നത്. പുതിയ വിപണി നിർദേശം പരമ്പരാഗത വിപണികളെയും താങ്ങുവിലയേയും ഇല്ലാതാക്കില്ലെന്നും മോഡി ആവർത്തിച്ചു. മിനിമം താങ്ങുവില സംബന്ധിച്ചു പ്രചരിക്കുന്ന തെറ്റിദ്ധാരണകളിൽ വീഴരുതെന്ന അഭ്യർഥനയുമായി കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും പ്രകാശ് ജാവഡേക്കറും ഇന്നലെ രംഗത്തെത്തിയിരുന്നു.
കർഷക വിഷയത്തിൽ എൻ.ഡി.എ സഖ്യം  വിടാതിരിക്കാൻ മൂന്നു ഉപാധികളാണ് രാജസ്ഥാനിൽ നിന്നുള്ള ഘടകക്ഷിയായ ലോക് താന്ത്രിക് പാർട്ടി എം.പി മുന്നോട്ടു വെച്ചിരിക്കുന്നത്. സർക്കാർ ഉടൻ കർഷകരുമായി ചർച്ച നടത്തണം. സ്വാമി നാഥൻ കമ്മീഷൻ റിപ്പോർട്ട് ഉടനടി നടപ്പാക്കാണം. സർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകളും അടിയന്തരമായി റദ്ദാക്കണം എന്നിവയാണ് ഹനുമൻ ബേനിവാളിന്റെ ആവശ്യം. 
വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി സ്ഥാനം ഉപേക്ഷിച്ച് നേരത്തെ ശിരോമണി അകാലിദളും മുന്നണി വിട്ടിരുന്നു. ഇപ്പോൾ കേന്ദ്ര മന്ത്രി അമിത്ഷായോട്  ട്വിറ്ററിലൂടെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട ആർ.എൽ.പി എം.പി തന്റെ പാർട്ടിക്ക് മറ്റെന്തിലും വലുത് കർഷകരാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ പ്രധാനമായും കർഷകരുടെയും ജവാൻമാരുടെയും പിന്തുണയുള്ള പാർട്ടിയാണ് ആർ.എൽ.പി. തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിച്ചില്ലെങ്കിൽ എൻ.ഡി.എ സഖ്യത്തിൽ തുടരണോ എന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്നും ഹനുമൻ ബേനിവാൾ മുന്നറിയിപ്പു നൽകി. 
സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാരിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. തലസ്ഥാനത്തേക്കുള്ള ദൽഹി ചലോ കർഷക മാർച്ച് ഇത്ര വലിയ പ്രക്ഷോഭം ആയി മാറുമെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത്ഷാ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കർഷക വിഷയം ചർച്ച ചെയ്തു. നിരുപാധിക ചർച്ചക്ക് സർക്കാർ തയാറാണെന്ന വിവരമാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നു കർഷക സംഘടന നേതാക്കളിൽ ചിലർക്കു ലഭിച്ചത്. 
തലസ്ഥാനം സ്തംഭിപ്പിക്കും എന്നു കർഷകർ താക്കീത് നൽകിയതോടെയാണ് അമിത്ഷാ തിരക്കിട്ട് കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിയാലോചന നടത്തിയത്. കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വസതിയിലും അമിത്ഷാ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദൽഹിയിലേക്കുള്ള അഞ്ച് അതിർത്തികളും അടച്ചു സമരം ചെയ്യുമെന്നാണ് കർഷകർ താക്കീത് നൽകിയത്. ഇപ്പോൾ തന്നെ പഴം, പലചരക്ക്, പലവ്യഞ്ജനങ്ങളുമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നു ദൽഹിയിലേക്കു വന്ന ആയിരക്കണക്കിന് ട്രക്കുകൾ തലസ്ഥാനത്തേക്കു കടക്കാനാകാതെ അതിർത്തികളിൽ കുടുങ്ങിക്കിടക്കുകയാണ്. 

Latest News