കേരളത്തിലടക്കം അടുത്ത വര്‍ഷം പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം ലഭിച്ചേക്കും

ന്യൂദല്‍ഹി- പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അടുത്തവര്‍ഷം കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കാനരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലുള്ള തപാല്‍ വോട്ടിന് (ഇ.ടി.പി.ബി.എസ്- ഇലക്ടോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) ഭരണപരമായും സാങ്കേതികമായും തയാറാണെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

നിലവില്‍ സൈനികര്‍ക്കാണ് ഇ.ടി.പി.ബി.എസ് വഴി വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. പോസ്റ്റല്‍ ബാലറ്റ് ഇ-മെയില്‍ വഴി അയച്ച് സാധാരണ തപാലില്‍ സ്വീകരിക്കുന്ന രീതിയാണിത്.

ഇത് പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കാന്‍ 1961 ലെ ഇലക് ഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രം മതി. ഇതിന് പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ല.

നിലവില്‍ വിദേശത്ത് താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. വിദേശത്ത് കഴിയുന്ന വോട്ടര്‍മാരില്‍ ഏതാനും ആയിരങ്ങള്‍ മാത്രമാണ് ഇങ്ങനെ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ കുറച്ചെങ്കിലുമുള്ളത്.

ഒരു കോടിയിലെറെ ഇന്ത്യക്കാര്‍ വിദേശത്തുണ്ടെന്നും ഇവരില്‍ 60 ലക്ഷത്തിലേറെ പേര്‍ വോട്ടവകാമുള്ള പ്രായക്കാരാണെന്നുമാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിന് അവസരം ലഭിച്ചാല്‍ കേരളം, പഞ്ചാബ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നും കരുതുന്നു.

 

Latest News