Sorry, you need to enable JavaScript to visit this website.

വിദേശ തൊഴിലാളികളെ കുത്തിനിറച്ച താമസ കേന്ദ്രങ്ങള്‍; മലേഷ്യ വന്‍ പിഴ ഈടാക്കുന്നു

ക്വാലാലംപൂര്‍- മലേഷ്യയില്‍ വിദേശ തൊഴിലാളികളുടെ പാര്‍പ്പിടങ്ങളില്‍ അധികമായി താമസിക്കുന്ന ഒരോ തൊഴിലാളിക്കും 12,277 ഡോളര്‍ പിഴ വിധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി തൊഴിലുടമകള്‍ രംഗത്ത്.

വന്‍ പിഴ ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനി മേധാവികളെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ കണ്ടെത്താനാണ് ശ്രമം.

അടുത്ത വര്‍ഷം മാര്‍ച്ച് 21 മുതലായിരിക്കും പുതിയ നിബന്ധന ബാധകമാകുകയെന്ന് കരുതിയിരുന്നതെങ്കിലും നവംബര്‍ 26 മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന മന്ത്രി ഇസ്മായില്‍ സാബ്രി യാക്കൂബിന്റെ പ്രസ്താവനയാണ് തൊഴിലുടമകളെ ഞെട്ടിച്ചത്.

താമസ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ 2021 മാര്‍ച്ച് വരെയാണ് മാനവശേഷി മന്ത്രാലയം നേരത്തെ സമയം അനുവദിച്ചിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടത്ര ഹോസ്റ്റലുകള്‍ ലഭ്യമല്ല. പുതിയ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് സമയവും ലോക്കല്‍ കൗണ്‍സിലുകളുടെ സഹായവും ആവശ്യമാണെന്ന് ഫെഡറേഷന്‍ ഓഫ് മലേഷ്യന്‍ മാനുഫാക്‌ചേഴ്‌സ് (എഫ്.എം.എം) പ്രസിഡന്റ് സോ തിയാന്‍ ലായി പറഞ്ഞു.

 

Latest News