കാണാതായ മിഗ് വിമാനത്തിലെ പൈലറ്റ് പുറന്തള്ളപ്പെട്ടതായി സൂചന; തിരച്ചില്‍ തുടരുന്നു

മുംബൈ- അറബിക്കടലില്‍ നാലു ദിവസം മുമ്പ് തകര്‍ന്നു വീണ് കാണാതായ നാവിക സേനയുടെ മിഗ്-29കെ പോര്‍വിമാനത്തിന്റെ അവശിഷ്ടം കഴിഞ്ഞ ദിവസം കണ്ടെത്തി. കാണാതായ പൈലറ്റ് അപകടസമയത്ത് വിമാനത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടതായാണ് ഇതു നല്‍കുന്ന സൂചന. പരിശീലനകനും വിമാനം നിയന്ത്രിക്കുകയും ചെയ്തിരുന്ന കമാന്‍ഡര്‍ നിശാന്ത് സിങിനെയാണ് കാണാതയത്. നിശാന്ത് സിങിന്റെ ഇജക്ഷന്‍ സീറ്റ് ഇപ്പോള്‍ ലഭിച്ച വിമാന അവശിഷ്ടത്തില്‍ ഇല്ല. വിമാനം തകര്‍ന്നുവീണെന്നു സംശയിക്കുന്ന പ്രദേശത്തും ഇതു കണ്ടെത്താനായില്ല. ഇരട്ട സീറ്റുള്ള റഷ്യന്‍ നിര്‍മ്മിത പോര്‍ വിമാനത്തിലുണ്ടായിരുന്ന ട്രൈനീ പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഇജക്ഷന്‍ സീറ്റാണ് ഈ വിമാനത്തിലേത്. അപകട സമയത്ത് വിമാനം നിയന്ത്രിക്കുന്നയാള്‍ ഇജക്ഷന്‍ ഹാന്‍ഡില്‍ വലിച്ചാല്‍ ആദ്യം പിന്നിലെ സീറ്റാണ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട് പുറന്തള്ളപ്പെടുകയും പാരച്യൂട്ടില്‍ താഴേക്കു പതിക്കുകയും ചെയ്യുക. ഇതിനു ശേഷമെ പൈലറ്റിന്റെ സീറ്റ് പുറന്തള്ളപ്പെടുകയുള്ളൂ. 

അപകട സമയത്ത് വളരെ താഴ്ന്നാണ് മിഗ് വിമാനം പറന്നിരുന്നതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. താന്‍ പുറന്തള്ളപ്പെട്ട ശേഷം മറ്റൊരു പാരച്യൂട്ട് കൂടി കണ്ടിരുന്നതായി രക്ഷപ്പെട്ട ട്രെയ്‌നീ പൈലറ്റും പറഞ്ഞിട്ടുണ്ട്. അതേസമയം കാണാതായ പൈലറ്റിനു വേണ്ടി കടലില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. താഴെ വെള്ളത്തില്‍ പതിച്ചാല്‍ ലൊക്കേഷന്‍ ബിക്കണ്‍ പ്രവര്‍ത്തിക്കുകയും ഇത് എവിടെയാണെന്ന് വേഗത്തില്‍ കണ്ടു പിടിക്കാനും സഹായിക്കും. എന്നാല്‍ കാണാതായ മിഗ് പൈലറ്റിന്റെ പേഴ്‌സനല്‍ ലോകേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിച്ചിട്ടില്ല.
 

Latest News