കിചഡി ഇന്ത്യയുടെ ദേശീയ ഭക്ഷ്യവിഭവമാക്കുന്നു

ന്യൂദല്‍ഹി- സമ്പന്നരും പാവപ്പെട്ടവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കിചഡി. വളരെ ലളിതമായ, രാജ്യത്ത് പലയിടത്തും പല പേരുകളില്‍ അറിയപ്പെടുന്ന ഈ വിഭവത്തെ ഇന്ത്യയുടെ ദേശീയ ഭക്ഷണ വിഭവമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം സംഘടിപ്പിക്കുന്ന 'വേള്‍ഡ് ഫൂഡ് ഇന്ത്യ 2017' എന്നു പേരിട്ടിരിക്കുന്ന മെഗാ പരിപാടിയില്‍ കിചഡിയെ താരമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കിചഡി ദേശീയ വിഭവമാണെന്ന ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഈ പരിപാടിയില്‍ നടക്കും.

ഭാഷയിലും ജീവിത രീതികളിലും ഭക്ഷണത്തിലും വൈവിധ്യം എമ്പാടുമുണ്ടെങ്കിലും ഇന്ത്യയില്‍ എല്ലായിടത്തും ലഭിക്കുന്ന ഒരു വിഭവമായ കിചഡിയെ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡാക്കി മാറ്റാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ മികച്ച പാചകക്കാര്‍ ചേര്‍ന്ന് 800 കിലോ കിചഡിയാണ് ഈ എക്‌സിബിഷനില്‍ പാചകം ചെയ്യുക. ഇതു 60,000 അനാഥരായ കുട്ടികള്‍ക്കും പരിപാടിക്കെത്തുന്ന അതിഥികള്‍ക്കും വിതരണം ചെയ്യും.

ലോകത്തെ മുന്‍നിര ഭക്ഷ്യസംസ്‌കരണ, ഉല്‍പ്പാദന കമ്പനികള്‍ ഈ പരിപാടിക്കെത്തുന്നുണ്ട്. നെസ്ലെ, ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍, ദി ഹെര്‍ശി കമ്പനി തുടങ്ങി ഇരുനൂറോളം ആഗോള ഭീമന്‍ ഭക്ഷ്യോല്‍പ്പന്ന കമ്പനികളും അമ്പതോളം സിഇഒമാരുമാണ് ഈ പരിപാടിക്കെത്തുന്നത്.

'ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തെ പ്രതീകവല്‍ക്കരിക്കുന്ന ഭക്ഷ്യവിഭവാണ് കിചഡി. അതു കൊണ്ടാണ് കിചഡിയെ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡായി അവതരിപ്പിക്കുന്നത്. ഏറ്റവും ആരോഗ്യദായകമായ ഈ വിഭവം ഇന്ത്യയിലൂടനീളം എല്ലാവരും കഴിക്കുന്ന ഒന്നാണ്,'   കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. 

Latest News