Sorry, you need to enable JavaScript to visit this website.

റിയാദ് തർഹീലിൽനിന്ന് ഇന്നലെ 290  ഇന്ത്യക്കാരെ കൂടി ദൽഹിയിലെത്തിച്ചു

റിയാദ്- റിയാദ് തർഹീലിൽനിന്ന് 290 ഇന്ത്യക്കാരെ കൂടി സൗദി എയർലൈൻസ് വിമാനത്തിൽ ദൽഹി വിമാനത്താവളത്തിലെത്തിച്ചു. രാവിലെ 10 മണിക്ക് റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് തിരിച്ച ഈ വിമാനത്തിൽ 20 മലയാളികളാണ് ഉള്ളത്. 
തമിഴ്‌നാട് 11, തെലങ്കാന 15, ബീഹാർ 22, യു.പി 116 പശ്ചിമ ബംഗാൾ 54, രാജസ്ഥാൻ 18 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കണക്ക്. ഇഖാമ പുതുക്കാതിരിക്കൽ, ഹുറൂബ്, തൊഴിൽ നിയമ ലംഘനം നടത്തൽ തുടങ്ങിയ കേസുകൾക്ക് പിടിക്കപ്പെട്ടാണ് ഇവർ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് എത്തിയത്. വിവിധ ഭാഗങ്ങളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നതിനാൽ നിരവധി പേർ പിടിക്കപ്പെട്ട് ഇപ്പോഴും നാടുകടത്തൽ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇവരിലെ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ട്. കോവിഡ് ഭീതിക്കിടെയും ഡൽഹി സർക്കാർ ഇവരുടെ വിമാനത്തിന് ലാന്റിംഗ് അനുമതി നൽകുന്നത് കാരണമാണ് ഈ സർവീസുകളെല്ലാം ഡൽഹിയിലേക്ക് പോകുന്നത്. ഡൽഹിയിൽ ഇറങ്ങിയ ശേഷം എല്ലാവരും അവരവരുടെ നാടുകളിലേക്ക് പോകും.

എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസഫ് കാക്കഞ്ചേരി, തുഷാർ, അബ്ദുസമദ് എന്നിവരാണ് തർഹീലിൽപോയി ഇവരുടെ യാത്രരേഖകൾ ശരിയാക്കിയത്. പാസ്‌പോർട്ടില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റാണ് എംബസി നൽകാറുള്ളത്. അതേസമയം രേഖകളെല്ലാം ശരിയായി എയർപോർട്ടിലെത്തിയാലും കേസുകളും മറ്റു നിയമനടപടികൾ നേരിടുന്നവർക്ക് നാട്ടിൽ പോകാൻ സാധിക്കാറില്ല. അവരെ തിരിച്ച് തർഹീലിലേക്ക് തന്നെ കൊണ്ടുവരികയാണ് പതിവ്. കേസുകൾ തീർന്ന ശേഷമേ അവർക്ക് നാട്ടിൽ പോകാൻ സാധിക്കുകയുള്ളൂ.
ഇഖാമ പുതുക്കാത്തവർക്കും ഹുറൂബായവർക്കും ഇന്ത്യൻ എംബസിയിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്ത് നാട്ടിൽ പോകാൻ അവസരം ഇപ്പോഴുമുണ്ട്. ഒരു ദിവസം 50 ൽ താഴെ പേർക്ക് മാത്രമേ ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നുള്ളൂ. 1000 ഓളം പേരാണ് അപേക്ഷകരായി ഉള്ളത്. ടിക്കറ്റെടുത്ത് നാട്ടിൽ പോകാനുള്ള നിർദേശവുമായി ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നവർക്ക് എംബസി മൊബൈൽ ഫോണിൽ സന്ദേശമയക്കും. 
 

Latest News