ചാവക്കാട് - കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ലഭിച്ച റവന്യൂ വകുപ്പിലെ പല ഉദ്യോഗസ്ഥരും ഞെട്ടലിലാണ്. ഒരാൾക്കു തന്നെ ഒന്നിലേറെ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചതാണ് കാരണം. ജില്ലയിലെ എല്ലാ താലൂക്കുകളിലെയും ഒരു വിഭാഗം റവന്യൂ ജീവനക്കാർക്ക് ഇത്തരത്തിൽ ഒന്നിലേറെ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചതായാണ് വിവരം. സെക്ടറൽ ഓഫീസറായും സെക്ടറൽ അസിസ്റ്റന്റ് ആയും ഉത്തരവ് ലഭിച്ചിട്ടുള്ള പല ജീവനക്കാർക്കും പോളിങ് ഓഫീസറുടെ ചുമതലയും ഏൽപ്പിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചതോടെ പലരും അങ്കലാപ്പിലായി. ചിലർക്ക് സെക്ട്രൽ അസിസ്റ്റന്റിന്റെ ജോലിയോടൊപ്പം റൂട്ട് ഓഫീസറുടെ ജോലിയാണ് ലഭിച്ചത്. ഏതു ജോലിക്കു ഹാജരാവുമെന്നറിയാതെ കുഴഞ്ഞ ജീവനക്കാർ താലൂക്ക് ഓഫീസുകളിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെട്ട് ഇരട്ട ജോലികളിലൊന്ന് റദ്ദു ചെയ്യാനുള്ള ശ്രമം തുടങ്ങി.
തെരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയപ്പോൾ പല റവന്യു ജീവനക്കാരുടെയും പേര് അതത് തദ്ദേശ സ്ഥാപനങ്ങൾ വഴിയും താലൂക്ക് ഓഫീസ് വഴിയും രണ്ടു തവണ എൻട്രി ചെയ്തതാണ് ജോലി ഇരട്ടിപ്പിന് കാരണമായതെന്നാണ് ജീവനക്കാർ പറയുന്നത്. പിശക് ചൂണ്ടിക്കാണിച്ച് താലൂക്ക് ഓഫീസുമായി ബന്ധപ്പെടുന്നവർക്ക് ഉടനെ തന്നെ ഒരു ജോലിയിൽ നിന്ന് ഒഴിവാക്കി നൽകുന്ന നടപടി തുടങ്ങിക്കഴിഞ്ഞു.