ഗുവാഹത്തി- വിവാഹത്തിന് ഒരു മാസം മുമ്പ് വധൂവരന്‍മാര്‍ ഔദ്യോഗിഗ രേഖകളില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയ നിയമം കൊണ്ടു വരാന്‍ അസമിലെ ബിജെപി സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലവ് ജിഹാദ് തടയാനെന്ന പേരില്‍ മിശ്രവിവാഹത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനിടെയാണ് മറ്റൊരു രൂപത്തില്‍ അസം സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. സഹോദരിമാരെ ശാക്തീകരിക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ നിയമം പൂര്‍ണമായും യുപിയിലേയും മധ്യപ്രദേശിലേയും നിയമലങ്ങളെ പോലെ അല്ല. എന്നാല്‍ സമാനതകള്‍ ഉണ്ടെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 'അസമിലെ നിയമം ലവ് ജിഹാദിനെതിരല്ല. ഇതില്‍ എല്ലാ മതങ്ങളും ഉള്‍പ്പെടും. സുതാര്യതയിലൂടെ നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കുന്ന നിയമമാണിത്. മതം മാത്രം വെളിപ്പെടുത്തിയാല്‍ പോര, വരുമാന സ്രോതസ്സും പൂര്‍ണ കുടുംബ വിവരങ്ങളും വിദ്യാഭ്യാസവും എല്ലാം വെളിപ്പെടുത്തണം. ഒരേ മതക്കാര്‍ തമ്മിലുള്ള വിവാഹങ്ങളിലും പലപ്പോഴും ഭര്‍ത്താക്കന്മാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പെണ്‍കുട്ടികള്‍ പിന്നീടാണ് തിരിച്ചറിയുന്നത്. ഇതു തടയാനാണ് ഈ നയമം,' മന്ത്രി പറഞ്ഞു.






