Sorry, you need to enable JavaScript to visit this website.

സ്ത്രീ സുരക്ഷയില്‍ മുന്നില്‍ ഗോവയും കേരളവും

ന്യുദല്‍ഹി- ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ ഓന്നാമത്. കേരളത്തിനാണ് രണ്ടാം സ്ഥാനം. പ്ലാന്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടന തയാറാക്കുകയും വനിതാ ശിശു വികസന മന്ത്രാലയം ആദ്യമായി പുറത്തിറക്കുകയും ചെയ്ത പ്രഥമ ലിംഗ സുരക്ഷാ സൂചികയില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, അതിക്രമങ്ങളില്‍ നിന്നുള്ള സുരക്ഷ തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിലൂടെയാണ് സൂചിക തയാറാക്കിയത്. ഈ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും. 

സൂചികയില്‍ 0.656 പോയിന്റാണ് ഒന്നാം സ്ഥാനത്തെത്തിയ ഗോവയ്ക്കു ലഭിച്ചത്. ദേശീയ ശരാശരിയായ 0.5314-ലും മുകളിലാണിത്. സ്ത്രീ സുരക്ഷയില്‍ ഗോവ ഒന്നാമതെത്തി. വിദ്യാഭ്യാസത്തില്‍ അഞ്ചാമതും ആരോഗ്യ, ഉപജീവനത്തില്‍ ആറാമതും എത്തി. സൂചികയില്‍ രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന് 0.634 പോയിന്റ് ഉണ്ട്. പ്രധാനമായും ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ് കേരളത്തെ മുന്നിലെത്തിക്കാന്‍ സഹായിച്ചത്. 

സൂചികയില്‍ ഏറ്റവും താഴെയുള്ള ബിഹാറിന് 0.410 പോയിന്റാണുള്ളത്. ഇവിടെ സ്ത്രീകളും കുട്ടികളും വളരെ മോശം സാഹചര്യത്തിലാണ്. ആരോഗ്യ കാര്യത്തിലും വിദ്യാഭ്യാസത്തിലും വളരെ പിന്നിലാണ്. സുരക്ഷയും തൃപ്തികരമല്ല. പെണ്‍കുട്ടികളില്‍ 39 ശതമാനവും നിയപരമായ വിവാഹ പ്രായം എത്തുന്നതിനു മുമ്പ് തന്നെ വിവാഹിതരാകുന്നു. 15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 12.2 ശതമാനം പേരും അമ്മമാരോ ഗര്‍ഭിണികളോ ആണെന്നും സര്‍വേയില്‍ കണ്ടെത്തി. 30 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ട സൂചികയില്‍ ദല്‍ഹി 28-ാം സ്ഥാനത്താണ്.

170 വ്യത്യസ്ത സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ഇതിനായി സംസ്ഥാനങ്ങളിലെ വിവരങ്ങളും 2011-ലെ സെന്‍സസ് വിവരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 

Latest News