Sorry, you need to enable JavaScript to visit this website.

വികസനത്തിന്റെ വർഗ ശത്രുക്കൾ

മാധ്യമ സ്വാതന്ത്ര്യം എന്നാൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എന്നു മാത്രമല്ല, തെറ്റു വരുത്താനുള്ള സ്വാതന്ത്ര്യം എന്നു കൂടിയാണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലാകില്ലെന്നു തോന്നുന്നു. തെറ്റു വരുത്തുന്നവരെ, അവരുടെ ഉദ്ദേശ്യം എന്തെന്നിരിക്കിലും തെറ്റു ബോധ്യപ്പെടുത്താനുള്ള സംവിധാനം നിലവിലുണ്ട്.  അത് പ്രയോജനക്ഷമമല്ലാതെ വരുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണം.  അതിനു പകരം മാധ്യമങ്ങളെ ആക്ഷേപിച്ചതുകൊണ്ട് ആർക്കും ഗുണമില്ല.  ആക്ഷേപിച്ചാൽ പോരാ, അവർക്ക് കടിഞ്ഞാണിടാൻ പോലീസിന് പ്രത്യേകാധികാരം കൊടുക്കണമെന്നു കൂടി വാദിക്കുന്നവരെയാണ് മുഖ്യമന്ത്രി തന്റെ ഉപദേശക വൃന്ദത്തിൽ കുത്തിക്കയറ്റിയിരിക്കുന്നത്. 


പിന്നീട് രാഷ്ട്രപതിയായ ഡോക്ടർ ശങ്കർ ദയാൽ ശർമ  കോൺഗ്രസ് പ്രസിഡന്റായിരിക്കേ പ്രചാരത്തിൽ വന്നതാണ് വിദേശ ഹസ്തം.  ശ്രദ്ധിക്കണം, പ്രചാരത്തിൽ, പ്രവർത്തനത്തിലല്ല. ഇന്ത്യയെ തച്ചുടക്കാൻ പുറത്തുനിന്ന് ആരൊക്കെയോ രാപ്പകൽ മെനക്കെടുന്നുണ്ടെന്നായിരുന്നു ശുദ്ധനും സൗമ്യനുമായിരുന്ന ശർമയുടെ വെളിപാട്. ഗൂഢാലോചന ആരു നയിക്കുന്നുവെന്നോ, എവിടെ എന്തെല്ലാം വിപത്ത് വിഭാവന ചെയ്യുന്നുവെന്നോ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നില്ല.  അദ്ദേഹത്തിന് അറിയുമായിരുന്നില്ല എന്നു കരുതുകയാവും യുക്തം. വാസ്തവത്തിൽ പാർട്ടിയുടെ ദേഹവും ദേഹിയുമായിരുന്ന ഇന്ദിരാഗാന്ധി അങ്ങനെയൊരു വിദേശഹസ്ത സാധ്യതയെപ്പറ്റി സൂചിപ്പിച്ചു, ശർമയും സിൽബന്തികളും ഉത്സാഹഭരിതരായി അതേറ്റുപാടി.  അത്രയേ ഉള്ളൂ.

 

ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെപ്പറ്റി ഓരോ രാജ്യത്തിനും ഓരോരോ വീക്ഷണം ഉണ്ടായിരിക്കും. മറ്റുള്ളവരുടെ നോട്ടത്തെയും നീക്കത്തെയും സ്വാധീനിക്കാൻ പരസ്യമായും രഹസ്യമായും ഓരോ രാജ്യവും ശക്തിക്കൊത്ത പോലെ ഓരോ പരിപാടിയിൽ മുഴുകാം. ലോകത്തിന്റെ ഗതി തങ്ങൾക്കനുകൂലമാക്കാൻ അതികായന്മാർ അപ്പപ്പോൾ നശീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ കഥയാകും വിദേശ നയ സാഹിത്യത്തിന്റെ നല്ലൊരു ഭാഗം. സി.ഐ.എയും കെ.ജി.ബിയും മാത്രമല്ല, അത്ര തന്നെ അറിയപ്പെടാത്ത ചാരസംഘങ്ങളും അരങ്ങേറ്റിയ അക്രമങ്ങളും ഭരണമാറ്റങ്ങളും വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  വലിയ രാജ്യമായ ഇന്ത്യയെ തങ്ങളുടെ വഴിക്കു വരുത്താൻ ശ്രമിക്കുന്നതും ആ നീക്കങ്ങളിൽ ഉൾപ്പെടും. പക്ഷേ നാട്ടിലെ കുഴപ്പമെല്ലാം പുറത്തുനിന്ന് ഇറക്കുമതി ചെയ്തതാണെന്നു വിശ്വസിക്കാനും നാട്ടുകാരെ വിശ്വസിപ്പിക്കാനും അതിന്റെ നേതൃത്വം ഉത്സാഹം കാട്ടിയാൽ ഫലം മിക്കപ്പോഴും ഫലിതമായിരിക്കും. ഉത്സാഹഭരിതമായ ആ പ്രചാരണം, പുലി വരുന്നേ, പുലി വരുന്നേ എന്നു വെറുതെ നിലവിളിച്ചിരുന്ന പയ്യനെ ഒടുവിൽ പുലി പിടിച്ച അനുഭവത്തിന്റെ ദുരന്തം ഓർമിപ്പിക്കുന്നു.  

 

വിദേശ ഹസ്തത്തെപ്പറ്റിയുള്ള ശങ്കർ ദയാൽ ശർമയുടെ വിലാപം യാഥാർത്ഥ്യമായി പരിണമിച്ചു എന്നു സ്ഥാപിക്കുകയല്ല ഇവിടെ. ഇന്ത്യയുടെ വലിപ്പവും വൈവിധ്യവും ഉള്ളുറപ്പുമുള്ള ഒരു രാജ്യത്തിന്റെ കാലു വാരുക എളുപ്പമല്ല. പക്ഷേ അങ്ങനെയൊരു സാധ്യത കൂടെക്കൂടെ ചൂണ്ടിക്കാണിക്കുകയും ജനത്തെ വിരട്ടിനിർത്തുകയും നേതൃത്വത്തിന്റെ ദൗർബല്യം മറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നു ബോധ്യപ്പെടുത്തുന്നുവെന്നേയുള്ളൂ.  തികച്ചും ഭീഷണമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തെപ്പറ്റിയുള്ള ബോധം ഉളവാക്കുന്നതിനു പകരം നേരിയ ഫലിതവും അവിശ്വാസവും ഉണ്ടാക്കാനേ അത് ഉപകരിക്കുകയുള്ളൂ.  

 

വിദേശ ഹസ്തത്തെപ്പറ്റി പരമ്പരയെന്നോണം ശങ്കർ ദയാൽ ശർമയും മറ്റും  നടത്തിവന്ന പ്രസ്താവന ശ്രീകൃഷ്ണ മുൽഗാവ്കർ എന്ന പത്രാധിപരിൽ ഉണർത്തിയത് പരിഹാസം മാത്രമായിരുന്നു. സ്വതവേ കോൺഗ്രസിനെ നിശിതമായി വിമർശിച്ചിരുന്ന മുൽഗാവ്കർക്ക് ശർമയുടെ പ്രകടനവും പ്രസ്താവനയും അസഹ്യമായി.  ശർമയുടെ പ്രസ്താവനയെ പരിഹസിക്കാത്ത പംക്തി അദ്ദേഹത്തിന്റേതായി ആയിടക്കിറങ്ങിയിട്ടില്ല. 'വിദേശ ഹസ്തത്തെപ്പറ്റി ശങ്കർ ദയാൽ ശർമയിൽനിന്ന് ഒന്നും കേൾക്കാത്ത ഒരാഴ്ച കൂടി കടന്നു പോയിരിക്കുന്നു.' ഏതാണ്ട് ഈ മട്ടിൽ തുടങ്ങുന്ന പംക്തി ഭരണത്തെയും പാർട്ടിയെയും നന്നായി കുടഞ്ഞിട്ടേ നിർത്തുമായിരുന്നുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിമർശിക്കുന്നവരോട് അനുവർത്തിക്കുന്ന ഭാവം തന്നെയാകും ഇന്ദിരാ ഗാന്ധിക്കും പാർട്ടിക്കും അന്ന് അവരെ പരിഹസിച്ചിരുന്നവരോടും തോന്നിക്കാണുക.  


വിദേശ ഹസ്തത്തെപ്പറ്റിയുള്ള പ്രസ്താവനയെ വേറൊരു വഴിക്കും ചിലർ കണ്ടിരുന്നു.  ശരീരത്തിന്റെ സ്ഥൂലത കൊണ്ടും ആക്രമണത്തിലെ അപ്രസ്തുത പ്രശംസ കൊണ്ടും സഭയെ പിടിച്ചിരുത്തിയിരുന്ന ആളായിരുന്നു പിലൂമോഡി. ആർക്കിടെക്റ്റ് ആയി പരിശീലിച്ച മോഡിയുടെ വിമർശനം അദ്ദേഹത്തിന്റെ നിർമിതി പോലെ തികഞ്ഞ ശുഷ്‌കാന്തിയോടെ  അളന്നു മുറിച്ചുള്ളതായിരുന്നു.   വിദേശ ഹസ്തം എവിടെയും കാണുകയും അനിഷ്ടം പറയുന്ന ആരെയും സി.ഐ.എ ചാരൻ എന്നു മുദ്ര കുത്തുന്ന രീതി പരിഹാസ്യവും നിരന്തരവും ആയപ്പോൾ ഒരു ദിവസം മോഡി സഭയിൽ എത്തിയത് കുർത്തയുടെ ഇടത്തേ നെഞ്ചിൽ ഒരു ലേബൽ തുന്നിപ്പിടിപ്പിച്ചുകൊണ്ടായിരുന്നു. 'ഞാൻ സി.ഐ.എ ചാരൻ' എന്നൊരു പ്രഖ്യാപനമായിരുന്നു ആ ലേബൽ. ഹീനമായ ആക്ഷേപത്തെ പരിഹാസം കൊണ്ടു ദുർബലമാക്കുന്ന ശൈലി വിജയന്റെ ഭരണത്തിൽ എന്തുകൊണ്ടോ ഫലിച്ചുവരുന്നില്ല.

 

തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ധർമയുദ്ധത്തിലാണെന്നും തങ്ങളെ തോൽപിക്കാനും തകർക്കാനും വർഗശത്രുക്കൾ ദുഷ്ടവലയം തീർത്തിരിക്കുകയാണെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ.  പാർട്ടിയുമായി ചേരാതെ നിൽക്കുന്നവർ പാർട്ടി വിരുദ്ധരാകുന്നു, വിരുദ്ധർ വർഗശത്രുക്കളാകുന്നു.  അവിടന്ന് അടുത്ത പടി സ്വാഭാവികം മാത്രം: വർഗ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതാണ് പാർട്ടി പരിപാടി. അതുൾക്കൊള്ളുന്ന വിപ്ലവത്തിന്റെ പാഠപുസ്ത്കം ഹൃദിസ്ഥമാക്കിയ ആളു തന്നെ പിണറായി വിജയൻ. ഉപ്പു തൊട്ട് കർപ്പൂരം വരെ എന്തു കാര്യത്തിലും പാർട്ടിയുടേതിൽനിന്നു വിഭിന്നമായ അഭിപ്രായം പുലർത്തുന്നവരെ പിണറായി സമീപിക്കുന്ന രീതി കണ്ടാൽ അക്കാര്യം വ്യക്തമാകും. 


ഒന്നു രണ്ടു ഉദാഹരണങ്ങൾ ഉന്നയിക്കാം. പഴയ ലാവ്‌ലിൻ കേസിലേക്കു മടങ്ങുക, ഒരു നിമിഷം. കേട്ടുകേൾവിയനുസരിച്ച്  പറയുന്നതാണ്.  ആരും പക്ഷേ അതിതുവരെ ഖണ്ഡിച്ചിട്ടില്ല. പിണറായി വൈദ്യുതി മന്ത്രി. വരദാചാരി ആയിരുന്നു ധന സെക്രട്ടറി. വൈദ്യുത നിലയം സ്ഥാപിക്കാൻ കരാറെടുക്കുന്നവർ അർബുദ ചികിത്സയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നൊരു ലളിത ചോദ്യം ഉന്നയിച്ചു, ചാരി.  തനിക്കു പിടിക്കാത്ത ചോദ്യം ചോദിക്കുന്ന ആളുടെ തല പരിശോധിക്കണമെന്ന് മന്ത്രി ഫയലിൽ എഴുതിപ്പിടിപ്പിച്ചതായാണ് വാർത്ത. തന്നോട് യോജിക്കാത്തവരെ അങ്ങനെ കാണുന്നവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാറുള്ള വേറൊരു വാക്കാണ് ഫാസിസ്റ്റ് ബൂർഷ്വാ കോടതിയിൽനിന്നും ബൂർഷ്വാ മാധ്യമത്തിൽനിന്നും നീതി കിട്ടില്ലെന്നാണ് വിപ്ലവത്തിനിറങ്ങിപ്പുറപ്പെട്ടിട്ടുള്ളവരുടെ വിചാരവും പ്രചാരണവും. തൊട്ടാൽ പൊട്ടുന്ന ദേഷ്യത്തോടെ അവർക്കെതിരെ പരസ്യമായും രഹസ്യമായും പ്രതികരിക്കുകയും ചെയ്യും.  പണ്ടൊരു പത്രാധിപരെ പിണറായി പേരെടുത്തു വിളിച്ച് ഭർത്സിച്ച കാര്യം ആരും മറന്നു കാണില്ല.  ഏതോ കാര്യത്തിൽ തനിക്ക് ഇഷ്ടമല്ലാത്ത നിലപാടെടുത്ത ഒരു ക്രൈസ്തവ മെത്രാനെ പിണറായി കണ്ടത് നികൃഷ്ട ജീവിയായിട്ടായിരുന്നു  ആ പശ്ചാത്തലത്തിൽ തന്റെ മുന്നണി വിട്ടുപോകുന്ന ഒരാളെ പരനാറിയും തന്റെ ചേരി തിരിഞ്ഞുപോകുന്നവരെ കുലംകുത്തികളും. ആയി കാണുന്നതിൽ അപാകതയില്ല. പിണറായി വിജയന്റെ ലോകത്തിൽ വ്യത്യസ്തമായ അഭിപ്രായത്തോടെ സഹവർത്തിത്വം സാധ്യമല്ലെന്നു വരുന്നു.

 

ഈയിടെ അദ്ദേഹം അവതരിപ്പിച്ച വിരോധത്തിന്റെ മുഖം പഴയ വൈരാഗ്യ പർവത്തിന്റെ തുടർച്ച മാത്രമേ ആകുന്നുള്ളൂ.  പാർട്ടിയുടെ പരിപാടി അട്ടിമറിക്കാനും സർക്കാരിനെ വീഴ്ത്താനും കേന്ദ്ര അന്വേഷണ സ്ഥാപനങ്ങളായ സി.എ.ജിയും എൻഫോർസ്‌മെന്റ് ഡയറക്റ്ററേറ്റും പദ്ധതി ഇട്ടിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പല്ലവി. സാമാന്യ യുക്തിക്ക് നിരക്കാത്തതാണ് സി.എ.ജി കേരളത്തിന്റെ വികസനം തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം. യുക്തി പഴയതു തന്നെ: തന്നോടു യോജിക്കാത്തവർ വിരുദ്ധർ. വിരുദ്ധർ ശത്രുക്കൾ. ശത്രുക്കളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഏതു പദാവലിയും മൃദുവായിപ്പോവില്ല.  


മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയുടെ മാതൃകയായിരുന്നു ഏതോ യോഗത്തിന്റെ പടമെടുക്കാൻ എത്തിയവരെ കടക്ക് പുറത്ത് എന്ന് ആട്ടിയോടിച്ച സംഭവം. മര്യാദയില്ലായ്മയുടെ ആ പ്രകടനം അതോടെ തീർന്നു എന്ന് കരുതിയവർക്ക് തെറ്റിപ്പോയി. പിണറായി വിജയന്റെ പാരുഷ്യം ഒരിക്കലും പഴുതാകാറില്ല. ചെറുതും വലുതുമായ ഓരോരോ കാര്യങ്ങളിൽ മാധ്യമങ്ങൾക്ക് പിഴവ് ഉണ്ടായാൽ അത് അപ്പപ്പോൾ കാര്യകാരണ സഹിതം പറഞ്ഞു ഫലിപ്പിക്കാൻ ചുമതലപ്പെട്ട ഒരു മാധ്യമോപദേശക സൈന്യം തന്നെ അദ്ദേഹത്തിനു കീഴ്‌പെട്ടിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം എന്നാൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എന്നു മാത്രമല്ല, തെറ്റു വരുത്താനുള്ള സ്വാതന്ത്ര്യം എന്നു കൂടിയാണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലാകില്ലെന്നു തോന്നുന്നു. തെറ്റു വരുത്തുന്നവരെ, അവരുടെ ഉദ്ദേശ്യം എന്തെന്നിരിക്കിലും, തെറ്റു ബോധ്യപ്പെടുത്താനുള്ള സംവിധാനം നിലവിലുണ്ട്.  അത് പ്രയോജന ക്ഷമമല്ലാതെ വരുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണം.  


അതിനു പകരം മാധ്യമങ്ങളെ ആക്ഷേപിച്ചതുകൊണ്ട് ആർക്കും ഗുണമില്ല.  ആക്ഷേപിച്ചാൽ പോരാ, അവർക്ക് കടിഞ്ഞാണിടാൻ പോലീസിന് പ്രത്യേകാധികാരം കൊടുക്കണമെന്നു കൂടി വാദിക്കുന്നവരെയാണ് മുഖ്യമന്ത്രി തന്റെ ഉപദേശക വൃന്ദത്തിൽ കുത്തിക്കയറ്റിയിരിക്കുന്നത്. അവരാകാം ധിറുതിയിൽ പിൻവലിക്കേണ്ട പോലീസ് നിയമം പടച്ചുവിട്ടതിന്റെ പിറകിൽ എന്നു ധരിക്കണം. ആരും എവിടെയും എതിർക്കുന്ന ഒരു നിയമ ധാർഷ്ട്യത്തിന്റെ ശിൽപി എന്ന പേരിൽ അത് പിണറായി വിജയനെ പ്രതിഷ്ഠിക്കും. തകർച്ചയുടെ വഴിയിലൂടെ നീങ്ങുമ്പോഴേ ആരും അങ്ങനെയൊരു നിലപാട് എടുക്കൂ.  

Latest News