Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ട് കോൺ ചർച്ചകൾക്ക് തുടക്കമായി

കേരള മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റാർട്ട്‌കോൺ ചർച്ചാ പരമ്പരക്ക് തുടക്കമായി. സ്റ്റാർട്ടപ്പ് മേഖലയിൽ വിജയം കൈവരിക്കുന്ന സംരംഭങ്ങളെയും സംരംഭകരേയും പരിചയപ്പെടുത്തുന്ന പുതിയ പരമ്പരയായ ''കെ.എം.എ സ്റ്റാർട്ട്‌കോൺ കോൺവെർസേഷൻ'' ആദ്യ ചർച്ചയിൽ ക്യൂട്ടിപൈ കേക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ഫൗസി നിസാം, ഗിഗ്‌സ് ബോർഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ സുജിത് കെ. ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.
ഓരോരുത്തർക്കും അഭിരുചിയും അതിയായ ആഗ്രഹവുമുള്ള കാര്യം മാത്രമേ മടുക്കാതെ ചെയ്യാനാവുകയുള്ളൂവെന്നും അതുകൊണ്ടുതന്നെ അധ്യാപക ജോലി അവസാനിപ്പിച്ച് പാഷനുമായി ചേർന്ന് പോവുകയായിരുന്നു താനെന്ന് ഫൗസി നിസാം പറഞ്ഞു. കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തിലേറെ കേക്കുകൾ ഉൽപാദനം ചെയ്ത് ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫൗസി ഉൽപന്നത്തേക്കാൾ ഉപഭോക്താവിന്റെ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നതിലൂടെയാണ് തന്റെ ബിസിനസ് രംഗത്തിന് വികാസമുണ്ടാക്കാൻ സാധിച്ചതെന്ന് പറഞ്ഞു. ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ച് ഉൽപന്നം നൽകുകയെന്നതാണ് തന്റെ സംരംഭത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും അവർ വിശദീകരിച്ചു.
ഗിഗ് ഇക്കണോമി എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വിഭാവനം ചെയ്ത ഗിഗ്‌സ് ബോർഡ് ഇന്ത്യ സ്ഥാപകനായ സുജിത് ഭാസ്‌കരൻ ഈ പുതിയ സാങ്കേതിക വിദ്യ തൊഴിൽ രംഗത്ത് വരുത്തുന്ന മാറ്റങ്ങളെ ക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ലക്ഷക്കണക്കിന് പേരുടെ തൊഴിൽ രീതികളെ മാറ്റിമറിക്കാൻ കോവിഡിന് സാധിച്ചുവെന്ന് സുജിത് കെ. ഭാസ്‌ക്കരൻ ചൂണ്ടിക്കാട്ടി. കേവലം കംപ്യൂട്ടറിനും മൊബൈലിനും മുമ്പിലിരുന്ന് പല കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന കാര്യമാണ് സമീപകാലം തെളിയിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ആരോടും സംസാരിക്കാൻ മാത്രമല്ല വളരെയേറെ ദൂരം യാത്ര ചെയ്ത് ഒരാളെ കാണുന്നതിന് പകരം എളുപ്പത്തിൽ സമയലാഭത്തോടെ കാര്യങ്ങൾ നിർവഹിക്കാനും സാധിച്ചതായും അദ്ദേഹം വിശദീകരിച്ചു. കഌഡ് സോർസിംഗ്, ഫ്രീ ലാൻസ് തൊഴിൽ സാദ്ധ്യതകൾ, കഌപ്തകാലത്തേക്കുള്ള തൊഴിൽ കരാറുകൾ എന്നിവ സമന്യയിപ്പിച്ചു സുതാര്യമായ രീതിയിൽ പദ്ധതികൾ ഓൺലൈനിൽ മാനേജ് ചെയ്യുവാൻ ഗിഗ്‌സ്‌ബോർഡ് എന്ന തന്റെ പ്ലാറ്റുഫോം കൊണ്ട് സാധിക്കുമെന്ന് സുജിത് അവകാശപ്പെട്ടു. 


 

Latest News