Sorry, you need to enable JavaScript to visit this website.

സ്വർണം, തേയില വിലയിൽ ഇടിവ്, ക്രിസ്മസ് വിപണിയിൽ ഉണർവ്

അന്താരാഷ്ട്ര മാർക്കറ്റിനൊപ്പം കേരളത്തിലും സ്വർണ വില ഇടിഞ്ഞു. കൊപ്ര ക്ഷാമം മില്ലുകാരുടെ ഉറക്കം നഷ്ടപ്പെടുത്തി, സ്റ്റോക്കിസ്റ്റുകൾ നാളികേരോൽപന്നങ്ങളിൽ പിടിമുറുക്കി. ഏഷ്യൻ റബർ മാർക്കറ്റിലെ വിലക്കയറ്റം കേരളത്തിലെ കർഷകർ നേട്ടമാക്കാനുള്ള ശ്രമം തുടരുന്നു. ഉത്തരേന്ത്യക്കാർ വില ഉയർത്തി കുരുമുളക് സംഭരിച്ചു. 
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ മഞ്ഞലോഹത്തിന് നേരിട്ട തളർച്ച ഏഷ്യൻ മാർക്കറ്റുകളിലും സ്വർണവിലയിൽ പ്രതിഫലിച്ചു. കോവിഡ് വാക്‌സിൻ ഫലപ്രദമാകുമെന്ന സൂചനകൾ ആഗോള സാമ്പത്തിക മേഖലയിലെ മരവിപ്പ് വിട്ടു മാറാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. 
നിലവിലെ സ്ഥിതിഗതികളിൽ അയവ് കണ്ട് തുടങ്ങുമെന്ന് വ്യക്തമായതോടെ ധനകാര്യസ്ഥാപനങ്ങൾ രാജ്യാന്തര സ്വർണ എക്‌സ്‌ചേഞ്ചുകളിലെ വാങ്ങലുകൾ വിറ്റുമാറുന്ന തിരക്കിലാണ്. ഫണ്ടുകളിൽ നിന്നുള്ള വിൽപന സമ്മർദത്തിൽ ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1870 ഡോളറിൽനിന്ന് സ്വർണം 1774 ഡോളർ വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1787 ഡോളറിലാണ്. 
ആഗോള ചലനങ്ങൾ കണക്കിലെടുത്താൽ സ്വർണ വില വീണ്ടും ഇടിയാം. മാർച്ച് മാസം കോവിഡ് ഭീതിയിൽ ഔൺസിന് 1468 ഡോളറിൽനിന്ന് കുതിച്ച സ്വർണം ഓഗസ്റ്റിൽ സർവകാല റിക്കാർഡായ 2075 ഡോളർ വരെ ഉയർന്നിരുന്നു. അവിടെ നിന്നുള്ള സാങ്കേതിക തിരുത്തലിൽ 1800 ഡോളറിന് മുകളിൽ നാളിതു വരെ പിടിച്ചു നിന്നങ്കിലും പോയവാരത്തിൽ 1800 ലെ നിർണായക താങ്ങ് നഷ്ടപ്പെട്ട സാഹചര്യത്തിൽ അടുത്ത താങ്ങ് 1745-1675 ഡോളറിലാണ്. ഡിസംബർ രണ്ടാം പകുതിയിൽ ഫണ്ട് മാനേജർമാർ ക്രിസ്മസ് മൂഡിലേയ്ക്ക് തിരിയുമെന്നതിനാൽ വിപണി താഴ്ന്ന റേഞ്ചിലേയ്ക്ക് വീണ്ടും സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. 
കേരളത്തിൽ സ്വർണ വില പവന് 1680 രൂപ ഇടിഞ്ഞു. പവൻ 37,680 രൂപയിൽ നിന്ന് 36,000 രൂപയായി. ഗ്രാമിന് വില 4710 രൂപയിൽ നിന്ന് 4500 രൂപയായി. 
നാളികേരോൽപന്നങ്ങളുടെ ലഭ്യത ചുരുങ്ങിയത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാക്കി. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും ആവശ്യക്കാർ ഉയർന്നതോടെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് നീക്കം കുറച്ചത് മൊത്ത വില ഉയർത്തി. കൊച്ചിയിൽ കൊപ്ര 11,925 രൂപയിൽനിന്ന് 12,210 രൂപയായി. വെളിച്ചെണ്ണ തുടർച്ചയായ രണ്ടാം വാരത്തിലും 400 രൂപ വർദ്ധിച്ച് 18,200 രൂപയായി. കോഴിക്കോട്ട് എണ്ണ വില 20,300 രൂപ. 
രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽനിന്ന് ന്യൂ ഇയർ ആഘോഷ വേള വരെയുള്ള കുരുമുളക് സംഭരണത്തിന്റെ തിരക്കിലാണ് ഇറക്കുമതി രാജ്യങ്ങൾ. യുറോപിൽനിന്നും യു.എസിൽ നിന്നുമുള്ള ഓർഡറുകൾ മുൻ നിർത്തി ഇന്തോനേഷ്യയും ബ്രസീലും വിയെറ്റ്‌നാമും ഷിപ്പ്‌മെൻറ്റിന്റെ തിരക്കിലാണ്. രാജ്യാന്തര മാർക്കറ്റിൽ ബ്രസീൽ ടണ്ണിന് 2700 ഡോളറിനും ഇന്തോനേഷ്യ 3000 ഡോളറിനും വിയെറ്റ്‌നാം 2800 ഡോളറിനും മുളക് കയറ്റുമതി നടത്തി. ഉത്തരേന്ത്യൻ ആവശ്യങ്ങൾ ഉയർന്നത് കണ്ട് ശ്രീലങ്കൻ കയറ്റുമതിക്കാർ ഇന്ത്യയിലേയ്ക്ക് മുളക് വിൽക്കാൻ ഉത്സാഹിക്കുന്നുണ്ട്. ശ്രീലങ്ക ടണ്ണിന് 3500 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ഇന്ത്യൻ നിരക്ക് ടണ്ണിന് 5000 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 33,200 രൂപ. 
രാജ്യാന്തര റബർ അവധി വ്യാപാരത്തിൽ ഓപറേറ്റർമാർ പുതിയ വാങ്ങലുകൾക്ക് മത്സരിച്ചത് ഉൽപാദന രാജ്യങ്ങളിൽ ഷീറ്റ് വില ഉയർത്തി. ജപ്പാൻ, ചൈനീസ് മാർക്കറ്റുകളിലെ ഉണർവ് ഉൽപാദന രാജ്യങ്ങൾക്ക് നേട്ടമായി. തായ്‌ലന്റും ഇന്തോനേഷ്യയും മലേഷ്യയും റബർ നീക്കം കുറച്ച് വിപണിക്ക് കരുത്ത് പകരാനുള്ള ശ്രമത്തിലാണ്. വിദേശത്ത് നിന്നുള്ള അനുകുല വാർത്തകൾ കേരളത്തിൽ റബർ വില ഉയരങ്ങളിൽ എത്തിക്കുമെന്ന വിശ്വാസത്തിലാണ് ഉൽപാദകർ. 
കാർ വിൽപന ഉയർന്ന വിവരം ടയർ കമ്പനികളെ റബർ മാർക്കറ്റിലേക്ക് അടുപ്പിച്ചു. എന്നാൽ പതിവ് പോലെ വില ഇടിക്കാനുള്ള ആഭ്യന്തര വ്യവസായികളുടെ തന്ത്രം ഇക്കുറി വിലപോയില്ല. സംസ്ഥാനത്തെ വിപണികളിൽ ഷീറ്റ് വരവ് ചുരുങ്ങിയത് വ്യവസായികളെ സമ്മർദത്തിലാക്കി. 15,600 ൽ നിന്ന് നാലാം ഗ്രേഡ് റബർ 16,000 രൂപയായി കൊച്ചിയിൽ ഉയർന്നപ്പോൾ കോട്ടയത്ത് 16,100 ലേയ്ക്ക് കയറി. അഞ്ചാം ഗ്രേഡിന് 400 രൂപ വർധിച്ച് 15,400 രൂപയായി. ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് റബർ ക്വിൻറ്റലിന് 16,859 ൽ നിന്ന് 17,456 രൂപയായി.  ഉത്തരേന്ത്യൻ തേയില ലേലത്തിലെ വില ഇടിവ് കൊച്ചി വിൽപനയിലും പ്രതിഫലിച്ചു. ഇലത്തേയിലയുടെയും പൊടി തേയിലകളുടെ വിലയിൽ കുറവ്. 

Latest News