Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്കൊരു സംരംഭക ജാലകം; ജിദ്ദയിൽ കലാസാഹിതി  ബിസിനസ് വെബിനാർ

കോവിഡ് കാലത്ത് പ്രവാസം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ അവയെ അതിജീവിക്കാനും തിരികെ നാട്ടിൽ പുതിയ ബിസിനസിന് സംരംഭങ്ങളാരംഭിക്കുന്നതിന്റെ സാധ്യതകൾ ആരായുന്നതിനുമുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള കലാസാഹിതി, വിപുലമായ ബിസിനസ് വെബിനാർ സംഘടിപ്പിച്ചു. തൊഴിൽനഷ്ടവും മറ്റുമായി നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നവർക്കായി അവരുടെ ഉപജീവനത്തിന് മാർഗരേഖ നൽകുന്നതിനാണ് ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കേരള കലാസാഹിതി പ്രവാസികൾക്കൊരു സംരംഭക ജാലകം എന്ന ശീർഷകത്തിൽ ബിസിനസ് വെബിനാർ സംഘടിപ്പിച്ചത്. സംരംഭകരംഗത്തെ ആറു പ്രമുഖർ അവതരിപ്പിച്ച സെഷനുകൾ ജനപങ്കാളിത്തം കൊണ്ടും വിഷയവൈവിധ്യം കൊണ്ടും
ഏറെ ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിന്റെ കീഴിലെ ചെറുകിട വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജി.എസ്. പ്രകാശ്  നയിച്ച വെബിനാറിൽ കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിലെ ഉപമേധാവി റഹ്മത്തലി, അഹമ്മദാബാദ് ആസ്ഥാനമായുള്ള സംരംഭക സംഘാടന ഗവേഷണ സ്ഥാപന മേധാവി ശിവൻ അമ്പാട്ട്, നോർക്ക കൊച്ചിൻ മേഖലാ മേധാവി രജീഷ് കെ. ആർ, പ്രമുഖ പരിശീലകനും സംരംഭക സംഘാടകനുമായ അഭിലാഷ് നാരയണൻ, പ്രമുഖ വ്യവസായ വാണിജ്യ മാർഗദർശിയും വനിതാ സംരംഭകയുമായ രേഖാമേനോൻ  എന്നിവർ കേരളത്തിൽ ചെറുകിട സംരംഭം തുടങ്ങുന്നതിനുള്ള കേന്ദ്ര - കേരള സർക്കാർ പദ്ധതികളും അവയ്ക്കായുള്ള ആനുകൂല്യങ്ങളും സംബന്ധിച്ച പഠനാർഹമായ പ്രഭാഷണങ്ങൾ നിർവഹിച്ചു.
സംരംഭം തുടങ്ങാൻ കേരള സർക്കാരിന് ഏതെല്ലാം വിധത്തിൽ സഹായിക്കാൻ കഴിയും, എങ്ങനെയായിരിക്കണം ഒരു സംരംഭം തെരഞ്ഞെടുക്കേണ്ടത്, ഏകജാലക സംവിധാനങ്ങൾ എന്തൊക്കെയാണ്, പ്രവാസിയുടെ വായ്പാ സംവിധാനങ്ങൾ, വനിതാ സംരംഭങ്ങളും അവയുടെ സാധ്യതകളും എന്നീ വിഷയങ്ങളിൽ വിശദമായ വിജ്ഞാനം പകർന്നുനൽകുന്നതായിരുന്നു വെബിനാർ.
സൗദിക്കകത്തും പുറത്തുനിന്നുമായി പത്തോളം രാജ്യങ്ങളിൽ നിന്നായി നിരവധിപേർ പങ്കെടുത്ത വെബിനാറിൽ കേരള കലാസാഹിതി പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. 
മാധ്യമപ്രവർത്തകനും കേരള കലാസാഹിതി രക്ഷാധികാരിയുമായ മുസാഫിർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗങ്ങളായ റോയ് മാത്യു, അഷ്‌റഫ് കുന്നത്ത് എന്നിവർ വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തുകയും, നിഷാദ് ശ്രോതാക്കളുടെ സംശയങ്ങൾ ക്രോഡീകരിച്ച് അതിഥികളിൽ നിന്നുള്ള മറുപടി യഥാവസരം നൽകുകയും ചെയ്തു. കാര്യവാഹകൻ കെ.വി. സന്തോഷ് സ്വാഗതവും, സംഘാടക സമിതി അധ്യക്ഷൻ ജി.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.

Latest News