Sorry, you need to enable JavaScript to visit this website.

അനസിന്റെ പൂക്കച്ചവടത്തിന് ഔഷധ പരിമളം

സ്വന്തമായൊരു സംരംഭം ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോകുമ്പോഴും പുതുസംരംഭകർക്കുള്ള ആശയങ്ങൾ പകർന്ന് നൽകുകയാണ് ആലുവ സ്വദേശിയായ യുവസംരംഭകൻ അനസ് നാസർ. മൂന്ന് സെന്റിലെ വീടും ഫഌറ്റ് ജീവിതവും വർധിച്ചതോടെ അടുക്കളക്കൃഷിയും പൂന്തോട്ടവും അന്യമാവുന്ന സാഹചര്യമാണ്. അതിന് ബദലായി പോരായ്മകളോടെ ആണെങ്കിലും മട്ടുപ്പാവ് കൃഷി ഇടം പിടിച്ചു. 'ഹൗ ഓൾഡ് ആർ യു' പോലുള്ള സിനിമകളും ആളുകൾക്ക് മട്ടുപ്പാവ് കൃഷി ചെയ്യാൻ പ്രചോദനം നൽകി. അവിടെയും കൃഷിയ്ക്ക് അനോയോജ്യമായ മണ്ണിന്റെ ദൗർലഭ്യം ആളുകളെ അലട്ടിയിരുന്നു. അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് അനസ് പുതു ഉൽപന്നം വിപണിയിലേക്ക് എത്തിച്ചത്. 
മണ്ണിന് പകരം പ്രകൃതിവിഭവങ്ങൾ മാത്രം ഉപയോഗിച്ച് തയാറാക്കുന്ന നടീൽ മിശ്രിതമാണ് വിപണിയിലെത്തിച്ചത്. 'ഓർഗാന്യൂർ' എന്ന പേരിൽ പുറത്തിറങ്ങിയ നടീൽ മിശ്രിതത്തിന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ആവശ്യക്കാർ ഏറെയാണ്. ഈ തിരക്കിനിടയിലും യുവാക്കൾ പുതു സംരംഭകരായി മാറി നാട്ടിൽ മറ്റുള്ളവർക്ക് ജോലി സൃഷ്ടിച്ചുനൽകുന്നവരായി മാറണമെന്നതാണ് അനസിന്റെ പക്ഷം. അതിനായി വ്യത്യസ്തമായ ആശയങ്ങളും പഠനങ്ങളും അദ്ദേഹം പങ്കുവെക്കാൻ തയാറാണ്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള ഔഷധസസ്യങ്ങൾക്കും ഉൽപന്നങ്ങൾക്കുമാണ് ആവശ്യക്കാരധികം. അതുകൊണ്ടുതന്നെ ഔഷധഗുണമുള്ള ചെടികൾകൊണ്ട് സമ്പുഷ്ടമായ ഇന്ത്യയിൽനിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പത്തിൽ നിലവിലുള്ള സാധ്യതകളുപയോഗിച്ച് അന്താരാഷ്ട്ര വിപണനമേഖലയിൽ സ്ഥാനം പിടിക്കാനും കഴിയും.
മലയാളികൾ പൂജാക്രിയകൾക്കും ജലദോഷത്തിന് ആവിപിടിക്കാനുമാണ് തുളസി പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ വിവിധ ഇനങ്ങളിൽപെട്ട തുളസി പല ആവശ്യങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ ഉപയോഗത്തിലുള്ളതാണ്. അത്തരത്തിൽ ഒന്നാണ് മധുരതുളസി. സാധാരണ പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരമുള്ള ഇലകളാണ് മധുരതുളസിയുടേത്. ലോകാരോഗ്യ സംഘടനയായ ഡബ്ല്യു.എച്ച്്.ഒ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് മധുരതുളസിയെന്ന് അംഗീകരിച്ചിട്ടുണ്ട്. ഇത് പഞ്ചസാരയെപ്പോലെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ല എന്നുമാത്രമല്ല, രക്തസമ്മർദത്തിനും ദഹനത്തിനും തലമുടി വളർച്ചയ്ക്കുമുള്ള മരുന്നുമാണ്. ശരീരഭാര നിയന്ത്രണത്തിനുമിത് ഉപയോഗപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്രയും ഗുണങ്ങളുള്ള മധുരതുളസി ഉൽപന്നങ്ങൾ അന്താരാഷ്ട്ര കുത്തക കമ്പനികൾ മാത്രമാണ് കമ്പോളങ്ങളിൽ എത്തിച്ചിട്ടുള്ളത്. ഇതിൽനിന്നും വിഭിന്നമായി പുതുസംരംഭകർ തയാറാണെങ്കിൽ മധുരതുളസി കൊണ്ടുള്ള വ്യത്യസ്ത ഉൽപന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് അനസ് നാസർ പറഞ്ഞു. കേരളത്തിൽ ഓണക്കാലത്ത് മാത്രമാണ് പൂക്കളുടെ വിപണി കാര്യമായി ചൂടുപിടിക്കാറുള്ളൂ. പക്ഷേ, കേരളത്തിൽ സുലഭമായി ലഭിക്കുന്ന പല പൂക്കളിൽ നിന്നും വികസിപ്പിച്ചെടുക്കുന്ന ഉപയോഗ വസ്തുക്കൾ എപ്പോഴും അന്താരാഷ്ട്ര തലത്തിൽ ഡിമാന്റുള്ളവയാണ്. പനിനീർ പുഷ്പം, ചെമ്പരത്തി, ശംഖുപുഷ്പം അങ്ങനെ നിരവധി പൂക്കളിൽ നിന്നും വികസിപ്പിച്ചെടുത്തിട്ടുള്ള സാധനങ്ങൾക്കാണ് ആവശ്യക്കാരധികം. പനിനീർ പുഷ്പത്തിൽ നിന്നും വികസിപ്പിച്ചെടുക്കുന്ന ഭക്ഷ്യയോഗ്യമായ വസ്തുക്കൾ രക്തസമ്മർദം നിയന്ത്രിക്കാൻ ഉത്തമമാണ്. പനിനീർ പുഷ്പമുപയോഗിച്ചുണ്ടാക്കുന്ന സൗന്ദര്യവർധക വസ്തുക്കൾക്കും ആവശ്യക്കാർ ഒരുപാടുണ്ട്.
ഒരുപാട് ഗുണങ്ങളുള്ള മറ്റൊരു പുഷ്പമാണ് ശംഖുപുഷ്പം. ആസ്മ, ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കാൻ ശംഖുപുഷ്പ ഉൽപന്നങ്ങൾ കേമന്മാരാണ്. ഇത്തരം പൂക്കൾ ഉപയോഗിച്ചുണ്ടാക്കാവുന്ന വ്യത്യസ്ത ഉൽപന്നങ്ങൾക്ക് സാധ്യതയുമുണ്ട്. മാത്രമല്ല, ഇത്തരം സംരംഭകരെ സാമ്പത്തികമായി സഹായിക്കാൻ നിരവധി സർക്കാർ പദ്ധതികളും നിലവിലുണ്ട്.


 

Latest News