Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപം: തെളിവുണ്ടായിട്ടും പോലീസ് അവസാനിപ്പിച്ച കേസ്  വീണ്ടും അന്വേഷിക്കണമെന്ന് കോടതി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കാലപത്തിനിടെ യമുനാ വിഹാര്‍ സ്വദേശിയായ മുസ്്‌ലിം യുവാവിനു നേരെ അയല്‍ക്കാരായ രണ്ടു പേര്‍ വെടിയുതിര്‍ക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസില്‍ വ്യക്തമായ തെളിവുണ്ടെന്നും സംഭവത്തില്‍ സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടു. സുഭാഷ് ത്യാഗി, അശോക് ത്യാഗി എന്നീ രണ്ടു അയല്‍ക്കാര്‍ തനിക്കെതിരെ വെടിവെക്കുകയും വീട് ആക്രമിക്കുകയും ചെയ്‌തെന്ന സലീം എന്ന യുവാവിന്റെ പരാതിയാണ് പോലീസ് വ്യാജമാണെന്നു കാണിച്ച് കേസ് അവസാനിപ്പിച്ചത്. ഈ സംഭവത്തില്‍ നസീര്‍ എന്ന മറ്റൊരു അയല്‍ക്കാരന് വെടിയേറ്റതായും സലീം പരാതിപ്പെട്ടിരുന്നു. എന്നാല്‍ സലീം കലാപകാരികളില്‍ ഉള്‍പ്പെട്ടയാളാണെന്നും ഇതില്‍ നിന്നു രക്ഷപ്പെടാന്‍ വ്യാജ പരാതി നല്‍കുകയായിരുന്നെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 19ന് അറസ്റ്റിലായ സലീം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പരാതിയില്‍ കുറ്റകൃത്യം നടന്നതായി കണ്ടെത്തിയില്ലെന്നും അതുകൊണ്ട് തന്നെ സലീമിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം അവസാനിപ്പിച്ചെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്.

എന്നാല്‍ വ്യക്തമായ തെളിവ് കോടതിക്ക് ലഭിച്ചിട്ടുണ്ടെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഫഹദുദ്ദീന്റെ ഉത്തരവില്‍ പറയുന്നു. കോടതിക്കു ലഭിച്ച വിഡിയോ തെളിവുകളില്‍ കുറ്റകൃത്യം വ്യക്തമാണ്. ഇത് പോലീസ് അന്വേഷിക്കണം- കോടതി ഉത്തരവിട്ടു. ഇലക്ട്രോണിക് രൂപത്തിലുള്ള തെളിവ് സ്വീകാര്യമാണെന്നും കോടതി വ്യക്തമാക്കി. 

ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പ്രകാരം ഈ സംഭവത്തില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ജാഫറാബാദ് പോലീസ് സ്റ്റേഷന്‍ മേധാവിയോട് കോടതി ഉത്തരവിട്ടു. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി റിപോര്‍ട്ട് വൈകാതെ സമര്‍പ്പിക്കണമെന്നും പോലീസിനോട് കോടതി ആവശ്യപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് മേഖലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം നിരീക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

കലാപത്തിനിടെ പര്‍വേസ് എന്ന മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നരേഷ് ത്യാഗി, ഉത്തം ത്യാഗി, സുപ്രീം മഹേശ്വരി എന്നീ പേരുകളും സലീമിന്റെ പരാതിയിലുണ്ട്.

പര്‍വേസ് കൊലക്കേസ് അന്വേഷണത്തിലെ പോലീസിന്റെ ഗൂഢനീക്കങ്ങള്‍ സംബന്ധിച്ച് നേരത്തെ വാര്‍ത്ത വന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാതായതും, ആയുധ നിയമപ്രകാരമുള്ള വകുപ്പുകള്‍ നീക്കം ചെയ്തതും കലാപ ദിവസങ്ങളിലെ പ്രതികളുടെ മൊബൈലുകളിലെ വിവരങ്ങള്‍ അപ്രത്യക്ഷമായതും ദൂരൂഹമാണെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ നിരപരാധികളായ ഹിന്ദുക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ കെട്ടിച്ചമക്കുകയാണെന്ന പരാതിയുമായി പര്‍വേസ് കൊലക്കേസില്‍ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് ദേവേശ് മിശ്ര രംഗത്തെത്തുകയും ചെയ്തിരുന്നു.
 

Latest News