കൊച്ചി- നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് നടൻ ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയിൽ രേഖകൾ. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടൻ സിദ്ദിഖിന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദർശിക്കാൻ അനുമതി നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സിനിമാ പ്രവർത്തകർ ജയിലിൽ എത്തിയതെന്നും സന്ദർശക രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ്‌കുമാർ ജയിലിൽ എത്തിയതും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ്. ജയിൽ ഡി.ജി.പിയുടെ ശുപാർശ പ്രകാരം ജയിൽ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവർക്കെല്ലാം സന്ദർശന അനുമതി നൽകിയത്. ദിലീപ് ജയിലിൽ കിടന്ന ഘട്ടത്തിൽ മാത്രമാണ് ഏറെക്കാലത്തിനിടെ ഞായറാഴ്ച സന്ദർശകരെ അനുവദിച്ചത്. ഒറ്റ ദിവസം ദിലീപിനെ സന്ദർശിക്കാൻ 13 പേരെ അനുവദിച്ചതായി രേഖകളിൽ വ്യക്തമാണ്. 
ജാമ്യാപേക്ഷ നൽകുന്നതിനോ അപ്പീൽ തയാറാക്കുക എന്ന ഉദ്ദേശ്യത്തോടെയോ തടവുകാരുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനോ മറ്റ് കുടുംബകാര്യങ്ങൾ ക്രമീകരിക്കുന്നതിനോ സുഹൃത്തുക്കൾ, ബന്ധുക്കൾ, നിയമോപദേശകർ എന്നിവരുമായി ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കൂടിക്കാഴ്ച നടത്താമെന്നാമെന്നാണു ചട്ടം. ആവശ്യമാണെങ്കിൽ സൂപ്രണ്ടിന് കൂടുതൽ കൂടിക്കാഴ്ചകൾ അനുവദിക്കാം. 
തടവുകാരുമായി കൂടിക്കാഴ്ചയ്ക്കുള്ള ചട്ടത്തിൽ ലംഘനം നടത്തിയില്ലെങ്കിലും ദിലീപിന് മാത്രം ചില പരിഗണനകൾ ലഭിച്ചുവെന്നാണ് ജയിൽ രേഖകൾ തെളിയിക്കുന്നത്. 

	
	




