ഗാസ സിറ്റി- ഇസ്രായിലിനും ഈജിപ്തിനും ഗാസയുമായുള്ള അതിർത്തി ക്രോസിംഗുകളുടെ നിയന്ത്രണം ഹമാസ് ഫലസ്തീൻ അതോറിറ്റിക്ക് കൈമാറി. ഫതഹ് പ്രസ്ഥാനവുമായി നടത്തുന്ന അനുരഞ്ജനത്തിനുള്ള ശ്രമങ്ങളുടെ ആദ്യ സുപ്രധാന നടപടിയാണിത്.
ദശാബ്ദങ്ങളായി ഈ അതിർത്തി ക്രോസിംഗുകളുടെ നിയന്ത്രണം ഹമാസ് പോരാളികൾക്കായിരുന്നു. ഇവർ പിൻമാറുന്നതോടെ ഗാസയിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടേയും ചരക്കുകളുടേയും നീക്കം സുഗമമാകുമെന്നാണ് പ്രതീക്ഷ. ഫതഹ് നിയന്ത്രിക്കുന്ന ഫലസ്തീൻ അതോറിറ്റി പ്രതിനിധികൾ ഉടൻ തന്നെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
ഇപ്പോൾ മുതൽ ക്രോസിംഗുകളുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഞങ്ങളുടെ ജീവനക്കാർ അവിടെ ഉണ്ടാകില്ല- ഹമാസ് നിയമിച്ച ക്രോസിംഗ് പോയന്റുകളുടെ ഡയറക്ടർ മുഹമ്മദ് അബു സൈദ് പറഞ്ഞു. 2007 ലാണ് ഫതഹ് സൈന്യത്തിൽനിന്ന് ഹമാസ് അതിർത്തി ക്രോസിംഗുകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. എന്നാൽ ഒരു ദശാബ്ദമായി നിലനിൽക്കുന്ന ഇസ്രായിലി-ഈജിപ്ത് ഉപരോധംമൂലം ഹമാസിന്റെ പുതിയ നേതൃത്വത്തിന് ഗാസ ഭരിക്കുന്നതിൽ താൽപര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉപരോധം ഗാസയുടെ സമ്പദ്‌രംഗത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. 40 ശതമാനം തൊഴിലില്ലായ്മയും വൈദ്യുതി ബന്ധമില്ലാത്തതും ഗാസയെ ദുരിതത്തിലാക്കി.
ഈജിപ്തിന്റെ മാധ്യസ്ഥ്യത്തിൽ ഫതഹും ഹമാസും കഴിഞ്ഞ മാസം പ്രാഥമിക അനുരഞ്ജന കരാർ പ്രഖ്യാപിച്ചിരുന്നു. എങ്കിലും നിരവധി പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അടുത്ത മാസം 21 ന് ഇരുകൂട്ടരും കയ്‌റോയിൽ വീണ്ടും ചർച്ച നടത്തുന്നുണ്ട്. ഹമാസ് സർക്കാർ റിക്രൂട്ട് ചെയ്ത 40,000 ത്തോളം ജീവനക്കാരുടെ പ്രശ്‌നവും ഹമാസ് നിയന്ത്രണത്തിലുള്ള റോക്കറ്റുകളും മോർട്ടാറുകളും സ്‌ഫോടക വസ്തുക്കളും മറ്റും ചർച്ച ചെയ്യാനിരിക്കുന്ന വിഷയങ്ങളാണ്. അതിന്റെ ആദ്യപടിയാണ് അതിർത്തി ക്രോസിംഗുകളുടെ നിയന്ത്രണം ഫലസ്തീൻ അതോറിറ്റിക്ക് കൈമാറിയത്. എന്നാൽ ആയുധങ്ങൾ കൈമാറില്ലെന്ന് ഹമാസിന്റെ സായുധ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇന്നലത്തെ നടപടി സുപ്രധാനമായ നീക്കമാണെന്നും ഗാസ ഉപരോധത്തിന് ഇതിലൂടെ അയവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഹമാസിനെ ഭീകര പ്രസ്ഥാനമായി പരിഗണിക്കുന്ന ഇസ്രായിലും ഈജിപ്തും പറയുന്നത് ഗാസയിൽനിന്ന് അകത്തേക്കും പുറത്തേക്കും ആയുധങ്ങളും ഭീകരരും പ്രവഹിക്കുന്നത് തടയാൻ ഉപരോധം ആവശ്യമാണെന്ന് തന്നെയാണ്.