Sorry, you need to enable JavaScript to visit this website.

ഫൈസാബാദിനെ അയോധ്യയാക്കിയ പോലെ ഹൈദരാബാദിനെ ഭാഗ്യനഗര്‍ ആക്കുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദ്- ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ നഗരത്തിന്റെ പേരു മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ഹൈദരാബാദിന്റെ പേരു മാറ്റാമോ എന്ന് പലരും ചോദിക്കുന്നു. എന്തു കൊണ്ടു പറ്റില്ല? ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയാധ്യയും അലഹാബാദിനെ പ്രയാഗ്‌രാജുമാക്കി പേരു മാറ്റി. ഹൈദരാബാദിനെ എന്തു കൊണ്ട് ഭാഗ്യനഗര്‍ ആക്കിക്കൂടാ?' മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ആദിത്യനാഥ് ഒരു റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു. ഉവൈസിയുടെ ശക്തി കേന്ദ്രമായ ലാല്‍ ദര്‍വാസയിലായിരുന്നു റാലി.

തെലങ്കാന രാഷ്ട്രിയ സമിതിയും അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസും ചേര്‍ന്നുള്ള ദുഷ്ടസഖ്യമാണ് ഹൈദരാബാദിലെ വികസനത്തിന് തടസ്സമെന്ന് അദ്ദേഹം ആരോപിച്ചു. ഇതൊരു തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും ദേശീയ തലത്തില്‍ ബിജെപി പ്രയോഗിക്കുന്ന വര്‍ഗീയ, ധ്രുവീകരണ രാഷ്ട്രീയ തന്ത്രങ്ങളാണ് ഹൈദരാബാദില്‍ ബിജെപി ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.

നഗരത്തിലെ ജല വിതരണം, വൈദ്യുതി, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാമാണ് പൊതുവെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഷയമാകാറുള്ളതെങ്കിലും ഇത്തവണ ഹൈദരാബാദില്‍ ബിജെപി ഉയര്‍ത്തിയ വിഷയങ്ങള്‍ റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം, ഹിന്ദു-മുസ്‌ലിം വിദ്വേഷം ഉണര്‍ത്തുന്ന വര്‍ഗീയ പ്രചരണം, പാക്കിസ്ഥാന്‍ ഇവയെല്ലാമാണ്.
 

Latest News