ഗുവാഹത്തി- തെക്കന്‍ അസമിലെ ഹൈലകണ്ഡി ജില്ലയില്‍ എട്ട് മ്യാന്‍മര്‍ റോഹിംഗ്യന്‍ വംശജരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. നിയമവിരുദ്ധമായി ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയിലെ ട്രെയിനില്‍ നിന്ന് 14 റോഹിംഗ്യന്‍ വംശജരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അസമിലെ അറസ്റ്റ്. തെക്കന്‍ അമിലെ ബദര്‍പൂരില്‍നിന്ന് ട്രെയിനില്‍ കയറിയവരാണ് ബംഗാളില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു.
അല്‍ഗാപൂര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള മസാര്‍പൂര്‍ ഗ്രാമത്തിലെ യൂസഫ് അലി മജൂംദാറിന്റെ വീട്ടില്‍ നിന്നാണ് എട്ട് പേരെ അറസ്റ്റ് ചെയ്തതെന്ന് ഹൈലകണ്ഡി പോലീസ് സൂപ്രണ്ട് പബിന്ദ്ര കുമാര്‍ നാഥ് പറഞ്ഞു. മജൂംദാര്‍ ഒളിവില്‍ പോയെങ്കിലും സഹോദരന്‍ ഇസ്ലാമുദ്ദീന്‍ മജൂംദാറിനെ പിടികൂടി.
ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥിക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടവരാണ് പിടിയിലായ റോഹിംഗ്യകളെന്നും നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.