Sorry, you need to enable JavaScript to visit this website.

ജിസാനിൽ റെസ്റ്റോറന്റിൽ ജോലിക്കാരായി സൗദി ദമ്പതികൾ

ഉപയോക്താക്കളിൽ നിന്ന് മുഹമ്മദ് ഓർഡർ സ്വീകരിക്കുന്നു. 

ജിസാൻ - നഗരത്തിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയും സ്ഥാപനം നടത്തുകയും ചെയ്യുന്ന സൗദി യുവദമ്പതികൾ ഉദ്‌ഘോഷിക്കുന്നത് തൊഴിലിന്റെ മഹത്വം. സ്വന്തമായി റെസ്റ്റോറന്റ് ആരംഭിക്കണമെന്ന ആഗ്രഹം സഫലീകരിക്കാൻ ഭാര്യ അമലിനു പിന്തുണകൾ നൽകാനും ഒപ്പംനിൽക്കാനും സൗദി യുവാവ് മുഹമ്മദ് സ്വകാര്യ കമ്പനിയിൽ പതിമൂന്നു വർഷം നീണ്ട സേവനം മതിയാക്കി ജോലി രാജിവെക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ജിസാനിൽ റെസ്റ്റോറന്റ് ആരംഭിക്കുകയും സ്ഥാപനത്തിന്റെ നടത്തിപ്പിനു വേണ്ടി മുഴുസമയവും നീക്കിവെക്കുകയുമായിരുന്നു. 


ജിസാനിലെ റെസ്റ്റോറന്റിൽ ഭക്ഷണം തയാറാക്കുന്ന ജോലിയിൽ മുഴുകിയ അമൽ.

മുഹമ്മദും അമലും റെസ്റ്റോറന്റിൽ ജോലി ചെയ്യുകയും മറ്റു ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്നു. ഉപയോക്താക്കളിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കൽ, ഓർഡറുകൾ സപ്ലൈ ചെയ്യൽ അടക്കമുള്ള ജോലികൾ മുഹമ്മദ് നിർവഹിക്കുന്നു. ഭാര്യ അമൽ ഭക്ഷണങ്ങൾ തയാറാക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ഉപയോക്താക്കളുടെ മേശകളിൽ ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു. 
തുടക്കത്തിൽ ലഘുഭക്ഷണങ്ങളും ഫാസ്റ്റ്ഫുഡും വിതരണം ചെയ്യുന്ന ചെറിയ റെസ്റ്റോറന്റാണ് താനും ഭാര്യയും ചേർന്ന് ആരംഭിച്ചതെന്ന് മുഹമ്മദ് പറയുന്നു. കാലക്രമേണ വെല്ലുവിളികൾ തരണം ചെയ്ത് ഈ രംഗത്ത് വിജയിക്കുകയും പൂർണാർഥത്തിലുള്ള വലിയ റെസ്റ്റോറന്റ് ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ റെസ്റ്റോറന്റിൽ ഇപ്പോൾ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മുഹമ്മദ് പറയുന്നു. 
സ്വന്തമായി എന്തെങ്കിലും ബിസിനസ് ആരംഭിക്കുകയെന്ന ആലോചനയാണ് റെസ്റ്റോറന്റ് തുറക്കുകയെന്ന ആശയത്തിൽ എത്തിച്ചതെന്ന് അമൽ പറയുന്നു. പ്രത്യേക സാഹചര്യങ്ങൾ മൂലം പഠനം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തനിക്ക് എമ്പാടും ഒഴിവു സമയമുണ്ടായിരുന്നു. 
ഒമ്പതു വർഷം നീണ്ട ആലോചനകൾക്കൊടുവിലാണ് റെസ്റ്റോറന്റ് ആരംഭിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. തുടക്കത്തിൽ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി വീട്ടിൽ വെച്ച് ഭക്ഷണങ്ങൾ തയാറാക്കി വിൽക്കുകയാണ് ചെയ്തിരുന്നത്. പിന്നീടാണ് സ്വന്തമായി ഒരുമിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിക്കുകയെന്ന ആശയം ഭർത്താവിനു മുന്നിൽ അവതരിപ്പിച്ചത്. 
ഭർത്താവിന്റെ ഉറച്ച പിന്തുണയോടെയും അകമഴിഞ്ഞ പ്രോത്സാഹനത്തോടെയും സഹകരണത്തോടെയും പദ്ധതി വലിയ വിജയമായി. റെസ്റ്റോറന്റ് ആരംഭിക്കുന്നതിനു വേണ്ടി ഭർത്താവ് ജോലി രാജിവെക്കുകയായിരുന്നു. ഇന്നിപ്പോൾ ആർക്കും അഭിമാനിക്കാവുന്ന നിലക്കുള്ള വലിയ റെസ്റ്റോറന്റ് തങ്ങൾ ഇരുവരും ചേർന്ന് വിജയകരമായി നടത്തിക്കൊണ്ടു പോകുന്നതായും അമൽ പറയുന്നു. 

Tags

Latest News