Sorry, you need to enable JavaScript to visit this website.

സർക്കാരിന്റേത് പ്രതിപക്ഷത്തിനുമേൽ  ചെളിവാരിയെറിയാനുള്ള ശ്രമം- ചെന്നിത്തല

തൃശൂർ - ഇടതുപക്ഷ സർക്കാരും പാർട്ടിയും ചെളിയിൽ അപ്പാടെ മുങ്ങി നിൽക്കുമ്പോൾ പ്രതിപക്ഷത്തിന്റെ മേൽ ചെളിവാരിയെറിയാനാണ് അവർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് മുഖ്യമന്ത്രി തന്ത്രങ്ങൾ മെനയുന്നതെന്നും ചെന്നിത്തല പറഞ്ഞു. തള്ളിക്കളഞ്ഞ സംഭവങ്ങൾ ചൂഴ്‌ന്നെടുത്ത് ബോധപൂർവം കള്ളക്കേസുകളെടുത്തുകൊണ്ടിരിക്കുകയാണ് സർക്കാരെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കള്ളക്കേസെടുത്ത് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന് സർക്കാരും പാർട്ടിയും വ്യാമോഹിക്കേണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു. തൃശൂർ പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബാർ കോഴ കേസിൽ ബിജു രമേശിന്റെ ഈ മൊഴി നേരത്തേയുള്ളതാണ്. രണ്ട് തവണ അന്വേഷിച്ച് തള്ളിയത് എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കയാണ്. ആരോപണത്തിനെതിരെ വക്കീൽ നോട്ടീസയക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ബാർക്കോഴ കേസിൽ പിണറായി വിജയന് ഒരു ചുക്കും ചെയ്യാനാകില്ല. കെ.പി.സി.സി പ്രസിഡന്റായിരുന്ന സന്ദർഭത്തിൽ ബാറുടമകളിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചതോടെ സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമോ എന്ന ഭയമാണ്.  ഒന്നും മറക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 


കെ.എസ്.എഫ്.ഇ അഴിമതി വിജിലൻസ് കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രാഷാകുലനാകുന്നതെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ചോദിച്ചു. നേരത്തെ സി.എ.ജി റിപ്പോർട്ടിനെതിരെയും മന്ത്രി ഇങ്ങനെ തന്നെയാണ് പ്രതികരിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. റെയിൽ ബോർഡിന്റേയോ നീതി ആയോഗിന്റേയോ അംഗീകാരമില്ലാതെയാണ് കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാരിന് പദ്ധതിയിൽ കച്ചവട മനോഭാവമാണുള്ളത്. റിയൽ എസ്‌റ്റേറ്റ് മാഫിയകൾക്കുവേണ്ടിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.  
ചെമ്പൂച്ചിറയിലെ സ്‌കൂൾ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത് പ്രതികളെ സംരക്ഷിക്കാനാണ്. വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 
പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് മുകേഷ് ലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത സ്വാഗതവും ഗസൂൺജി നന്ദിയും പറഞ്ഞു. 

 

Latest News