Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തദ്ദേശ തെരഞ്ഞെടുപ്പ്; അനുവദിച്ച ചിഹ്നങ്ങളിൽ മാറ്റമുണ്ടാകില്ല -തെരഞ്ഞെടുപ്പ് കമ്മീഷണർ 

തിരുവനന്തപുരം- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്ക് അനുവദിച്ച ചിഹ്നങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി. ഭാസ്‌കരൻ അറിയിച്ചു. 
സ്ഥാനാർഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല. ഇതു സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വ്യക്തത വരുത്തിയത്. പഞ്ചായത്ത് രാജ് ആക്ടിലെ 57(2)-ാം വകുപ്പു പ്രകാരവും മുനിസിപ്പാലിറ്റി ആക്ടിലെ 113(2)-ാം വകുപ്പു പ്രകാരവും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക തയാറാക്കുമ്പോൾ അവരുടെ പേരുകൾ ക്രമീകരിക്കേണ്ടത് മലയാളം അക്ഷരമാല ക്രമത്തിലാണ്. അപ്രകാരം പേരുകൾ ക്രമീകരിക്കുമ്പോൾ ഓരേ പേരുള്ള ആളുകളുടെ പേരുകൾ അടുത്തടുത്തു വരുന്നു. എന്നാൽ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 38(2) വകുപ്പു പ്രകാരം പേര് ക്രമീകരിക്കുന്നത് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ, രജിസ്‌ട്രേഡ് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ, മറ്റു സ്ഥാനാർഥികൾ എന്ന ക്രമത്തിലാണ്. 


ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളുടെ പേര് ആദ്യം കൊടുക്കുന്നതിനുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ബന്ധപ്പെട്ട ചട്ടങ്ങളിലും ഇല്ലെന്നും കമ്മീഷ്ണർ വ്യക്തമാക്കി. അതിനാൽ സ്വതന്ത്ര സ്ഥാനാർഥികളുടെ പേരും ചിഹ്നവും രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളുടെ പേരിനും ചിഹ്നത്തിനും ശേഷം ചേർക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ല.
ബന്ധപ്പെട്ട വരണാധികാരികളാണ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. ഇപ്രകാരം അനുവദിച്ചുകഴിഞ്ഞ ചിഹ്നങ്ങൾ പിൻവലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കാനോ സാധ്യമല്ല. കേരള പഞ്ചായത്ത്, കേരള മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള സിംബൽ അലോട്ട്‌മെന്റ് ഉത്തരവ് പ്രകാരവുമാണ് കമ്മീഷൻ ചിഹ്നങ്ങളുടെ പട്ടിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നത്. 


ഈ പട്ടികയിൽനിന്നും വരണാധികാരി സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുകയാണ് ചെയ്യുന്നത്. ചിഹ്നങ്ങളുടെ പുതിയ പട്ടിക 2020 നവംബർ ആറിലെ വിജ്ഞാപന പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾക്കൊള്ളുന്ന പട്ടിക 2020 നവംബർ 23 ന് പ്രസിദ്ധീകരിച്ച ശേഷമാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഈ സാഹചര്യത്തിൽ സ്ഥാനാർഥികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ചിഹ്നം പിൻവലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കാനോ സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു.

 

Latest News