Sorry, you need to enable JavaScript to visit this website.

പിന്നോട്ടില്ലെന്ന് കർഷകർ, കൂടുതൽ പേരെത്തുന്നു

ന്യൂദൽഹി - കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് കർഷകർ രാജ്യതലസ്ഥാനത്തേക്ക് ഇരച്ചെത്തുന്നു. പോലീസ് ചൂണ്ടിക്കാട്ടിയ സമര വേദിയിലേക്ക് പോകാൻ വിസമ്മതിച്ച് ആയിരക്കണക്കിന് കർഷകരാണ് ദൽഹി-ഹരിയാന അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്. 
ദൽഹി ജന്തർ മന്ദറിൽ തന്നെ സമരം ചെയ്യണമെന്നാണ് ഭൂരിപക്ഷം കർഷക സംഘടനകളുടെയും ആവശ്യം. സമരവേദി തെരഞ്ഞെടുക്കുന്ന തീരുമാനത്തിനായി മുപ്പത് കർഷക സംഘടനകളുടെ നേതാക്കളാണ് ദൽഹി അതിർത്തിയിൽ ചേരുന്നത്. ഒരു വർഷം സമരം ചെയ്യേണ്ടിവന്നാലും തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാതെ പിന്നോട്ടില്ലെന്ന് സമരരംഗത്തുള്ള കർഷകർ വ്യക്തമാക്കി.
കർഷകരുമായി ചർച്ചക്ക് കേന്ദ്ര സർക്കാർ തയാറാണെന്നും, ഡിസംബർ മൂന്നിന് ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതിനുമുമ്പ് ചർച്ച നടത്തണമെന്നുണ്ടെങ്കിൽ സർക്കാർ പറയുന്ന സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണം. കർഷകരുടെ എല്ലാ പ്രശ്‌നങ്ങളും അനുഭാവപൂർവം പരിഗണിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ കർഷകരെ വെച്ചു രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. 


അതിനിടെ, ദൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകർക്കെതിരേ ഹരിയാന സർക്കാർ വധശ്രമത്തിന് കേസ് ചുമത്തി. ഭാരതീയ കിസാൻ യൂനിയൻ ഹരിയാന അധ്യക്ഷൻ ഗുർണാം സിംഗ് ഉൾപ്പടെയുള്ളവർക്കെതിരേയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. വധശ്രമം, കലാപം, നിയമം ലംഘിച്ച് കൂട്ടംചേരൽ, കോവിഡ് നിയമ ലംഘനം എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ള വകുപ്പുകൾ. 
ഓൾ ഇന്ത്യ കിസാൻ സംഘർഷ സമിതി ആഹ്വാനം ചെയ്ത ദൽഹി ചലോ മാർച്ചിനെ തുടക്കം മുതൽ ബലം പ്രയോഗിച്ച് അടിച്ചമർത്തി ദൽഹിയിലേക്ക് കടക്കുന്നത് തടയാനാണ് ഹരിയാന സർക്കാർ ശ്രമിച്ചത്. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം മറന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കിസാൻമാരെ നേരിടാൻ ജവാൻമാരെ ഇറക്കിയിരിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.


പൊതു സമരവേദി ദൽഹിയിൽ എവിടെ ആയിരിക്കണമെന്ന കാര്യത്തിൽ കർഷക സംഘടനകൾ സമവായത്തിൽ എത്തിയിട്ടില്ല. ശനിയാഴ്ച ദൽഹിയിലേക്ക് പ്രവേശിച്ച കർഷകർ ബുറാഡിയിലെ സംഗമം ഗ്രൗണ്ടിലാണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റൊരിടത്തേക്കും പോകുന്നില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സംസ്ഥാന അതിർത്തിയിലെ സമരം തുടരുമെന്നുമാണ് പഞ്ചാബിൽ നിന്നുള്ള ഭാരതീയ കിസാൻ യൂനിയൻ ജനറൽ സെക്രട്ടറി ഹരീന്ദർ സിംഗ് പറഞ്ഞത്. നയരൂപീകരണത്തിനായി പ്രതിദിനം പതിനൊന്നു മണിക്ക് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് മേൽ കൂടുതൽ സമ്മർദം ചെലുത്താൻ സംസ്ഥാന അതിർത്തിയിൽ തന്നെ സമരം ചെയ്യുന്നതാണ് നല്ലതെന്ന് ഹരിയാന ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിംഗും പറഞ്ഞു. 


രാംലീല മൈതാനത്ത് സമരം നടത്താൻ അനുമതി ലഭിച്ചാൽ പോലും പോകില്ല. അതിർത്തി സ്തംഭിപ്പിച്ചാണ് സമരം ചെയ്യേണ്ടതെന്നാണ് രാജേവാൾ ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹജുര സിംഗ് പറഞ്ഞത്. ഏറെപ്പേർക്ക് കൂടിയിരുന്ന് സമരം ചെയ്യാൻ ബുറാഡിയിലെ നിരങ്കാരി ഗ്രൗണ്ടാണ് നല്ലതെന്നും ഇക്കാര്യത്തിൽ ഉടൻ സമവായത്തിലെത്തുമെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രവർത്തക സമിതിയംഗം സത്യവാൻ പറഞ്ഞു. എല്ലാ കർഷക സംഘടനകളുമായും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കുമെന്ന് എ.ഐ.കെ.എസ്.സി.സി നേതാവ് ടി. കൃഷ്ണ പ്രസാദ് പറഞ്ഞു. പ്രതിഷേധത്തിന് ബുറാഡി അല്ലാതെ മറ്റൊരു സ്ഥലം അനുവദിക്കില്ലെന്ന് ദൽഹി പോലീസ് വക്താവ് ഈഷ് സിംഗാൾ വ്യക്തമാക്കി.  


 

Latest News