തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെയും പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളുടെയും പ്രചാരണ ബോർഡുകളും മറ്റു സാമഗ്രികളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ തുടങ്ങിയ വിവിധ ജില്ലകളിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെ ബോർഡുകൾ പല സ്ഥലത്തും എടുത്തു മാറ്റുകയും വികൃതമാക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലും ഇലക്ഷൻ കമ്മീഷനിലും പരാതി നൽകിയിരുന്നു.
വെൽഫെയർ പാർട്ടിയുടെ പ്രചാരണത്തിൽ അസ്വസ്ഥരാകുന്ന സംഘടനകളും സാമൂഹിക വിരുദ്ധവുമാണ് ഇത്തരം വിലകുറഞ്ഞതും ജനാധിപത്യ വിരുദ്ധവുമായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ വഴിയും വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥികൾക്കെതിരെ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതിന് മുൻകൈയെടുത്ത സംഘ്പരിവാർ, ഇടതുപക്ഷ കൂട്ടുകെട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ സമൂഹത്തിലെ ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് ഇത്തരം എതിർപ്പുകൾ ചൂണ്ടിക്കാട്ടുന്നു. വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു.