Sorry, you need to enable JavaScript to visit this website.

ശബരിമല കയറ്റി രാഷ്ട്രീയ നേട്ടം കൊയ്യാൻ  ബി.ജെ.പി ശ്രമിച്ചു -ബിന്ദു അമ്മിണി

കോഴിക്കോട് - തന്നെ ശബരിമല കയറ്റി രാഷ്ട്രീയ നേട്ടം കൊയ്യാൻ ബി.ജെ.പി ശ്രമിച്ചുവെന്നും ഇത്തവണയും ശബരിമലയിലേക്ക് കൊണ്ടുപോയി നേട്ടം കൊയ്യുവാൻ സംഘ്പരിവാർ സംഘടനകൾ ആസൂത്രിതമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും തന്റേതാണെന്ന് തോന്നിക്കുന്ന രീതിയിൽ അശ്ലീല വീഡിയോകൾ ഇടുന്നതും തന്നെ പ്രകോപിപ്പിക്കുവാൻ വേണ്ടി വിവിധ പോസ്റ്റുകളിടുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എന്നാൽ ഇത്തരം അശ്ലീല പോസ്റ്റുകളിടുകയും എന്നെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പത്തനംതിട്ട സ്വദേശിയായ ദിലീപ് വേണുഗോപാൽ എന്ന ആർ.എസ്.എസ് പ്രവർത്തകനെതിരെ ഡി.ജി.പിക്കടക്കം പരാതി നൽകിയിട്ടും താൻ താമസിക്കുന്ന സ്ഥലമായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ അധികൃതർ യാതൊരുവിധ നടപടിയും എടുക്കുന്നില്ലെന്നും ബിന്ദു ആരോപിച്ചു.


ദളിത് ആയിട്ടും എന്റെ പരാതിയിൽ പട്ടികജാതി/വർഗ പീഡനങ്ങൾക്കെതിരെയുള്ള വകുപ്പുകളൊന്നും ചേർക്കുന്നില്ല. ഇപ്പോൾ പോലീസുകാർക്ക് എന്റെ ഫോൺ കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്. സാധാരണ പ്രതികളുടെ ഫോണാണ് പോലീസ് തൊണ്ടിമുതലായി പിടിച്ചെടുക്കുക. ഇതുപോലെ സുപ്രീം കോടതി നിർദേശിച്ചിട്ടും 24 മണിക്കൂർ പോലീസ് സംരക്ഷണം നൽകണമെന്ന കോടതിവിധി പാലിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഇതേ കേരളാ പോലീസ് തന്നെയാണ് ഇരട്ട പൗരത്വമുള്ള കാനഡയിൽ താമസിക്കുന്ന സുനിത ദേവദാസ് ഒരു പരാതി നൽകിയപ്പോൾ മണിക്കൂറുകൾക്കകം അവരെ അധിക്ഷേപിച്ച ആൾക്കെതിരെ കേസെടുത്ത് നടപടികൾ തുടങ്ങിയത്. ദളിത് സ്ത്രീയായതു കൊണ്ടാണോ പരാതിയിൽ ഒരു നടപടിയും എടുക്കാത്തതെന്നും ബിന്ദു ചോദിച്ചു. ഇനിയൊരിക്കലും ശബരിമലയിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ പ്രാവശ്യം അവിടെ പോകാൻ കാരണം നവോത്ഥാന മൂല്യങ്ങളുള്ള കേരളത്തിൽ തന്നെ, ഒരു കൂട്ടം ആളുകൾ ശബരിമലയിലൂടെ പേരിൽ അഴിഞ്ഞാടുകയും പുരോഗമനാശയങ്ങളുള്ളവർ പോലും നിഷ്‌ക്രിയരായി നോക്കിനിന്ന സമയത്ത് ഒരു സാമൂഹ്യബോധമുള്ള സ്ത്രീയെന്ന നിലക്കുള്ള പ്രതികരണമായിരുന്നെന്നും അവർ പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ കൊയിലാണ്ടി പോലീസ് തന്റെ പരാതിയിൽ നടപടിയെടുത്തിട്ടില്ലെങ്കിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സത്യഗ്രഹമിരിക്കുമെന്നും ബിന്ദു അമ്മിണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു

 

Latest News