Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലക്ടർ കാട് കയറി; പ്രതീക്ഷയോടെ ആദിവാസികൾ 

അമ്പുമലയിലെ വീടുകളുടെ പുനർനിർമാണം മാർച്ചിൽ പൂർത്തിയാക്കും- കലക്ടർ 
നിലമ്പൂർ- ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലുള്ള അമ്പുമല ആദിവാസി കോളനിയിലെ വീടുകളുടെ പുനർനിർമാണം മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ. വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലക്കയത്തു നിന്നു കോളനിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിനോടും വനം വകുപ്പിനോടും തുടർ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കോളനി നിവാസികളിൽ ആധാർ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവ ഇല്ലാത്തവർക്കായി കോളനിയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജനന സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ആദിവാസികളിൽ ബോധവൽക്കരണം നടത്തുന്നതിനായി  ക്ലാസും സംഘടിപ്പിക്കും. കോളനിയിൽ വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ലഭിക്കാത്തവർക്ക് അവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃഷി വകുപ്പിന്റെ സഹായത്തോടെ കോളനിക്കനുയോജ്യമായ കൃഷി നടത്തുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാനും കോളനിയിലേക്കു കുറുവൻ പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പ് പാലം നന്നാക്കാനും നിർദേശം നൽകി. 
അമ്പുമലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബദൽ സ്‌കൂൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവു വർധിപ്പിക്കാനും അതു കോളനിയിൽ എത്തിച്ചു നൽകാനും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോണിക്കടവൻ ഷൗക്കത്ത്, വാർഡംഗം കൃഷ്ണൻകുട്ടി പാലക്കയം, പഞ്ചായത്ത് അംഗം പൂക്കോടൻ നൗഷാദ്, നിലമ്പൂർ തഹസിൽദാർ പി.ടി ജയചന്ദ്രൻ, നിലമ്പൂർ എസ്‌ഐ ബിനു തോമസ്, എടവണ്ണ റേഞ്ച് ഓഫീസർ അബ്ദുൾ അസീസ്, ഐടിഡിപി പ്രൊജക്ട് ഓഫീസർഎം. സബീർ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.സുനിൽ, കോളനി മൂപ്പൻ ചെമ്പൻ, പി.കല്ല്യാണി തുടങ്ങിയവർ സംസാരിച്ചു. 
അതേസമയം വീട് നിർമാണം തുടങ്ങി ഏഴു വർഷം പിന്നിട്ടിട്ടും പണിതീരാത്ത അവസ്ഥയിലാണ് അമ്പുമല ആദിവാസി കോളനിയിലെ 21 വീടുകൾ. ഗ്രാമപഞ്ചായത്ത് ഭരണസമിതി താൽപര്യമെടുത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പുനർനിർമാണം  ആരംഭിച്ചിരിക്കുന്നത്. കേരളപ്പിറവിദിനത്തിൽ പാലക്കയത്തുനിന്നു വനപാതയിലൂടെ
ജീപ്പിലാണ്  ഉച്ചക്കു പന്ത്രണ്ടരയോടെ കലക്ടർ പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിനായി കോളനിയിലെത്തിയത്. ഇക്കുറി വീട് നിർമാണം പൂർത്തിയാകുമെന്നു കലക്ടർ ഉറപ്പുനൽകിയതോടെ ഏപ്രിൽ മാസത്തോടെ പുതിയ വീട്ടിലേക്കുകയറാമെന്ന പ്രതീക്ഷയിലാണ് ഏഴു വർഷത്തോളമായി ഷെഡുകളിലും മറ്റും അന്തിയുറങ്ങുന്ന ആദിവാസി കുടുംബങ്ങൾ. പ്രാഥമികാവശ്യങ്ങൾക്കും മറ്റും വീടുകൾക്കു സമീപത്തെ വനമേഖലയാണ് നിലവിൽ ആശ്രയിക്കുന്നത്. പുനർനിർമ്മാണ പദ്ധതിയിൽ ടോയ്‌ലറ്റുകൾ കൂടി ഉൾപ്പെടുത്തിയതു ഇവർക്ക് ആശ്വാസമാകും.  
 

Latest News