Sorry, you need to enable JavaScript to visit this website.

വനിതാ തീർഥാടകരെ  സഹായിക്കാൻ സൗദി യുവതികൾ

വനിതാ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് 'മുതവ്വിഫ'മാരായി ജോലി ചെയ്യുന്ന സൗദി യുവതികൾ.

മക്ക - വനിതാ തീർഥാടകരെ സഹായിക്കാൻ ഹറംകാര്യ വകുപ്പ് 50 സൗദി യുവതികളെ നിയോഗിച്ചു. 'മുതവ്വിഫ' എന്ന പേരിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. പ്രായംചെന്ന വനിതാ തീർഥാടകരെ അനുഗമിക്കൽ, വിശുദ്ധ ഹറമിനകത്തെ സ്ഥലങ്ങളിലേക്ക് അവരെ നയിക്കൽ, വീൽചെയറുകൾ ഓടിക്കൽ, മുൻകരുതൽ നടപടികൾ പാലിക്കുന്നതിനെ കുറിച്ച് മാർഗനിർദേശങ്ങൾ നൽകൽ എന്നീ ചുമതലകളാണ് ഇവർ വഹിക്കുന്നത്. വിശുദ്ധ ഹറമിൽ 600 ഇലക്ട്രിക് വീൽചെയറുകളും 5,000 സാദാ വീൽചെയറുകളുമുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിലെ 120 ജീവനക്കാർ ഇവക്ക് മേൽനോട്ടം വഹിക്കുന്നു. 


വനിതാ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മേഖലയിൽ താനടക്കം 50 പേർ അടങ്ങിയ വളണ്ടിയർമാർ ഏഴു വർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചതെന്ന് 'മുതവ്വിഫ' രിഹാബ് ആലുമുസാഅദ് അൽഹാരിസി പറഞ്ഞു. തുടക്കത്തിൽ തങ്ങൾ സന്നദ്ധ സേവനമാണ് നടത്തിയിരുന്നത്. പിന്നീട് ഹറംകാര്യ വകുപ്പ് തങ്ങളെ ഔദ്യോഗിക ജീവനക്കാരായി നിയമിക്കുകയായിരുന്നു. ഇപ്പോൾ തങ്ങൾക്ക് പ്രതിമാസ വേതനം ലഭിക്കുന്നുണ്ടെന്നും പരലോക പുണ്യം കൂടി ആഗ്രഹിച്ച് നിർവഹിക്കുന്ന ജോലിയിൽ ഏറെ സന്തോഷവതിയാണെന്നും രിഹാബ് ആലുമുസാഅദ് അൽഹാരിസി പറഞ്ഞു. 

Latest News