യു.പി താപനിലയത്തില്‍ സ്‌ഫോടനം; 16 മരണം

റായ്ബറേലി-  ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി) താപനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 100 പേര്‍ക്ക് പരിക്കുണ്ട്. 500 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പ്ലാന്റിലെ ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. 16 മരണമാണ് സ്ഥിരീകരിച്ചതെന്നും എന്നാല്‍ ഗുരുതര പരിക്കുകളോടെ 70 പേര്‍ വിവിധ ആശുപ്രതികളിലാണെന്നും എ.ഡി.ജി.പി അനന്ത് കുമാര്‍ പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 25000 രൂപ വീതവും നല്‍കാനും നിര്‍ദേശിച്ചു.
32 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി.
210 മെഗാവാട്ട് ശേഷിയുള്ള ആറ് പവര്‍ ജനറേറ്റിംഗ് യൂണിറ്റുകളാണ് എന്‍.ടി.പി.സിയിലുള്ളത്. പ്ലാന്റിലെ ആറാമത് യൂണിറ്റ് കഴിഞ്ഞ വര്‍ഷമാണ് കമ്മിഷന്‍ ചെയ്തത്. ഈ പ്ലാന്റിലാണു പൊട്ടിത്തെറിയുണ്ടായത്.
ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിച്ചതിനു പിന്നാലെ വന്‍ തീപിടിത്തവുമുണ്ടായി. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

 

Latest News