സൗദിയില്‍ വിദേശ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

മക്ക - വിദേശ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സൗദി പൗരനാണ് മൃതദേഹം കണ്ടെത്തി സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. മിനായിലൂടെ നടന്നുപോകുന്നതിനിടെ വലിയ പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സൗദി പൗരന്‍ സംശയം തോന്നി തുറന്നുനോക്കുകയായിരുന്നു.

ഫോറന്‍സിക് ഡോക്ടറും സുരക്ഷാ വകുപ്പുകളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അസീസിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

28 മുതല്‍ 30 വരെ വയസ് പ്രായം കണക്കാക്കുന്ന ഇന്തോനേഷ്യക്കാരിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 150 സെന്റീമീറ്റര്‍ നീളവും 80 സെന്റീമീറ്റര്‍ വീതിയുമുള്ള പെട്ടിയിലാണ് മൃതദേഹം അടക്കം ചെയ്തിരുന്നത്.

അല്‍ശറായിഅ് ദിശയില്‍ മിനായിലെ കിംഗ് ഫൈസല്‍ റോഡിനു സമീപമാണ് പെട്ടി ഉപേക്ഷിച്ച നിലയില്‍ സൗദി പൗരന്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെയോ പരിക്കേറ്റതിന്റെയോ പാടുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest News