Sorry, you need to enable JavaScript to visit this website.

പോലീസിന്റെ ജലപീരങ്കിയിലേക്ക് ചാടിക്കയറി ഓഫ് ചെയ്ത യുവ  കര്‍ഷകനെതിരെ വധശ്രമത്തിനു കേസെടുത്തു

ന്യൂദല്‍ഹി- ദല്‍ഹി ചലോ പ്രതിഷേധ സമരവുമായി തലസ്ഥാനത്തെത്തിയ കര്‍ഷകര്‍ക്കെതിരെ പോലീസ്് പ്രയോഗിച്ച ജലപീരങ്കി ഓഫ് ചെയ്ത ഹരിയാനയില്‍ നിന്നുള്ള യുവ കര്‍ഷകനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ജീവപര്യന്തം തടവു വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. സമരം തുടങ്ങിയ ബുധനാഴ്ച കര്‍ഷകര്‍ക്കു നേരെ പോലീസ് ശക്തമായി ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇതിനിടെയാണ് 26കാരനായ യുവ കര്‍ഷകന്‍ നവദീപ് സിങ് ജലപീരങ്കി വാഹനത്തിലേക്ക് ചാടിക്കയറി ശക്തിയോടെ വെള്ളം ചീറ്റുന്ന ടാപ് പൂട്ടിയത്. ശേഷം വാഹനത്തില്‍ നിന്നും താഴേക്ക് ചാടുന്ന ദൃശ്യം വൈറലായിരുന്നു. ഇതോടെ ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ ഹീറോയായി സമൂഹമാധ്യമങ്ങളില്‍ നവ്ദീപ് വാഴ്ത്തപ്പെട്ടു. ഇതിനു പിന്നാലെയാണ് വധശ്രമത്തിനു പോലീസ് കേസെടുത്തത്.

ഒരു കര്‍ഷക സംഘടനയുടെ നേതാവായ ജയ് സിങിന്റെ മകനാണ് നവ്ദീപ്. കോവിഡ് നിയന്ത്രണ ചട്ടങ്ങല്‍ ലംഘിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങളിലൊന്ന്. ജലപീരങ്കിയില്‍ നിന്ന് ചീറ്റിയടിക്കുന്ന വെള്ളം പ്രതിഷേധിക്കുന്ന കര്‍ഷകരെ വേദനിപ്പിക്കുന്നത് കണ്ടപ്പോഴാണ് ചാടിക്കയറി അത് ഓഫ് ചെയ്തത്. ഒരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങലിലും തനിക്കു പങ്കില്ലെന്നും നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പിതാവിനൊപ്പം കൃഷി നടത്തിവരികയാണ് അംബാല സ്വദേശിയായ ഈ യുവ കര്‍ഷകന്‍.
 

Latest News