ന്യൂദൽഹി- കോവിഡ് വാക്സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനത്തിന് തുടക്കമായി. മൂന്ന് നഗരങ്ങളിലാണ് മോഡി സന്ദർശനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാർക്കിൽ മോഡി സന്ദർശനം നടത്തി. പി.പി.ഇ കിറ്റും ധരിച്ച് എത്തിയ മോഡി അധികൃതരുമായി ചർച്ച നടത്തി. അഹമ്മദാബാദ് നഗരത്തിൽനിന്ന് ഇരുപത് കിലോമീറ്റർ അകലെയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് മോഡി ഹൈദരാബാദിലെ ഭാരത് ബയോടെക്കിലേക്ക് പോകും. തുടർന്ന് പുനെയിലെ സിറം ഇൻസ്റ്റിറ്റിയൂട്ടിലേക്കും മോഡി യാത്രയാകും.
തദ്ദേശീയമായി ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സൈഡസ് കാഡില്ലയുടെ കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റിലാണ് ആരംഭിച്ചത്. ഒക്സ്ഫഡ് ആസ്ട്രാസെനേക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളാണ് പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റിയൂട്ട്.






