Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഡ്രൈവിംഗ് ചരിത്രമെഴുതിയ ബിരിയകുട്ടി ഓർമ്മയായി

ബിരിയകുട്ടി

മക്കരപറമ്പ്- വാഹനമോടിച്ചും പരിശീലനം നൽകിയും മലപ്പുറത്തിന്റെ ചരിത്രമായി മാറിയ ബിരിയകുട്ടി ഓർമ്മയായി. മലപ്പുറം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ വനിതാ ഡ്രൈവിംഗ് ലൈസൻസ് ഉടമയും സ്വന്തമായി ഡ്രൈവിംഗ് സ്‌കൂൾ നടത്തി ഒട്ടേറെ സ്ത്രീകൾക്ക് ടീച്ചറുമായ മക്കരപറമ്പ് പുണർപ്പയിലെ പാറമ്മൽ ബിരിയകുട്ടി (63) ആണ് നിര്യാതയായത്. മലപ്പുറം മുണ്ടുപറമ്പിലെ പാലക്കൽ ഹുസൈൻ ഹാജിയുടെ ഭാര്യയായ ബിരിയകുട്ടിയുടെ ശിക്ഷണത്തിലാണ് മലപ്പുറത്തെ ആദ്യത്തെ വനിതാ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചത്. 
മലപ്പുറം ജില്ലയിലെ വനിതകളിൽ നിന്ന് ആദ്യമായി ഡ്രൈവിംഗ് പരിശീലനം നേടി ലൈസൻസ് കരസ്ഥമാക്കുകയും സ്വന്തമായി വനിത ഡ്രൈവിംഗ് സ്‌കൂൾ നടത്തിയുമാണ് ബിരിയകുട്ടി ചരിത്രമായത്. സ്ത്രീകൾ വാഹനമോടിക്കാൻ രംഗത്തുവരാതിരുന്ന കാലത്ത് അവരെ വളയം പിടിക്കാൻ പഠിപ്പിച്ചത് ഈ ടീച്ചറായിരുന്നു. ആദ്യഘട്ടത്തിൽ സമൂഹത്തിൽ നിന്ന് ഒട്ടേറെ എതിർപ്പുകളും നേരിടേണ്ടി വന്നിരുന്നു. മക്കരപറമ്പ് പുണർപ്പയിലെ പരേതരായ തുളുവൻ മുഹമ്മദിന്റെയും പാറമ്മൽ കുഞ്ഞി ഫാത്തിമയുടേയും മൂത്ത മകളാണ്. മലപ്പുറം കുന്നുമ്മലിലെ മദീന ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപകൻ മുണ്ടുപറമ്പ് പാലക്കൽ ഹുസൈൻ ഹാജിക്കൊപ്പമാണ് ബിരിയകുട്ടി വനിതകൾക്കുള്ള പരിശീലകയായത്. 


പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഉറുദു അധ്യാപികയാകാനുള്ള യോഗ്യത നേടിയിരിക്കെയാണ് വിവാഹിതയായത്.  ഭർത്താവ് ഹുസൈൻ ഹാജി തന്നെ താൽപര്യമെടുത്ത് കാറോടിക്കാൻ പഠിപ്പിച്ചു. 1980 ൽ ലൈസൻസ് എടുത്തു. നിരത്തിലൂടെ ഒരു സ്ത്രീ വാഹനമോടിച്ചു പോകുന്നത് അന്ന് മലപ്പുറത്തുകാർക്ക് അദ്ഭുതം നിറഞ്ഞ കാഴ്ചയായിരുന്നു. എതിർപ്പുകൾ ഏറെയുണ്ടായെങ്കിലും അതൊന്നും വകവെക്കാതെ കാറിന് പിന്നാലെ ജീപ്പും ഓട്ടോറിക്ഷയും ബസും ലോറിയുമൊക്കെ ഓടിക്കാൻ പഠിച്ച് ഹെവി ഡ്രൈവിംഗ് ലൈസൻസും കരസ്ഥമാക്കി. 1983 ൽ വനിതകൾക്ക് വേണ്ടി മലപ്പുറത്ത് ആദ്യമായി മദീന ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചു. ആദ്യത്തെ ഒരു വർഷം സ്ത്രീകളാരും പരിശീലനത്തിന് എത്തിയില്ല.

അക്കാലത്ത് മോങ്ങത്ത് ജോലി ചെയ്തിരുന്ന ഡോക്ടറായിരുന്ന ലിസി ആദ്യമായി പരിശിലനത്തിന് ചേർന്നു. പിന്നീട് മലപ്പുറത്തെ വനിതകൾ പലരും ബിരിയകുട്ടിയുടെ ശിഷ്യകളായി എത്തി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മദീനക്ക് ബ്രാഞ്ചുകളുമായി. വിവിധ തലമുറകളിൽപെട്ട വനിതകളെ ആത്മവിശ്വാസത്തോടെ വളയംപിടിക്കാൻ പഠിപ്പിച്ചാണ് ബിരിയകുട്ടി ഈ ലോകത്തോട് യാത്ര പറഞ്ഞത്.
മക്കൾ: സിദ്ദീഖ് അലി, (മദീന സ്‌കൂൾ, മുണ്ടുപറമ്പ്) ഫൗസിയ, ഫാരിസ് (സഫാരി സ്‌കൂൾ, ഒതുക്കുങ്ങൽ) ജസ്‌ന.മരുമക്കൾ: അബ്ദുൽ നാസർ (ജിദ്ദ) അബ്ദുൽ റഫീഖ്,റജ്‌ന(വലിയങ്ങാടി),സാജിത(കാരത്തോട്) സഹോദരങ്ങൾ: അബ്ദുൽ കരീം (ജിദ്ദ),അബ്ദുൽ സലിം (ജിദ്ദ),റസിയ (സി.എച്ച്, ഗേൾസ് ഹോം, കോഴിക്കോട്) ബഷീർ ബാബു, യൂനസ് ബാബു (ഇരുവരും മക്കരപ്പറമ്പ്)

Latest News